ജയിലില്‍ നിന്ന് ചാടിപ്പോയ ബംഗാളി തിരികെയെത്തി

നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്ന് ചാടിപ്പോയ അന്തേവാസി തിരിച്ചെത്തി. ബംഗാള്‍ ജല്‍പൈഭുരി തൗല്‍ഹാള്‍ടി സ്വദേശി മിന്റു എന്ന അബ്ദുള്‍ റാസാക്ക്(36)ആണ് നാടകീയമായി തിരിച്ചെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച അന്തേവാസികളില്‍ നിന്നും ജയില്‍ അധികൃതര്‍ മൊബൈല്‍ ഫോണ്‍ പിടികൂടി. ഇതേത്തുടര്‍ന്നാണ് ഇയാളെ ജയിലില്‍ നിന്നും കാണാതായത്. തുടര്‍ന്ന് ജയില്‍ അധികൃതര്‍ നെയ്യാര്‍ ഡാം പൊലീല്‍ പരാതി നല്‍കി. ഇയാള്‍ക്കായി നാട്ടില്‍ ഉള്‍പ്പെടെ അന്വേഷണം നടക്കുന്നതിനിടയാണ് ചൊവ്വാഴ്ച അര്‍ദ്ധരാത്രി 12.30തോടെ അവശനായ നിലയില്‍ ഇയാള്‍ ജയിലില്‍ തിരിച്ചെത്തുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ പറയുന്നു.
മൊബൈല്‍ പിടികൂടിയതില്‍ ഭയന്നാണ് താന്‍ ജയിലില്‍ നിന്നും മാറി തൊട്ടടുത്ത വനമേഖലയില്‍ ഒളിച്ചതെന്നും രണ്ട് ദിവസമായി ഭക്ഷണം കിട്ടാതെ അവശനായപ്പോള്‍ തിരിച്ചെത്തിയെന്നുമാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ ഇയാള്‍ ഭയന്ന് ജയിലിലെ തന്നെ വാട്ടര്‍ടാങ്കിന് മുകളില്‍ ഒളിവില്‍ക്കിടക്കുകയായിരുന്നുവെന്നും പറയുന്നുണ്ട്.
അഞ്ചല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2005ല്‍ നടന്ന കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടാണ് ഇയാള്‍ ജയിലില്‍ എത്തുന്നത്. സംഭവം ദിവസം രാത്രി ജയില്‍ അന്തേവാസികളായ സുമേഷ്, പ്രശാന്ത് എന്നിവരില്‍ നിന്നും ജയില്‍ അധികൃതര്‍ മിന്നല്‍ പരിശോധന നടത്തി മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. ഇരുവരെയും ഓഫീസിലേക്ക് കൂട്ടി കൊണ്ട് വരുന്ന വഴി സംശയാസ്പദമായ സാഹചര്യത്തില്‍ മിന്റു വിനെ കാണുകയും ഉദ്യോഗസ്ഥര്‍ ഇയാളില്‍ നിന്നും മൊബൈല്‍ കണ്ടെടുക്കുകയുമായിരുന്നു.
മൂവരെയും ഓഫീസില്‍ എത്തിച്ചു. ഇതിനു ശേഷമാണ് മിന്റു ഉദ്യോഗസ്ഥരുടെയും മറ്റു അന്തേവാസികളുടെയും കണ്ണ് വെട്ടിച്ചു കടന്നത്. ജയില്‍ അധികൃതര്‍ നെയ്യാര്‍ഡാം പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ ജയില്‍ അധികൃതര്‍ നെയ്യാര്‍ ഡാം പൊലീസിന് കൈമാറി. തുടര്‍ന്ന് ഇയാളെ കാട്ടാക്കട കോടതി റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha


























