ബാങ്കുകാരുടെ ക്രൂരതയ്ക്ക് കണ്ണില്ല ആളുമാറി ജപ്തി, കുടുംബത്തോട് ചെയ്തത്

ബാങ്കുകാരുടെ ക്രൂരതയ്ക്ക് ഇരയായി ഒരു കുടുംബത്തിന് വീടിനു പുറത്തു കഴിയേണ്ടിവന്നത് മൂന്നു നാള്‍. കുഞ്ഞുങ്ങളുള്‍പ്പെടുന്ന കുടുംബത്തെ ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടില്‍ നിന്ന് പിടിച്ച് പുറത്തിറക്കുകയായിരുന്നു. ആളു മാറിയാണ് ബാങ്കുകാര്‍ ഇതു ചെയ്തത്. കൊച്ചി ചിലവന്നൂരിലാണ് സംഭവം. ചിലവന്നൂര്‍ തിരുനെലത്ത് റോബിയുടെ വീടാണ് സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തത്. തങ്ങള്‍ വായ്പയെടുത്തിട്ടില്ലെന്ന് കുടുംബാംഗങ്ങള്‍ കരഞ്ഞുപറഞ്ഞിട്ടും ബാങ്ക് അധികൃതര്‍ കൂട്ടാക്കിയില്ല. പ്രതിഷേധവുമായെത്തിയ നാട്ടുകാരെയും ബാങ്ക് ഉദ്യോഗസ്ഥര്‍ അസഭ്യം പറഞ്ഞു. ഫെബ്രുവരി ഒന്നിനായിരുന്നു സംഭവം. ബാങ്ക് അധികൃതരുടെ മനസാക്ഷിയില്ലാത്ത പെരുമാറ്റത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തായി.
ചിലവന്നൂര്‍ തിരുനെലത്ത് റോബിയും ഭാര്യ ജെന്‍സിയും നാലു വയസ്സ് പ്രായമുള്ള മൂന്നു കുട്ടികളുമാണ് ബാങ്കുകാരുടെ ക്രൂരതയ്ക്ക് ഇരയായത്. വര്‍ഷങ്ങളായി താമസിക്കുന്ന വീട്ടില്‍നിന്നാണ് ഇവരെ ഇറക്കിവിട്ടിരിക്കുന്നത്. റോബിയുടെ മൂത്ത സഹോദരന്‍ റോയി ബാങ്കില്‍ നിന്നും ഏതാനും ലക്ഷം രൂപ വായ്പയെടുത്തിരുന്നു. മരട് വില്ലേജിലെ സര്‍വ്വേ നമ്പര്‍ 1082 ബാര്‍ 3ല്‍ പെട്ട മൂന്ന് സെന്റ് സ്ഥലവും കെട്ടിടവുമാണ് വായ്പയ്ക്ക് ഈടായി നല്‍കിയിരുന്നത്. എന്നാല്‍ തിരിച്ചടവ് മുടങ്ങിയപ്പോള്‍ വായ്പയ്ക്ക് ഈട് നല്‍കിയിരുന്ന ഈ വസ്തു ജപ്തി ചെയ്യേണ്ടതിനു പകരം കടവന്ത്ര വില്ലേജിലുള്ള റോബിയുടെ വീടു തേടിയാണ് ബാങ്കധികൃതര്‍ എത്തിയത്.
തങ്ങള്‍ വായ്പയെടുത്തിട്ടില്ലെന്ന് റോബിയും ഭാര്യയും കരഞ്ഞ് പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ കൂട്ടാക്കിയില്ല. കുടുംബാഗങ്ങളും നാട്ടുകാരും പറയുന്നത് ശ്രദ്ധിക്കാന്‍ പോലും തയ്യാറാകാതെ ഉദ്യോഗസ്ഥന്‍ ആക്രോശിക്കുന്നത് വീഡിയോയില്‍ കാണാം. വീട് പൂട്ടി സീല്‍ ചെയ്തതോടെ മൂന്നു ദിവസം കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബം വഴിയാധാരമായി. വീടിനു പുറത്തു പായ വിരിച്ച് റോബിയും കുടുംബവും കഴിയുന്നതു കണ്ടതോടെയാണ് പൊതുപ്രവര്‍ത്തകര്‍ ഇടപെട്ടത്. കൗണ്‍സിലര്‍ ഉള്‍പ്പെടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ ബാങ്ക് അധികൃതര്‍ക്കു തെറ്റ് പറ്റിയതായി വ്യക്തമായത്. ഇതോടെ അവര്‍ പൂട്ടി മുദ്ര വച്ച് വീട് റോബിക്കും കുടുംബത്തിനും തിരിച്ചു നല്‍കാനായി ഇവിടെയെത്തി.
നിങ്ങള്‍ക്കു തെറ്റു പറ്റിയെന്ന് ചൂണ്ടിക്കാട്ടിയ നാട്ടുകാരോട് വളരെ മോശമായ രീതിയിലാണ് ബാങ്ക് ഉദ്യോഗസ്ഥരില്‍ ഒരാള്‍ സംസാരിച്ചത്. നാട്ടുകാരില്‍ ഒരാളെ ജയിലില്‍ കയറ്റുമെന്ന് വരെ ഈ ഉദ്യോഗസ്ഥന്‍ ഭീഷണി മുഴക്കി. കൂടാതെ ഇവിടെയെത്തിയ പ്രായം കൂടിയ മറ്റൊരാളും ഈ ഉദ്യോഗസ്ഥന്‍ കയര്‍ത്തു സംസാരിച്ചു. ഒരു തെറ്റും ചെയ്യാതിരുന്നിട്ടും തങ്ങളെ മൂന്നു ദിവസം വീട്ടിനു പുറത്താക്കിയ ബാങ്ക് അധികൃതര്‍ക്കെതിരേ നിയമ നടപടിക്കൊരുങ്ങുകയാണ് റോബിയും കുടുംബവും.
https://www.facebook.com/Malayalivartha