നിലപാട് ആത്മാര്‍ഥമാണെങ്കില്‍ സിപിഐ കൈയേറി നിര്‍മ്മിച്ച പാര്‍ട്ടി ഓഫീസ് പൊളിക്കണമെന്ന് പഴയ പൂച്ച

മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിന് സിപിഐ നല്‍കുന്ന പിന്തുണ സംശയകരമെന്ന് മുന്‍ ദൗത്യ സംഘത്തലവന്‍ കെ സുരേഷ് കുമാര്‍. കൈയേറ്റത്തിനെതിരായ നിലപാട് ആത്മാര്‍ഥമാണെങ്കില്‍ കൈയേറി നിര്‍മ്മിച്ച പാര്‍ട്ടിയുടെ റിസോര്‍ട്ടായി പ്രവര്‍ത്തിക്കുന്ന ഓഫീസ് പൊളിക്കണം. രേഖകളില്ലാതെ ഏക്കറുകണക്കിന് ഭൂമി കൈവശം വച്ചിരിക്കുന്ന ടാറ്റക്കെതിരെ റവന്യൂവകുപ്പ് നടപടി എടുക്കാത്തതും സംശയകരമാണെന്ന് കെ സുരേഷ് കുമാര്‍ പറഞ്ഞു.
മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് സിപിഐ നല്‍കുന്ന പിന്തുണ ആത്മാര്‍ഥമാണെങ്കില്‍ രവീന്ദ്രന്‍ പട്ടയത്തില്‍ റിസോര്‍ട്ടായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ഓഫീസ് പൊളിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് കെ സുരേഷ് കുമാര്‍ പറഞ്ഞു. രവീന്ദ്രന്‍ പട്ടയം വ്യാജമാണെന്ന് കെപി രാജേന്ദ്രന്‍ റവന്യൂ മന്ത്രിയായിരിക്കെ തന്നെ നിരവധി തവണ ഹൈക്കോടതിയില്‍ സത്യവാങ് മൂലം കൊടുത്തിട്ടുണ്ട്. രവീന്ദ്രനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ പോലും തുടര്‍ നടപടി ഇല്ല. രേഖകളില്ലാതെ ഭൂമി കൈവശം വച്ചിരിക്കുന്ന ടാറ്റക്കെതിരെ സിപിഐയും റവന്യൂവകുപ്പും നിലപാടെടുക്കാത്തത് എന്തുകൊണ്ടാണെന്നും സുരേഷ് കുമാര്‍ ചോദിച്ചു.
അനധികൃത കെട്ടിടങ്ങള്‍ പൊളിക്കാതെ ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന റവന്യൂമന്ത്രിയുടെ നിലപാട് നിയമപരമല്ല. ദേവികുളം സബ്കളക്ടര്‍ ശ്രീറാമിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലാണെങ്കിലും രാഷ്ട്രീയ പിന്തുണ ഇല്ലാത്തതിനാല്‍ മുന്നോട്ട് പോകുമോയെന്നത് സംശയമാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















