ബംഗളൂരു-മൈസൂരു ദേശീയപാതയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഡിവൈഡറിലേയ്ക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി.... നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഡിവൈഡറിലേയ്ക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. വയനാട് പുല്പള്ളി കബനിഗിരി സ്വദേശിയും കാസർകോട് അട്ടേങ്ങാനം കോളിയാറിലെ കരിങ്കൽ ക്വാറി സൂപ്പർവൈസറുമായ ടി.വി. അജിത്ത് (36), ഡ്രൈവർ അട്ടേങ്ങാനം കുറ്റിയോട്ട് സ്വദേശി സുബിൻ (33) എന്നിവരാണ് മരിച്ചത്.
ബംഗളൂരു-മൈസൂരു ദേശീയപാതയിലെ രാമനഗരയിലാണ് അപകടം സംഭവിച്ചത്. ക്വാറിയിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനായി കാസർകോടു നിന്ന് ബംഗളൂരുവിലേക്ക് വരുന്നതിനിടെ ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്. തുണ്ടത്തിൽ വീട്ടിൽ വാസുദേവൻനായരാണ് അജിത്തിന്റെ പിതാവ്. മാതാവ്: സുകുമാരി. ഭാര്യ: നീതു. മക്കൾ: അനുനന്ദ, അനുരാഗ്. അട്ടേങ്ങാനത്തെ പരേതനായ താമരാക്ഷന്റെയും ബീനയുടെയും മകനാണ് സുബിൻ.
https://www.facebook.com/Malayalivartha






















