യാത്രക്കാരിയുടെ ബാഗ് തട്ടിപ്പറിച്ചോടിയ യുവാവിനെ പിടികൂടി

ട്രെയിനില്‍ യാത്രക്കാരിയുടെ ബാഗ് തട്ടിപ്പറിച്ചോടിയ യുവാവിനെ നാട്ടുകാര്‍ പിന്തുടര്‍ന്നു പിടികൂടി. ഇന്നലെ പുലര്‍ച്ചെ 4.30 ന് തിരുവനന്തപുരത്തേയ്ക്കു പോകുകയായിരുന്ന മാവേലി എക്‌സ്പ്രസിലെ യാത്രക്കാരിയുടെ ബാഗാണ് മോഷ്ടാവ് തട്ടിപ്പറിച്ചോടിയത്.
നിരവധി കേസുകളില്‍ പ്രതിയായ കൊല്ലം കൊട്ടിയം മയ്യനാട് അജ്മല്‍ നിവാസില്‍ ഷാനവാസാണ്(36) പിടിയിലായത്. തിരുവനന്തപുരത്ത് വാടകയ്ക്ക് താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശി രമേശ് കുമാറിന്റെ ഭാര്യ ആതിരയുടെ ബാഗാണു തട്ടിപ്പറിച്ചത്. ഇവര്‍ കണ്ണൂരില്‍ കല്യാണത്തിനു പോയിട്ട് തിരികെ വരികയായിരുന്നു. ബാഗ് തലയ്ക്കല്‍വച്ച് ഉറങ്ങുമ്പോള്‍ തട്ടിപ്പറിച്ച് ഓടുകയായിരുന്നു. ബാഗില്‍ 400 രൂപയും മുക്കുപണ്ടങ്ങളും ആധാര്‍ കാര്‍ഡും മറ്റുമാണുണ്ടായിരുന്നത്.
ഹരിപ്പാട് റെയില്‍വേ സ്‌റ്റേഷനില്‍ സംശയാസ്പദമായ രീതിയില്‍ കണ്ട ഷാനവാസിനെ ഒരാള്‍ ബൈക്കില്‍ പിന്തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാരുടെ സഹായത്തോടെ ഹരിപ്പാട് കെ.എസ്.ആര്‍.ടി.സി ബസ്‌റ്റേഷന്‍ പരിസരത്ത് നിന്നും പിടികൂടുകയായിരുന്നു.
ഇയാളെ ഹരിപ്പാട് പൊലീസിലും തുടര്‍ന്ന് ആലപ്പുഴ റയില്‍വേ പൊലീസിലും കൈമാറി. കോഴിക്കോട്, കൊല്ലം, എറണാകുളം എന്നിവിടങ്ങളിലായി 13 കേസുകളില്‍ പ്രതിയാണിയാള്‍. നാലുമാസം മുമ്പാണ് പിടിച്ചുപറിക്കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയത്.
https://www.facebook.com/Malayalivartha

























