സബ് കലക്ടര്‍ ശ്രീറാമിനെ ഊളമ്പാറയ്ക്ക് വിടണമെന്ന് മന്ത്രി എം.എം. മണി; പാപ്പാത്തിച്ചോലയില്‍ കുരിശു പൊളിച്ചത് അയോധ്യയിലെ പള്ളി പൊളിച്ചതിനു സമാനം

ദേവികുളം സബ് കലക്ടര്‍ വെങ്കിട്ടരാമന്‍ ശ്രീറാമിനെ ഊളമ്പാറയ്ക്കു വിടണമെന്നു മന്ത്രി എം.എം. മണി. ദേവികുളം സബ് കലക്ടര്‍ ജനവിരുദ്ധനും തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കുന്നയാളുമാണ്. മൂന്നാര്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സബ് കലക്ടറുടെ നടപടികളുടെ പശ്ചാത്തലത്തിലാണ് രൂക്ഷവിമര്‍ശനവുമായി മന്ത്രി രംഗത്തെത്തിയത്. സിപിഎം ഏരിയാകമ്മിറ്റി അംഗം കെ.എം. തങ്കപ്പന്‍ അനുസ്മരണം കുഞ്ചിത്തണ്ണി ഇരുപതേക്കറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടുക്കിയില്‍ മതചിഹ്നങ്ങള്‍ ഇരിക്കുന്നതെല്ലാം പട്ടയമില്ലാത്ത സ്ഥലത്താണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇവിടെ വിശ്വാസികള്‍ ആരും ഭൂമി കയ്യേറിയിട്ടില്ല. പാപ്പാത്തിച്ചോലയില്‍ കുരിശു പൊളിച്ചത് അയോധ്യയിലെ പള്ളി പൊളിച്ചതിനു സമാനമാണ്. ആര്‍എസ്എസ്സുകാര്‍ ആവശ്യപ്പെട്ടിട്ടാണ് സബ് കലക്ടര്‍ കുരിശു പൊളിച്ചത്. ആര്‍എസ്എസിനുവേണ്ടി കുഴലൂതുന്ന ഒരുത്തനും ഇങ്ങോണ്ട് വരേണ്ടയെന്നും മന്ത്രി പറഞ്ഞു.
സബ് കലക്ടര്‍ ആര്‍എസ്എസിനു വേണ്ടി ഉപജാപം നടത്തുന്നയാളാണെന്നും മന്ത്രി ആരോപിച്ചു. നേരെചൊവ്വേ പോയാല്‍ എല്ലാവര്‍ക്കും നല്ലത്. ഞങ്ങള്‍ കലക്ടര്‍ക്കും സബ് കലക്ടര്‍ക്കും ഒപ്പമല്ല. ജനങ്ങള്‍ക്കൊപ്പമാണെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും എസ്. രാജേന്ദ്രന്‍ എംഎല്‍എയും സബ് കലക്ടറെ നിശിതമായി വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha


























