നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ സി.പി.എമ്മിന്റെ പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസ് നേടി

എട്ടിനെതിരെ 12 വോട്ടിനായിരുന്നു കുറുവിലങ്ങാട് ഡിവിഷന്‍ അംഗമായ സഖറിയാസ് കുതിരവേലി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. സി.പി.ഐയുടെ പ്രതിനിധി പി.സുഗുണന്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഒരു സീറ്റുള്ള പി.സി.ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി വോട്ട് അസാധുവാക്കി.
22 അംഗ ജില്ലാ പഞ്ചായത്തില്‍ ആറ് അംഗങ്ങളായിരുന്നു മാണി ഗ്രൂപ്പിനുണ്ടായിരുന്നത്. സി.പി.എമ്മിന്റെ ആറ് പേരുടെ പിന്തുണ കൂടി കിട്ടിയതോടെ മാണി ഗ്രൂപ്പിന് 12 അംഗങ്ങളായി. കോണ്‍ഗ്രസിന്റെ എട്ട് വോട്ടുകളും അവര്‍ക്ക് തന്നെ ലഭിച്ചു. സണ്ണി പാമ്പാടിയായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് മാണി ഗ്രൂപ്പ് എഴുതി നല്‍കിയിരുന്നുവെന്നും ആ ധാരണ അവര്‍ തെറ്റിച്ചുവെന്നും ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. മാണിയുടേയും സി.പി.എമ്മിന്റേയും അധികാരമോഹത്തിന്റെ ജാരസന്തതിയാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്നും അദ്ദേഹം പറഞ്ഞു. അക്ഷരനഗരിയായ കോട്ടയത്തിന് തന്നെ ഈ വിജയം അപമാനകരമാണെന്നും ജോഷി പറഞ്ഞു.
മാണി ഗ്രൂപ്പ് യു.ഡി.എഫ് വിട്ടെങ്കിലും മുന്‍ ധാരണ അനുസരിച്ച് തദ്ദേശസ്ഥാപനങ്ങളില്‍ ഐക്യം തുടരാനായിരുന്നു ധാരണ. എന്നാല്‍ പല തദ്ദേശ സ്ഥാപനങ്ങളിലേക്ക് പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ധാരണ ലംഘിച്ചു. മാണി ഗ്രൂപ്പ് തിരിച്ച് യു.ഡി.എഫിലേക്ക് വരണമെന്ന് ഉന്നത നേതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ ഡി.സി.സി യോഗം എതിര്‍ നിലപാടാണ് സ്വീകരിച്ചത്. മാണി ഗ്രൂപ്പില്ലെങ്കിലും യു.ഡി.എഫ് കോട്ടയത്ത് ശക്തമാണെന്ന് ചില നേതാക്കളുടെ പ്രസ്താവന മാണി ഗ്രൂപ്പിനെ ചൊടിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ പിന്തുണ സ്വീകരിക്കാന്‍ മാണി തീരുമാനിച്ചത്.
https://www.facebook.com/Malayalivartha


























