കണ്ണീർക്കാഴ്ചയായി... മയിലാട്ടുംപാറയിൽ ആടിനെ തീറ്റാൻ കാട്ടിലേക്ക് പോയ യുവാവിനെ കാട്ടാന ചവിട്ടിക്കൊലപ്പെടുത്തി...

മയിലാട്ടുംപാറയിൽ ആടിനെ തീറ്റാനായി കാട്ടിലേക്ക് പോയ യുവാവിനെ കാട്ടാന ചവിട്ടിക്കൊലപ്പെടുത്തി. തോട്ടുങ്കര പുത്തൻപുരയിൽ ഷാജിയുടെയും സാലിയുടെയും മകൻ ഷിജോ (36) ആണ് കൊല്ലപ്പെട്ടത്. പീച്ചി വാട്ടർ അതോറിറ്റിയിലെ താൽക്കാലിക ജീവനക്കാരനാണ്.
ഇന്നലെ വൈകുന്നേരം 5.30-ന് ആടുകളെ മേയ്ക്കാനായി മയിലാട്ടുംപാറ കാട്ടിലെ ആനക്കുഴി മേഖലയിലേക്ക് പോയതാണ് ഷിജോ. സന്ധ്യ കഴിഞ്ഞിട്ടും കാണാതായതോടെ നാട്ടുകാർ അന്വേഷിച്ച് കാടിനുള്ളിലേക്ക് പോയപ്പോഴാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ കിടക്കുന്നത് കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കാട്ടിൽ നിന്ന് മൃതദേഹം പുറത്തേക്ക് കൊണ്ടുവന്നു. ഷിജോയുടെ തലയ്ക്കാണ് ഗുരുതരമായ പരിക്കേറ്റിട്ടുള്ളത്.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നതിനിടെ രോഷാകുലരായ ആളുകൾ വനംവകുപ്പിന്റെ വാഹനം തടയാൻ ശ്രമിച്ചത് ചെറിയ രീതിയിൽ സംഘർഷത്തിനിടയാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha



























