കേരള കോണ്‍ഗ്രസുമായി ഇനി ഒരു ധാരണയുമില്ലെന്ന് കെ.സി ജോസഫ്; ജോസ് കെ മാണി രാജി വയ്ക്കണമെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ്; രാഷ്ട്രീയ വഞ്ചനയെന്ന് എംഎം ഹസന്‍

കേരള കോണ്‍ഗ്രസുമായി ഇനി ഒരു ധാരണയുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ്. കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ധാരണയാണ് കേരള കോണ്‍ഗ്രസ് അട്ടിമറിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാമെന്ന് കെ.എം മാണിയും ജോസ് കെ.മാണിയും ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ രേഖ കോണ്‍ഗ്രസിന്റെ പക്കലുണ്ട്. ഇത് പൊളിച്ചത് ജോസ് കെ.മാണിയും സി.പി.എം നടത്തിയ ഗൂഢാലോചനയാണെന്നും കെ.സി ജോസഫ് പറഞ്ഞു.
അതേസമയം ജോസ് കെ മാണി രാജി വയ്ക്കണമെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് കാട്ടിയത് രാഷ്ട്രീയ വഞ്ചനയാണെന്ന് എംഎം ഹസന്‍ പറഞ്ഞു. പിസി ജോര്‍ജും മാണിക്കെതിരെ രംഗത്തെത്തി.
സിപിഎം പിന്തുണയോടെ കോട്ടയത്ത് കേരള കോണ്‍ഗ്രസിലെ സഖറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതോടെയാണ് സംസ്ഥാന രാഷ്ട്രീയം കലങ്ങി മറിഞ്ഞത്. മണിക്കൂറുകള്‍ നീണ്ട നാടകീയ നീക്കങ്ങള്‍ക്ക് ഒടുവിലാണ് യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് സിപിഎമ്മുമായി കൈകോര്‍ക്കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചത്. ജില്ലാ പഞ്ചായത്തിലെ കുറവിലങ്ങാട് ഡിവിഷന്‍ അംഗമാണ് സഖറിയാസ് കുതിരവേലി. കോണ്‍ഗ്രസ് ബന്ധം പൂര്‍ണമായും അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കിയാണ് സിപിഎമ്മിന്റെ പിന്തുണ സ്വീകരിക്കാന്‍ മാണി വിഭാഗം തീരുമാനിച്ചത്. അതേസമയം, എല്‍ഡിഎഫ് പിന്തുണ സ്വീകരിക്കാനുള്ള മാണിയുടെ തീരുമാനത്തോട് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുള്ളതായാണ് സൂചന.
സഖറിയാസ് കുതിരവേലി 12 വോട്ടുകള്‍ നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു സണ്ണി പാമ്പാടിക്ക് എട്ടു വോട്ടുകളേ ലഭിച്ചുള്ളൂ. കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും കേരള കോണ്‍ഗ്രസിന് ആറും ഇടതുമുന്നണിക്ക് ഏഴും പി.സി. ജോര്‍ജിന് ഒരാളും എന്നതാണു ജില്ലാ പഞ്ചായത്തിലെ കക്ഷിനില. ഇതില്‍ സിപിഐയുടെ ഏക പ്രതിനിധി വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. പി.സി. ജോര്‍ജ് വിഭാഗം അംഗത്തിന്റെ വോട്ട് അസാധുവായി.
https://www.facebook.com/Malayalivartha



























