ടി.പി.സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും

ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ ടി.പി.സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. സെന്‍കുമാറിനെ മാറ്റിയത് പൊലീസ് സേനയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാനാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദത്തിനിടെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. തന്നെ ഡി.ജി.പി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ നല്‍കിയ ഹര്‍ജി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലും ഹൈക്കോടതിയും തള്ളിയതിനെ തുടര്‍ന്നാണ് സെന്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെ സര്‍ക്കാരിന് പലപ്പോഴും കോടതിയുടെ വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിരുന്നു. മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരെ മാറ്റുന്നതെങ്കില്‍ സേനയില്‍ ആരും ബാക്കിയുണ്ടാവില്ലെന്നായിരുന്നു ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിമര്‍ശനം. ഏറ്റവും ഒടുവില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയുടെ നിരാഹാര സമരത്തെ തുടര്‍ന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയോയെന്ന് പരിഹാസരൂപേണ കോടതി ചോദിച്ചിരുന്നു.
പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം, ജിഷ വധം എന്നിവയുടെ പശ്ചാത്തലത്തിലാണ് ഡി.ജി.പി സ്ഥാനത്ത് നിന്ന് നീക്കിയതെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍, തന്നെ നീക്കിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്ന് സെന്‍കുമാര്‍ വാദിച്ചു. താന്‍ രാഷ്ട്രീയ എതിരാളിയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിട്ടുണ്ടെന്ന് സെന്‍കുമാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. ജനങ്ങളുടേയും പൊലീസിന്റേയും വിശ്വാസ്യത കാക്കുന്നതിനാണ് തന്നെ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി സ്ഥാനത്ത് നിന്ന് നീക്കിയതെന്ന സര്‍ക്കാരിന്റെ വാദത്തിന് ശാസ്ത്രീയമായ അടിത്തറ ഇല്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























