അമ്മയെ കൊലപ്പെടുത്തിയ ശേഷം അച്ഛനും സഹോദരിക്കുമൊപ്പം കേഡല്‍ ചോറുണ്ടു!!

അമ്മയെ കൊലപ്പെടുത്തിയ ശേഷം അച്ഛനും സഹോദരിക്കുമൊപ്പം ഉച്ചഭക്ഷണവും കഴിച്ചിട്ടാണ് കേഡല്‍ കൂട്ടക്കുരുതി നടത്തിയതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. തന്നെ അവഗണിച്ച കുടുംബാംഗങ്ങളെ ആകര്‍ഷിക്കാന്‍ കമ്പ്യൂട്ടര്‍ ഗെയിമുകള്‍ വികസിപ്പിച്ചെടുത്ത് കാട്ടുകയും സ്‌നേഹം നടിക്കുകയും ചെയ്തു. ഇതിനായി ഏപ്രില്‍ മൂന്നുമുതല്‍ കുടുംബാംഗങ്ങളെയെല്ലാം മുറിയിലേക്ക് വിളിച്ചുവരുത്തി തക്കം പാര്‍ത്തിരിക്കുകയായിരുന്നു. പുതുതായുണ്ടാക്കിയ കമ്പ്യൂട്ടര്‍ ഗെയിം കാണിക്കാനെന്ന വ്യാജേന 5ന് രാവിലെ 11ന് മാതാവ് ഡോ.ജീന്‍പത്മയെ കേഡല്‍ തന്റെ കിടപ്പുമുറിയിലേക്ക് വിളിച്ചുവരുത്തി.
കമ്പ്യൂട്ടറിന് മുന്നിലിരുത്തി പിന്നിലൂടെ കഴുത്തിന് മഴുകൊണ്ട് വെട്ടി. തറയില്‍വീണ അമ്മയെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. മൃതദേഹം വലിച്ചിഴച്ച് കിടപ്പുമുറിയിലെ ബാത്ത്‌റൂമിലിട്ട് പൂട്ടി. ഫ്‌ലോര്‍ക്ലീനര്‍ ഉപയോഗിച്ച് തറതുടച്ച് വൃത്തിയാക്കി. ഉച്ചയ്ക്ക് വീട്ടിലെത്തിയ പിതാവ് പ്രൊഫ. രാജ്തങ്കം മദ്യപിക്കാന്‍ തുടങ്ങിയപ്പോള്‍ കേഡല്‍ അടുത്തുകൂടി കൂടുതല്‍ മദ്യപിക്കാന്‍ പ്രേരിപ്പിച്ചു. പിന്നീട് പിതാവിനും സഹോദരി കരോളിനുമൊപ്പം ഉച്ചഭക്ഷണം കഴിച്ചു.
ഊണിനുശേഷവും പിതാവ് മദ്യപിക്കുന്നത് മുകള്‍നിലയില്‍ കയറി നിരീക്ഷിച്ചു. സഹോദരി അവരുടെ മുറിയിലാണെന്ന് ഉറപ്പാക്കി. മുകള്‍ നിലയിലേക്കെത്തിയ പിതാവിനെ ഗെയിം കാണിക്കാനായി കമ്പ്യൂട്ടറിന് മുന്നിലിരുത്തി. തലയ്ക്ക് മഴുകൊണ്ട് വെട്ടുന്നത് രാജ്തങ്കം തടഞ്ഞെങ്കിലും പിന്നീട് പലവട്ടം വെട്ടി മരണം ഉറപ്പാക്കി. അമ്മയുടെ മൃതദേഹത്തിനൊപ്പം ബാത്ത്‌റൂമിലിട്ട് അടച്ചു. കിടപ്പുമുറിയുടെ തറയും ചുവരും കഴുകിത്തുടച്ച് വൃത്തിയാക്കി.
കരോളിനോട് സംസാരിക്കണമെന്ന് ആസ്‌ട്രേലിയയിലുള്ള സുഹൃത്ത് ജോണ്‍ ഇ - മെയില്‍ അയച്ചിട്ടുണ്ടെന്ന് പറഞ്ഞ് സഹോദരിയെയും കേഡല്‍ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. കമ്പ്യൂട്ടര്‍ ടേബിളിനു മുന്നിലിരുത്തി തലയ്ക്ക് മഴുകൊണ്ട് വെട്ടിക്കൊന്ന ശേഷം മൃതദേഹം ബാത്ത്‌റൂമിലേക്ക് മാറ്റി. അവിടെവച്ച് കത്തികൊണ്ട് കഴുത്തറുത്തു. മുറിയും ചുവരും വീണ്ടും വൃത്തിയാക്കി. വീട്ടിലുണ്ടായിരുന്ന ബന്ധു ലളിതയോടും വേലക്കാരിയോടും കുടുംബാംഗങ്ങള്‍ കന്യാകുമാരിയില്‍ പോയെന്ന് വിശ്വസിപ്പിച്ചു.
ആറിന് വൈകിട്ട് ഓട്ടോറിക്ഷയില്‍ കവടിയാറിലെ പെട്രോള്‍ പമ്പിലെത്തി രണ്ട് കന്നാസുകളില്‍ പെട്രോള്‍ വാങ്ങി. വീട്ടിലെത്തി മൃതദേഹങ്ങള്‍ കുറേശെയായി കത്തിച്ചു. കേഡലിന്റെ വലിയമ്മയായ ലളിതയെ 7ന് രാത്രിയിലാണ് കൊലപ്പെടുത്തിയത്. വിനോദയാത്രയ്ക്ക് പോയ അമ്മ, മുകള്‍ നിലയിലെ ലാന്‍ഡ്‌ഫോണില്‍ വിളിച്ചെന്ന് വിശ്വസിപ്പിച്ച് അവരെ മാതാപിതാക്കളുടെ ബെഡ്‌റൂമിലെത്തിച്ചു. മഴുകൊണ്ട് കഴുത്തിന് വെട്ടിക്കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ് അതേമുറിയിലെ ബാത്ത്‌റൂമില്‍ ഒളിപ്പിച്ചു. പിറ്റേന്ന് വേലക്കാരി ലളിതയെ അന്വേഷിച്ചപ്പോള്‍ കന്യാകുമാരിയിലായിരുന്ന മാതാപിതാക്കളും സഹോദരിയും മടങ്ങിയെത്തി ലളിതയെയും കൂട്ടി ഊട്ടിയിലേക്ക് പോയെന്ന് പറഞ്ഞു. അന്നുരാത്രിയാണ് മൃതദേഹങ്ങള്‍ കത്തിച്ചത്.
ബെഡ്‌റൂമിന്റെ ജനല്‍ചില്ലുകള്‍ പൊട്ടുന്ന ശബ്ദംകേട്ട് അയല്‍വാസികള്‍ പുറത്തിറങ്ങി സംസാരിക്കുന്നത് കണ്ട് അടുക്കള വഴി വീടിനു പിറകിലെത്തിയ കേഡല്‍ അവരോട് പട്ടിയെ ഓടിച്ചപ്പോള്‍ ചില്ലുപൊട്ടിയതാണെന്ന് പറഞ്ഞു. വീടിനുള്ളില്‍ തീ പടര്‍ന്നുപിടിച്ചതോടെ വീടിന്റെ മുന്നിലൂടെ പുറത്തിറങ്ങിയ കേഡല്‍ ഓട്ടോറിക്ഷയില്‍ തമ്പാനൂരിലെത്തി അവിടെനിന്ന് ചെന്നൈയിലേക്ക് പോയി. കൂട്ടക്കൊലയുടെ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ബെഡ്‌റൂമിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ചിട്ടുണ്ടെന്നും മഴുവും വെട്ടുകത്തികളും വീട്ടില്‍തന്നെയുണ്ടെന്നും കേഡല്‍ പൊലീസിനോട് വെളിപ്പെടുത്തി.
ചെറുപ്പം മുതലേ വീട്ടുകാര്‍ ഒറ്റപ്പെടുത്തി
വീട്ടുകാര്‍ ചെറുപ്പം മുതലേ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുമായിരുന്നുവെന്നാണ് കേഡലിന്റെ മൊഴി. തനിക്ക് മാനസികരോഗമാണെന്ന് പറഞ്ഞ് വീട്ടുകാര്‍ സഹപാഠികളില്‍ നിന്നും കൂട്ടുകാരില്‍ നിന്നും അകറ്റി. പഠനത്തില്‍ പിന്നാക്കമായതിനാല്‍ നിരന്തരം കുറ്റപ്പെടുത്തി. ആസ്‌ട്രേലിയയില്‍ പഠനത്തിന് പോയപ്പോള്‍ അവിടെയും ബന്ധുക്കള്‍ മാനസികരോഗിയാക്കി അപഹാസ്യനാക്കി. പിന്നീട് നാട്ടില്‍ തിരിച്ചെത്തി വീട്ടുകാര്യങ്ങള്‍ നോക്കിയിരുന്നു. മദ്യപാനിയായ പിതാവിന്റെ പെരുമാറ്റം കാരണം സമൂഹത്തില്‍ തനിക്ക് നാണക്കേടുണ്ടായി. ഇക്കാര്യം മാതാവിനോട് പറഞ്ഞപ്പോള്‍ അവഗണിച്ചു.
സഹോദരിയോട് മാതാപിതാക്കള്‍ കൂടുതല്‍ സ്‌നേഹം കാട്ടുന്നതിലും തനിക്ക് വിരോധമുണ്ടായിരുന്നുവെന്നും ഇക്കാരണങ്ങളാലാണ് കൂട്ടക്കൊല നടത്തിയതെന്ന് കേഡല്‍ സമ്മതിച്ചതായും പൊലീസിന്റെ റിപ്പോര്‍ട്ടിലുണ്ട്.
കുറ്റകൃത്യത്തിന്റെ രീതി, കൊലപാതകങ്ങളുടെ വിശദാംശങ്ങള്‍ എന്നിവ കണ്ടെത്തുകയും പെട്രോള്‍പമ്പിലും ചെന്നൈയിലെ ഹോട്ടലിലും തെളിവെടുക്കുകയും വേണമെന്ന് അസി.കമ്മിഷണര്‍ കെ.ഇ.ബൈജു കോടതിയെ അറിയിച്ചു. ആയുധങ്ങള്‍ വാങ്ങിയതിനെക്കുറിച്ചും കൂട്ടക്കൊലയ്ക്ക് മറ്റ് സഹായം കിട്ടിയോയെന്നും അന്വേഷിക്കണമെന്നും ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























