പ്ലസ്ടു വിദ്യാര്‍ഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ശാരീരിക് പ്രമുഖ് അടക്കം 16 ആര്‍.എസ്.എസുകാര്‍ അറസ്റ്റില്‍

പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന പട്ടണക്കാട്, കളപ്പുരക്കല്‍ നികര്‍ത്ത് അനന്തു അശോകനെ (17) മര്‍ദിച്ചുകൊന്ന കേസില്‍ ശാരീരിക് പ്രമുഖ് അടക്കം 16 ആര്‍.എസ്.എസുകാര്‍ അറസ്റ്റില്‍. പ്രതികളില്‍ ഏഴുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. മൂന്നുപേര്‍ സഹോദരങ്ങളും മറ്റൊരാള്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ സഹപാഠിയുമാണ്. പ്രതികള്‍ക്ക് ലഹരിമരുന്ന് സംഘങ്ങളുമായും ബന്ധമുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. അറസ്റ്റിലായ ഒന്നാം പ്രതി വയലാര്‍ തൈവീട്ടില്‍ ആര്‍. ശ്രീകുട്ടന്‍ (23) ആര്‍.എസ്.എസ് വയലാര്‍ മണ്ഡലം ശാരീരിക് പ്രമുഖാണ്. രണ്ടാം പ്രതി ബാലമുരളി ഒളിവിലാണ്.
വയലാര്‍ പഞ്ചായത്ത് നിവാസികളായ വിഷ്ണുനിവാസില്‍ എം. ഹരികൃഷ്ണന്‍ (23), ചക്കുവെളി വീട്ടില്‍ യു. സംഗീത് (കണ്ണന്‍ 19), വേന്തമ്പില്‍ വീട്ടില്‍ എം. മിഥുന്‍ (19), കുറുപ്പന്തോടത്ത് എസ്. അനന്തു (20), ഐകരവെളി ഡി. ദീപക് (23), പുതിയേക്കല്‍ വീട്ടില്‍ ആര്‍. രാഹുല്‍ (മനു 20), ചക്കുവെളി യു. ഉണ്ണികൃഷ്ണന്‍ (22), പാറേഴത്ത് നികര്‍ത്തില്‍ അതുല്‍ സുഖാര്‍നോ (19) എന്നിവരാണ് പിടിയിലായ മറ്റ് പ്രതികള്‍. പത്ത് പ്രതികളെ സംഭവം നടന്ന ദിവസംതന്നെ പിടികൂടിയിരുന്നു. മറ്റ് പ്രതികള്‍ വെള്ളിയാഴ്ച കീഴടങ്ങുകയായിരുന്നു.
കുട്ടിക്കുറ്റവാളികളായ ഏഴുപേരെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. എന്നാല്‍, കുറ്റകൃത്യത്തിെന്റ സ്വഭാവം അനുസരിച്ച് ഇവരെയും മുതിര്‍ന്ന പ്രതികളോടൊപ്പം പരിഗണിക്കണമെന്നും കുട്ടികളെന്ന പരിഗണന കൊടുക്കരുതെന്നും കോടതിക്ക് െപാലീസ് റിപ്പോര്‍ട്ട് നല്‍കും. ആദ്യം പിടികൂടിയ പത്ത് പ്രതികളെ ചേര്‍ത്തല കോടതിയിലും പ്രായപൂര്‍ത്തിയാകാത്ത ഏഴ് പ്രതികളെ ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് കോടതിയിലും ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
സഹപാഠിയായ വിദ്യാര്‍ഥിനിയെ ശല്യംചെയ്യുന്നത് എതിര്‍ത്തതിന്റെ പേരിലെ തര്‍ക്കമാണ് ചേര്‍ത്തലയില്‍ പ്ലസ് ടു വിദ്യാര്‍ഥിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ്. അനന്തുവും സുഹൃത്തുക്കളായ സുജിത്, രാഹുല്‍ പ്രസാദ് എന്നിവരുമാണ് വിദ്യാര്‍ഥിനിയെ ശല്യംചെയ്യുന്നത് എതിര്‍ത്തത്. ഇതേച്ചൊല്ലി പിന്നീട് വാക്കേറ്റവും ചെറിയ രീതിയില്‍ സംഘര്‍ഷവും ഉണ്ടായിരുന്നു. കൊല്ലപ്പള്ളി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ഇരുസംഘങ്ങളും കണ്ടുമുട്ടി തര്‍ക്കവും വാക്കേറ്റവും ഉണ്ടായി. തുടര്‍ന്നാണ് അനന്തുവിനെയും സുഹൃത്തുക്കളെയും ആക്രമിക്കാന്‍ പ്രതികള്‍ തീരുമാനിച്ചത്.
കൊലനടന്ന ബുധനാഴ്ച രാവിലെ മൂന്ന് ബൈക്കുകളിലായി ആക്രമിസംഘം അനന്തുവിെന്റയും സുഹൃത്ത് രാഹുലിെന്റയും വീടിന് സമീപം നിരീക്ഷണത്തിനായി എത്തിയത് നാട്ടുകാര്‍ കണ്ടിരുന്നു. അന്ന് രാത്രി നീലിമംഗലം ക്ഷേത്രത്തിന് സമീപം എത്തിയ ആക്രമിസംഘം സുഹൃത്തിന്റെ വീട്ടില്‍ മറ്റ് രണ്ട് കൂട്ടുകാര്‍ക്കൊപ്പംനിന്ന അനന്തുവിനോട് മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ നടക്കുന്ന പാര്‍ട്ടിക്ക് വരാന്‍ ആവശ്യപ്പെട്ടു. രണ്ടാം പ്രതിയുടെ സുഹൃത്തിനെ ഉപയോഗിച്ചാണ് വിളിച്ചത്. എന്നാല്‍, ഇതേ സുഹൃത്തുതന്നെ കെണിയുള്ളതായി സൂചന നല്‍കിയതിനാല്‍ അനന്തു പോയില്ല. ഏറെ നേരമായിട്ടും വരാതിരുന്നപ്പോള്‍ ആക്രമിസംഘം അവിടേക്ക് ചെല്ലുകയായിരുന്നു.
ആക്രമികളെ കണ്ട് അനന്തുവിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ രാഹുലും അരുണും ഓടിരക്ഷപ്പെട്ടു. അനന്തുവിനെ ആക്രമികളിലൊരാള്‍ പിടിച്ചുവെക്കുകയും മറ്റ് ചിലര്‍ ചേര്‍ന്ന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. പ്രതികള്‍ ഇവിടെവെച്ച് അനന്തുവിനെ വളഞ്ഞിട്ട് മരക്കമ്പും മറ്റും കൊണ്ട് മൃഗീയമായി മര്‍ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി ഡിവൈ.എസ്.പി വൈ.ആര്‍. റസ്റ്റം പറഞ്ഞു. ബഹളം കേട്ടെത്തിയ നാട്ടുകാരെ പ്രതികള്‍ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു. അഞ്ച് ബൈക്കുകളിലായാണ് 17 പ്രതികള്‍ എത്തിയത്. ഇവരെ നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നതാണ് തിരിച്ചറിയാന്‍ ഇടയാക്കിയതെന്ന് സി.ഐ വി.പി. മോഹന്‍ലാലും എസ്.ഐ സി.സി. പ്രതാപചന്ദ്രനും പറഞ്ഞു.
https://www.facebook.com/Malayalivartha


























