ലോ അക്കാദമി: പിണറായിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ഇ.പി ജയരാജന്‍; 'വകുപ്പുകളുടെ കൂട്ടായ നിലപാട് മുഖ്യമന്ത്രിയിലൂടെ പുറത്ത് വരണം'

തിരുവനന്തപുരം ലോ അക്കാദമിയില്‍ നടക്കുന്ന വിദ്യാര്‍ഥി സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഐഎം നേതാവ് ഇ.പി ജയരാജന്‍. വ്യത്യസ്ത വകുപ്പുകളും വിഷയങ്ങളും ഉള്‍പ്പെട്ട പ്രശ്‌നങ്ങളിലെ കൂട്ടായ നിലപാട് മുഖ്യമന്ത്രിയിലൂടെയാണ് പുറത്ത് വരേണ്ടതെന്നും ജയരാജന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. ലോ അക്കാദമി ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രിയും അന്വേഷണം തുടരുമെന്ന് റവന്യൂ വകുപ്പും വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇ.പി ജയരാജന്റെ സ്റ്റാറ്റസ് എന്നതും ശ്രദ്ധേയമാണ്. മുന്നണി ഭരണം എന്ന നിലയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. എന്നാല്‍ പൊതുവിഷയങ്ങളില്‍ മുഖ്യമന്ത്രിയാണ് നിലപാടെടുക്കുന്നത്. അതു കൊണ്ട് തന്നെ റവന്യൂ വകുപ്പിന് മാത്രമായി ലോ അക്കാദമി വിഷയം എങ്ങിനെ പരിഹരിക്കാനാവും എന്നും ജയരാജന്‍ ചോദിക്കുന്നു.
ഫെയ്‌സ്ബുക്ക് സ്റ്റാറ്റസിന്റെ പൂര്‍ണരൂപം
കേരള ലോ അക്കാദമി വിഷയത്തില്‍ പക്വതയോടെയും യാഥാര്‍ത്ഥ്യബോധത്തോടെയുമുള്ള സമീപനം എല്ലാവരില്‍ നിന്നും ഉണ്ടാവണം. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്റെയും മുന്നണിയുടെയും നിലപാട് ഓരോ ഘടകകക്ഷിയും ഓരോ മന്ത്രിയും നിശ്ചയിക്കുന്ന നില വരരുത്. കിട്ടുന്ന പരാതികളും ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങളും സ്വന്തം നിലയില്‍ മുന്നോട്ട് കൊണ്ടു പോകുന്നതും ഓരോരുത്തരും അവരവരുടെ ഇഷ്ടപ്രകാരം അന്വേഷണ ഉത്തരവിടുന്നതും ഉചിതമാകില്ല. വിദ്യാഭ്യാസം, റവന്യൂ, നിയമം, പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമം, കായികം, ഐടി എന്നിങ്ങനെ ഒട്ടനവധി വകുപ്പുകളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു വിഷയത്തില്‍ ഓരോ വകുപ്പ് മന്ത്രിയും പ്രത്യേകം പ്രത്യേകം അന്വേഷണ ഉത്തരവിട്ടാല്‍ സ്ഥിതിയെന്താകും.
മുന്നണി ഭരണം എന്ന നിലയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. എന്നാല്‍ പൊതുവിഷയങ്ങളില്‍ മുഖ്യമന്ത്രിയാണ് നിലപാടെടുക്കുന്നത്. അതു കൊണ്ട് തന്നെ റവന്യൂ വകുപ്പിന് മാത്രമായി ലോ അക്കാദമി വിഷയം എങ്ങിനെ പരിഹരിക്കാനാവും എന്ന ചോദ്യമുയരുന്നു. വ്യത്യസ്ത വകുപ്പുകളും വിഷയങ്ങളും ഉള്‍പ്പെട്ട പ്രശ്‌നങ്ങളിലെ കൂട്ടായ നിലപാട് മുഖ്യമന്ത്രിയിലൂടെയാണ് പുറത്ത് വരേണ്ടത്. രാഷ്ട്രീയവും കക്ഷ്യധിഷ്ഠിത വുമായ പരിഗണനകള്‍ സര്‍ക്കാറിന്റെ പൊതുനിലപാടിനെയും മുന്നണിയുടെ ഐക്യത്തെയും ബാധിക്കാതിരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്.
മുന്നണിയില്‍ ചര്‍ച്ച ചെയ്ത് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പകരം വിദ്യാര്‍ത്ഥി സമരം പരിഹരിക്കുന്നതിന് തടസ്സം സൃഷ്ടിച്ച് മുന്നോട്ട് പോകുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഗുണകരമാകില്ല. പക്വതയോടെയും പാകതയോടെയും മുന്നണി മര്യാദ അനുസരിച്ചും പ്രവര്‍ത്തിക്കുവാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. ബാഹ്യശക്തികളുടെ പ്രേരണയ്ക്ക് വിധേയമായി കാര്യങ്ങള്‍ നിശ്ചയിക്കുന്നത് ഭാവിയെ സാരമായി ബാധിക്കും. എല്‍ഡിഎഫില്‍ ജനങ്ങളുടെ വിശ്വാസ്യത വര്‍ധിച്ചു വരുന്ന ഘട്ടത്തില്‍ അതിനെ ദുര്‍ബലപ്പെടുത്തുന്ന സമീപനങ്ങള്‍ ഏത് ഭാഗത്ത് നിന്നുണ്ടായാലും ജനങ്ങള്‍ ക്ഷമിക്കില്ല
https://www.facebook.com/Malayalivartha

























