ചിരിക്കുന്ന മുഖവുമായി സാഹിബ് ഇനി ദേശീയ രാഷ്ട്രീയത്തിലേക്ക്

171038 ഭൂരിപക്ഷത്തോടെ പികെ കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലേക്ക് യാത്രയാവുകയാണ്. എല്‍ഡിഎഫിനും ബിജെപിക്കും കനത്ത പ്രഹരം ഏല്‍പ്പിച്ചാണ് കുഞ്ഞാലിക്കുട്ടിയുടെ വമ്പന്‍ വിജയം.
യുഡിഎഫിലും എല്‍ഡിഎഫിലും എന്തിന് ബിജെപിയിലും അംഗീകാരമുള്ള നേതാവാണ് കുഞ്ഞാലിക്കുട്ടി. കുഞ്ഞാലിക്കുട്ടിയുടെ വ്യക്തി വൈഭവം രാഷ്ട്രീയം മറന്ന് സുഹൃത്തുക്കളെയുണ്ടാക്കാനും അവരുമായി ആത്മ ബന്ധം സൂക്ഷിക്കാനും കുഞ്ഞാലിക്കുട്ടിക്കായിട്ടുണ്ട്. യുഡിഎഫുമായി പിരിഞ്ഞെങ്കിലും കെഎം മാണി പോലും കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി രംഗത്തിറങ്ങിയതിന്റെ കാരണവും മറ്റൊന്നല്ല.
ലീഗ് രാഷ്ട്രീയത്തില്‍ പാണക്കാട് കുടുംബം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനവും കുഞ്ഞാലിക്കുട്ടിക്ക് തന്നെയായിരുന്നു. പാണക്കാട് കുടുംബത്തെ നിയന്ത്രിക്കുന്നത് പോലും കുഞ്ഞാലിക്കുട്ടിയാണെന്ന് കരുതുന്നവരുമുണ്ട്. മലബാറിനെ പച്ചയില്‍ മുക്കിയ തന്ത്രങ്ങളൊരുക്കുന്നതിന് പിന്നലെ പ്രധാനിയും കുഞ്ഞാലിക്കുട്ടി തന്നെ.
നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കുഞ്ഞാപ്പയാണ് കുഞ്ഞാലിക്കുട്ടി. അമ്മ ഫാത്തിമക്കുട്ടിയാണ് ആദ്യമായി കുഞ്ഞാപ്പയെന്നു വിളിച്ചത്. ജേഷ്ഠന്‍ പി.കെ.ഹൈദ്രുഹാജിയുടെ വിളിപ്പേര് ബാപ്പുട്ടി. അനുജന്‍ പി.കെ.കുഞ്ഞീതു നാട്ടില്‍ അറിയപ്പെടുന്നത് കുഞ്ഞുവെന്നപേരില്‍. ഈ വിളിപ്പേരുകളുമായി കേരള രാഷ്ട്രീയത്തിലെത്തിയ കുഞ്ഞാലിക്കുട്ടി ലീഗ് രാഷ്ട്രീയത്തിലെ പ്രധാനിയായി.
1951 ജനുവരി 6ന് കേരളത്തിലെ മലപ്പുറത്ത് പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജിയുടേയും കെ.പി. ഫാത്തിമ്മക്കുട്ടിയുടേയും മകനായി ജനിച്ചു. കെ.എം കുല്‍സു ആണ് ഭാര്യ.ലസിത,ആഷിഖ് എന്നിവരാണ് മക്കള്‍.ബികോം ഡിഗ്രിയും , പിജിഡിബിയും കോഴ്‌സും പൂര്‍ത്തിയാക്കി. കോഴിക്കോട് ഫറൂഖ് കോളേജിലാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്.ഇക്കാലത്ത് എംഎസ്എഫിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്.തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ എംഎസ്എഫിന്റെ യൂനിറ്റ് പ്രസിഡന്റ് പദവിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.പിന്നീട് എംഎസ്എഫിന്റെ സംസ്ഥാന ഭാരവാഹിയായി. 27ാം വയസ്സില്‍ മലപ്പുറം നഗരസഭാ ചെയര്‍മാനായി.
1982ലാണ് മലപ്പുറം മണ്ഡലത്തില്‍നിന്ന് ആദ്യമായി നിയമസഭയില്‍ എത്തിയത്. 1987ലും മലപ്പുറത്ത്‌നിന്ന് വീണ്ടും നിയമസഭയിലെത്തി. 1991, 1996, 2001 വര്‍ഷങ്ങളില്‍ കുറ്റിപ്പുറത്ത് നിന്നായിരുന്നു നിയസഭയിലേക്ക് എത്തിയത്.
സരിതയും സോളാറും ഉയര്‍ന്നു കേട്ടപ്പോഴും ഉമ്മന്‍ ചാണ്ടിയെ കുഞ്ഞാലിക്കുട്ടി കൈവിട്ടില്ല. അതുകൊണ്ട് തന്നെ അഞ്ച് കൊല്ലം ഉമ്മന്‍ ചാണ്ടി കേരളം ഭരിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റപ്പോഴും ലീഗിന് വലുതായി അടി തെറ്റിയില്ല. കോട്ടകലില്‍ വിള്ളല്‍ വരുത്താതെ ലീഗ് കാക്കാനുള്ള കാരണം കുഞ്ഞാലിക്കുട്ടിയുടെ തന്ത്രങ്ങളായിരുന്നു. ഐസിസ് തീവ്രവാദത്തിന്റെ കാലത്ത് രാജ്യസ്‌നേഹത്തിലൂന്നിയ രാഷ്ട്രീയത്തിന്റെ പ്രസക്തി മുസ്ലീങ്ങള്‍ക്കിടയില്‍ ലീഗ് വിശദീകരിച്ചു. ലീഗിന്റെ മതേതരമുഖം കുഞ്ഞാലിക്കുട്ടിയായിരുന്നു. ഇസ്ലാമിക തീവ്രവാദത്തിന്റെ കാലത്ത് ലീഗിനെ വേറിട്ടൊരു വഴിയിലൂടെ കൊണ്ട് പോയത് കുഞ്ഞാലിക്കുട്ടി തന്നെയായിരുന്നു. ഇത് തന്നെയാണ് ലീഗിന് മുമ്പെങ്ങുമില്ലാത്ത പ്രസക്തി കേരള രാഷ്ട്രീയത്തിലുണ്ടായത്. ഇതിനിടെയാണ് ഇ അഹമ്മദിന്റെ ആകസ്മിക വിയോഗമത്തെുന്നത്. ദേശീയ തലത്തില്‍ ലീഗിനെ പതിറ്റാണ്ടുകളായി നയിച്ചത് അഹമ്മദാണ്. അതിന് പകരക്കാരനാവാന്‍ കുഞ്ഞാലിക്കുട്ടിയെ നിയോഗിച്ചതും പാണക്കാട് കുടുംബമാണ്.
കാല്‍ നൂറ്റാണ്ടായി ലീഗിന്റെയും യു.ഡി.എഫിന്റെയും നിര്‍ണായക നീക്കങ്ങളുടെയെല്ലാം ബുദ്ധികേന്ദ്രവും കടിഞ്ഞാണും കുഞ്ഞാലിക്കുട്ടി തന്നെയായിരുന്നു. മലപ്പുറം നഗരസഭ ചെയര്‍മാനായി തുടങ്ങിയ രാഷ്ട്രീയജീവിതം കേരളത്തിന്റെ പ്രതിപക്ഷ ഉപനേതാവില്‍ ചെന്നെത്തി. യു.ഡി.എഫ് മന്ത്രിസഭയിലെ രണ്ടാമനായും ലീഗിലെ ഒന്നാമനായുമുണ്ടായി. കെ. കരുണാകരന്‍, എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി എന്നിവരുടെ മന്ത്രിസഭകളിലെ സൂപ്പര്‍ പവറായി മാറിയ നേതാവ്.
ഇതിനിടെ ഐസ് ക്രീംപാര്‍ലര്‍ വിവാദവും കരിനിഴലായെത്തി. എന്നാല്‍ നീതി പീഠത്തിന്റെ കരുത്തില്‍ കുറ്റവിമുക്തനായി തിരിച്ചെത്തിയ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലെ ഒന്നാംപേരുകാരനായി പിന്നേയും മാറി.
എന്നും എളിമയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മുഖമുദ്ര. എത്ര ഉന്നതമായ പദവിയിലിരിക്കുമ്പോള്‍ തന്നെ തേടിയെത്തുന്നവരെ നിരാശപ്പെടുത്താത്ത നേതാവ്. പാണാക്കാട് ശിബാഹലി തങ്ങളുമായുള്ള അടുപ്പം തന്നെയാണ് കുഞ്ഞാലിക്കുട്ടിയെ ഈ ഉന്നതങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.
https://www.facebook.com/Malayalivartha

























