വൈക്കം വിജയലക്ഷ്മിക്കു വെളിച്ചം പകർന്ന ഡോക്ടർ ശ്രീകുമാർ നാല്പത്തിരണ്ടാം വയസ്സിൽ രോഗികളെ ചികിത്സിക്കുന്നതിനിടയിൽ കുഴഞ്ഞു വീണു മരിച്ചു.

നിരന്തരമായി ചികിത്സ നേടിയ ഏകദേശം 325 രോഗികളിൽ 320 പേരിൽ പുരോഗതി കണ്ടെത്തിയിരുന്നു. വൈക്കം വിജയലക്ഷ്മി ഉൾപ്പെടെയുള്ളവർ ഇതിന് ഉദാഹരണം മാത്രം. ഏകദേശം പത്തുമാസം നീണ്ടു നിന്ന ചികിത്സയ്‌ക്കൊടുവിലായിരുന്നു വിജയലക്ഷ്മി പ്രകാശത്തെ തിരിച്ചറിഞ്ഞു തുടങ്ങിയത്. ഇത്തരത്തിൽ അദ്ദേഹത്തിലൂടെ വൈകല്യങ്ങളിൽനിന്ന് മുക്തി നേടിയവർ ഇന്ന് ദുഃഖത്തിലാണ്.
വൈകല്യമില്ലാത്ത ഒരു ലോകം സ്വപ്നം കണ്ട ഡോക്ടർ ദമ്പതികളുടെ വലിയ ആഗ്രഹമായിരുന്നു ജനിതക വൈകല്യമുൾപ്പെടെയുള്ള രോഗികൾക്കായി ഒരു ആശുപത്രി. ഇതിനായി ഹോമിയോ മേഖലയിൽ ആശുപത്രി ആരംഭിക്കാൻ സർക്കാർ ഫണ്ട് അനുവദിച്ചെങ്കിലും സ്ഥലം ലഭ്യമാകാത്തിനാൽ ഇന്നും ആ പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇത്തരത്തിൽ അനേകം സ്വപ്നങ്ങൾ ബാക്കിയാക്കിയാണ് ഡോക്ടർ ശ്രീകുമാർ വിടപറഞ്ഞത്.
അന്ധരായ നാലുപേർക്ക് കാഴ്‌ച്ച തിരികെ നൽകാൻ അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് കഴിഞ്ഞെങ്കിലും ഡോ.ശ്രീകുമാറിനെ പ്രശസ്തനാക്കിയത് വൈക്കം വിജയലക്ഷ്മിക്ക് നേരിയ തോതിൽ കാഴ്‌ച്ച തിരികെ ലഭിച്ചുതുടങ്ങിയതോടെയായിരുന്നു. ഡോക്ടറെ കുറിച്ച് ചോദിച്ചാൽ വിജയലക്ഷ്മിക്കും ആയിരം നാവാണ്. ചെറിയ തോതിലെങ്കിലും പ്രകാശത്തെ തിരിച്ചറിയാൻ എനിക്ക് സാധിച്ചത് ഡോക്ടർ ദമ്പതികളിലൂടെയാണെന്ന് പറയുന്ന വിജയ ലക്ഷ്മിക്കും ഡോക്ടറുടെ വിയോഗം താങ്ങാനാവുന്നതിലും അപ്പുറമാണ്.
മക്കൾ: അഭിരൂപ്, ധൻവിൻ. സംസ്‌ക്കാരം ശനിയാഴ്ച രണ്ടിനു വീട്ടുവളപ്പിൽ നടക്കും.
https://www.facebook.com/Malayalivartha



























