ഉമ്മന്‍ ചാണ്ടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഇറക്കി കളം പിടിക്കാനുള്ള രമേശ് ചെന്നിത്തലയുടെ നീക്കം പാളി

ഉമ്മന്‍ ചാണ്ടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഇറക്കി കളം പിടിക്കാനുള്ള രമേശ് ചെന്നിത്തലയുടെ നീക്കം പാളി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് സി.ആര്‍ മഹേഷാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പതിനാലാം തീയതി നടക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു മഹേഷിന്റെ തുറന്ന കത്തെഴുത്ത്. യോഗത്തില്‍ പങ്കെടുക്കാതിരിക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാകുമെന്ന ഉപദേശത്തോടെയാണ് മഹേഷിന്റെ കത്ത് ആരംഭിക്കുന്നത്.
എന്നാല്‍ പോസ്റ്റിന് താഴെ പൊങ്കാലയുമായി ഉമ്മന്‍ചാണ്ടി ഭക്തരായ സൈബര്‍ പോരാളികള്‍ നിരന്നതോടെ പോസ്റ്റ് പിന്‍വലിച്ച് മഹേഷ് തടിയൂരുകയായിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഏറ്റവും അടുത്ത അനുയായിയാണ് സി.ആര്‍ മഹേഷ്. ഈ സാഹചര്യത്തില്‍ ചെന്നിത്തല അറിയാതെ മഹേഷ് ഇത്തരത്തിലൊരു കത്തെഴുതില്ലെന്നാണ് എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. നോട്ട്‌നിരോധനത്തിന് പിന്നിലെ തട്ടിപ്പും അഴിമതിയും സംബന്ധിച്ച് മോഡിക്കെതിരെ ഉമ്മന്‍ ചാണ്ടി ഗുരുതര ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് മഹേഷ് തുറന്ന കത്തുമായി രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്.
ഐ ഗ്രൂപ്പിലെ പ്രമുഖ നേതാക്കള്‍ ഒന്നിന്ന് പിറകെ ഒന്നായി ഉമ്മന്‍ ചാണ്ടിയോടടുക്കുന്നതില്‍ ചെന്നിത്തല പരിഭ്രാന്തനാണ്. ഇതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് മഹേഷിനെ രംഗത്തിറക്കിയതെന്നും എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു. യുവജനക്ഷേമ ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാനും ഉമ്മന്‍ചാണ്ടി പക്ഷത്തെ പ്രമുഖനുമായ പി.എസ് പ്രശാന്താണ് മഹേഷിന്റെ തുറന്ന കത്തിന് അതേനാണയത്തില്‍ മറുപടി നല്‍കിയത്. അതേസമയം മഹേഷിന് പിന്നാലെ പി.എസ് പ്രശാന്തും ഫേസ്ബുക്കില്‍നിന്ന് പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ മഹേഷിന്റെ നീക്കത്തിനെതിരെ എ ഗ്രൂപ്പ് നേതാക്കള്‍ക്കിടയിലുണ്ടായ അമര്‍ഷം കെട്ടടങ്ങിയിട്ടില്ല.
https://www.facebook.com/Malayalivartha