കേരള ബജറ്റ്; ധനമന്ത്രി ഐസക്കിന്റെ മനസില്‍ കിഫ്ബിയോ സാമൂഹിക സുരക്ഷയോ?

സാമൂഹിക സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കിയുള്ള ബജറ്റായിരിക്കും ഇത്തവണ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുക. സാമൂഹിക സുരക്ഷാ മിഷനുകള്‍ക്കും,ഹരിത, ശുചിത്വ മിഷനുകള്‍ക്കും കൂടുതല്‍ പരിഗണന ബജറ്റിലുണ്ടായേക്കും. ബജറ്റിനൊപ്പം ആദ്യമായി ജന്റര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് കൂടി സമര്‍പ്പിക്കുന്നതിനാല്‍ സ്ത്രീ സുരക്ഷയ്ക്ക് കൂടുതല്‍ പരിണന ലഭിക്കാനാണ് സാധ്യത. ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിക്കാനിടയുണ്ട്. കഴിഞ്ഞ ബജറ്റില്‍ എല്ലാ സാമൂഹികക്ഷേമ പെന്‍ഷനുകളും 1,000 രൂപയാക്കി ഉയര്‍ത്തി, ആയിരം കോടി ഇതിനായി വകയിരുത്തിയിരുന്നു.
കഴിഞ്ഞ ബജറ്റ് അവതരണ വേളയിലാണ് ബജറ്റ് രേഖകള്‍ക്കൊപ്പം ജന്‍ഡര്‍ ഓഡിറ്റ് റിപ്പോര്‍ട്ടു കൂടി നിയമസഭാംഗങ്ങള്‍ക്ക് നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്. എല്ലാ പദ്ധതികളിലും സ്ത്രീപരിഗണന ഉറപ്പാക്കുമെന്നും 10 ശതമാനം അടങ്കല്‍ സ്ത്രീകള്‍ക്കു മാത്രമായുള്ള പദ്ധതികള്‍ക്ക് മാറ്റിവയ്ക്കുമെന്നും ധനമന്ത്രി പറഞ്ഞിരുന്നു. സ്ത്രീകളുടെ ക്ഷേമത്തിനും വികസനത്തിനുമുള്ള പദ്ധതികള്‍ക്ക് 91 കോടിരൂപയാണ് കഴിഞ്ഞതവണ മാറ്റിവച്ചത്. ഇതില്‍ 45 കോടി അംഗന്‍വാടികളുമായി ബന്ധപ്പെട്ട കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ സംസ്ഥാന വിഹിതമായിരുന്നു. സ്ത്രീകള്‍ക്കായുള്ള പദ്ധതികളിലെ തുകയില്‍ വര്‍ധവുണ്ടാകും. സ്ത്രീകളുടെ പ്രത്യേക വകുപ്പ് രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ തുക നീക്കിവച്ചേക്കും.
പൊതുവിദ്യാഭ്യാസം ആരോഗ്യ മേഖലകള്‍ക്ക് കൂടുതല്‍ തുക നീക്കിവയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ കൂടുതല്‍ ശ്രദ്ധചെലുത്തും. ഒഴിവുകള്‍ നികത്താന്‍ നടപടികളുണ്ടാകും. സര്‍ക്കാര്‍ ഡോക്ടര്‍മാരുടേയും അധ്യാപകരുടേയും എണ്ണം വര്‍ധിപ്പിക്കുന്ന പ്രഖ്യാപനവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ആവശ്യത്തിന് അധ്യാപകരില്ല. കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച ബാച്ചുകളില്‍ അധ്യാപകരെ നിയമിക്കേണ്ടതുണ്ട്. ഇതെല്ലാം കണക്കിലെടുത്തുള്ള നടപടിയുണ്ടാകും.
അടിസ്ഥാന സൗകര്യ മേഖലയിലെ വികസന പദ്ധതികള്‍ ഇത്തവണയും കിഫ്ബി(കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) വഴിയാകും. അടിസ്ഥാന സൗകര്യമേഖയില്‍ 15,000 കോടിയോളം രൂപയുടെ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാനാണ് സാധ്യത.
https://www.facebook.com/Malayalivartha























