ഇ.അഹമ്മദിന്റെ റെക്കോര്‍ഡ് തകര്‍ക്കുമോയെന്ന് ഉറ്റുനോക്കി മലപ്പുറം!

ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് നേതാവും യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ കുഞ്ഞാലിക്കുട്ടി വന്‍ ഭൂരിപക്ഷത്തിലേക്ക്. കുഞ്ഞാലിക്കുട്ടി ജയം ഉറപ്പിച്ചു. 50 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ കുഞ്ഞാലിക്കുട്ടി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസലിനെക്കാള്‍ ഒരു ലക്ഷം വോട്ടിന് മുന്നിലാണ്. ഇനി ഭൂരിപക്ഷം എത്ര വര്‍ധിപ്പിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ഇ.അഹമ്മദ് 194739 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷം നേടിയിരുന്നു.
വോട്ടണ്ണല്‍ തുടങ്ങി രണ്ട് മണിക്കൂറായപ്പോള്‍ മൊത്തം എണ്ണിയ വോട്ടുകളില്‍ 57 ശതമാനം വോട്ടുകള്‍ യു.ഡി.എഫ് നേടി. എല്‍.ഡി.എഫ് 35 ശതമാനം വോട്ടും നേടി. ബിജെപിക്ക് 7 ശതമാനം വോട്ടും ലഭിച്ചു. എല്‍.ഡി.എഫും യു.ഡി.എഫും വോട്ടുവിഹിതം വര്‍ധിപ്പിച്ചിട്ടുണ്ട്.
രാവിലെ എട്ടു മണിക്ക് മലപ്പുറം ഗവ.കോളജില്‍ വോട്ടെണ്ണല്‍ തുടങ്ങിയതു മുതല്‍ ഒരു ഘട്ടത്തിലും കുഞ്ഞാലിക്കുട്ടി പിന്നില്‍ പോയില്ല. വോട്ടെണ്ണല്‍ തുടങ്ങി ഒന്നര മണിക്കൂനുള്ളില്‍ ലീഡ് 67,000 കടന്നു. ഏഴ് നിയമസഭ മണ്ഡലങ്ങളിലും യു.ഡി.എഫ് ലീഡ് ചെയ്യുന്നു. ഏഴ് ഹാളുകളില്‍ നിയമസഭ മണ്ഡലം തിരിച്ചാണ് വോട്ടെണ്ണല്‍ നടക്കുന്നത്. നിയമസഭ മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കമുള്ള പഞ്ചായത്തുകളിലെ വോട്ടുകളാണ് ആദ്യം എണ്ണിയതെങ്കിലും അവിടങ്ങളിലെല്ലാം കുഞ്ഞാലിക്കുട്ടി തുടക്കം മുതല്‍ ലീഡ് ചെയ്തു. കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തില്‍ മാത്രമായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസല്‍ നേരിയ പോരാട്ടം കാഴ്ചവച്ചത്. ഇവിടെ തുടക്കത്തില്‍ എല്‍.ഡി.എഫ് മുന്നിലായിരുന്നെങ്കിലും പിന്നീട് യു.ഡി.എഫ് തിരിച്ചു പിടിക്കുകയായിരുന്നു. നോട്ടയാണ് നാലാം സ്ഥാനത്ത്.
ഏപ്രില്‍ 12-ന് നടന്ന തെരഞ്ഞെടുപ്പില്‍ 1,175 ബൂത്തുകളിലായി 71.33 ശതമാനം പേരാണ് വോട്ട് ചെയ്തത്. യു.ഡി.എഫിലെ പി.കെ. കുഞ്ഞാലിക്കുട്ടിയും എല്‍.ഡി.എഫിലെ എം.ബി. ഫൈസലും തമ്മിലായിരുന്നു പ്രധാന മത്സരം. ബി.ജെ.പിയുടെ ശ്രീപ്രകാശും രംഗത്തുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























