ഒരു രൂപപോലും ഇല്ലാതെ കുവൈത്തിലേക്ക് വിമാനം കയറിയ എന്റെ ജീവിതം തന്നെ എന്റെ ഉറപ്പ്... കെഎസ്ആര്‍ടിസിയെ രക്ഷിക്കുന്ന വഴിയിങ്ങനെ

കടത്തില്‍നിന്ന് കടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താനുള്ള അവസാന ശ്രമത്തില്‍ മന്ത്രി തോമസ് ചാണ്ടി. കഴിഞ്ഞ മന്ത്രിസഭായോഗത്തിലാണ് എല്ലാ മന്ത്രിമാരുടേയും മുന്നില്‍വച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയത്. ഒരുവര്‍ഷംകൊണ്ട് കെഎസ്ആര്‍ടിസിയെ താന്‍ ലാഭത്തിലാക്കി കാണിച്ചുതരാം...
പിന്നീട് മുഖ്യമന്ത്രിയുമായുള്ള ഔദ്യോഗീക ചര്‍ച്ചയിലും ഇക്കാര്യംതന്നെ മന്ത്രി പറഞ്ഞു. ഒരു രൂപ പോലുമില്ലാതെ കുവൈത്തിലേക്ക് പോയ ആളാണ് ഞാന്‍. എന്റെ ജീവിതംതന്നെ എന്റെ ഉറപ്പ് എന്നും തോമസ് ചാണ്ടി അറിയിച്ചു.
മുന്‍ മന്ത്രി എ കെ ശശീന്ദ്രനേക്കാളും വകുപ്പില്‍ തോമസ് ചാണ്ടി ഇടപെടുന്നുണ്ടെന്നതിന്റെ തെളിവുകള്‍ ലഭ്യമായിക്കൊണ്ടിരിക്കുകയാണ്. കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം കൊണ്ടുവന്ന ഡ്യൂട്ടി പരിഷ്‌കരണത്തെത്തുടര്‍ന്ന് മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ നടത്തിവന്ന സമരം ഒന്നര ദിവസത്തിനുള്ളില്‍ അവസാനിപ്പിച്ചത് മന്ത്രിയുടെ മിടുക്കുകൊണ്ട് മാത്രമാണ്.
തൊഴിലാളികളുടെ ആശങ്ക പൂര്‍ണ്ണമായുംകേട്ട മന്ത്രി, തൊഴിലാളികളുടെ ആവശ്യങ്ങള്‍കൂടി പുതിയ പരിഷ്‌കാരത്തില്‍ ഉള്‍പ്പെടുത്താന്‍ എംഡിയോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതില്‍ സംതൃപ്തി അറിയിച്ച സംഘടനകള്‍ തിങ്കളാഴ്ച ആരംഭിച്ച സമരം ചൊവ്വാഴ്ച ഉച്ചയ്ക്കുതന്നെ അവസാനിപ്പിച്ചു. അതേസമയം സമരത്തിന്റെ മറവില്‍ ബസുകള്‍ കേടാക്കിയെന്ന് തെളിഞ്ഞാല്‍ അതിന് ഉത്തരവാദികളെ വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി സംഘടനാ നേതാക്കള്‍ക്ക് താക്കീത് നല്‍കിയെന്നും സൂചനയുണ്ട്.
മന്ത്രിയായി ഒരുമാസം പിന്നിട്ടിട്ടിട്ടും കെഎസ്ആര്‍ടിസിയുടെ ഉന്നമനത്തിന് ഇതുവരെ മന്ത്രിയുടേതായ നിര്‍ദ്ദേശങ്ങളോ, ഇടപെടലുകളോ ഉണ്ടായിട്ടില്ലെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. എന്താണ് വീഴ്ച, എങ്ങനെ മറികടക്കാം എന്നുള്ള വിഷയങ്ങള്‍ താന്‍ കൃത്യമായി പഠിച്ചുകൊണ്ടിരിക്കുകയാണെന്നും സര്‍ക്കാരിന്റെ ഗതാഗത നയം ഉടന്‍ പ്രഖ്യാപിക്കുന്നതോടെ അക്കാര്യത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയാകുമെന്നുമാണ് തോമസ് ചാണ്ടിയുടെ മറുപടി. കേരള നിയമസഭയിലെ ഏറ്റവും സമ്പന്നനായ അംഗമാണ് തോമസ് ചാണ്ടി.
ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍പോലും ബുദ്ധിമുട്ടുന്ന സ്ഥാപനമായി കെഎസ്ആര്‍ടിസി മാറിയിട്ട് ആറുവര്‍ഷം പിന്നിടുന്നു. പ്രതിമാസം 100 കോടിയോളം രൂപ കടത്തില്‍ ഓടുന്ന കെ.എസ്.ആര്‍.ടിസിക്ക് ഒരു മാസം ശമ്പളം നല്‍കാന്‍തന്നെ 60 കോടിയോളം രൂപവേണ്ടിവരും.
ഇതുകണ്ടെത്തുകയെന്നതാകും പുതിയ മന്ത്രിയുടെ ഏറ്റവും വലിയ വെല്ലുവിളി. 99 ഡിപ്പോകളുള്ളതില്‍ അറുപത്തിമൂന്ന് എണ്ണവും പണയത്തിലാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഓരോ ഡിപ്പോയും പണയംവച്ചുകൊണ്ടാണ് പല മാസങ്ങളിലും ശമ്പളവും പെന്‍ഷനും നല്‍കിയിരുന്നത്. എല്‍ല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്ന് എട്ടുമാസംവരെ ഇതേ അവസ്ഥതന്നെയായിരുന്നു. അതിനുശേഷം വരുമാനത്തില്‍ അല്‍പം വര്‍ധന വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha



























