കെ.എസ്.ആര്‍.ടി.സി ഡ്യൂട്ടി പരിഷ്‌കരണം; ജീവനക്കാര്‍ സമരം പിന്‍വലിച്ചു

ജോലിക്ക് ഹാജരാകാത്തവരെ അവശ്യ സേവന പരിപാലന നിയമപ്രകാരം പിരിച്ചുവിടുമെന്ന മാനേജ്‌മെന്റ് ഭീഷണി വകവയ്ക്കാതെ കെ.എസ്.ആര്‍.ടി.സിയില്‍ ഒരു വിഭാഗം മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. ഇന്നുരാവിലെ എം.ഡി., രാജമാണിക്യവുമായി സമരക്കാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്. മെക്കാനിക്കല്‍ വിഭാഗത്തില്‍ നിലവില്‍ ഏര്‍പ്പെടുത്തിയ ഡ്യൂട്ടി പരിഷ്‌കാരം പത്ത് ദിവസം കഴിഞ്ഞ് പുന:പരിശോധിക്കാമെന്ന് എം.ഡി ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
ജീവനക്കാരുടെ പരാതികള്‍ എഴുതി നല്‍കിയാല്‍ അത് എം.ഡി പരിശോധിക്കുമെന്നും പുതിയ മാറ്റം സ്ഥാപനത്തിന് ഗുണകരമല്ലെന്ന് കണ്ടാല്‍ പഴയ സംവിധാനം പുന:സ്ഥാപിക്കാനും ചര്‍ച്ചയില്‍ ധാരണയായി. രാത്രി ഡ്യൂട്ടിക്ക് വരുന്നവര്‍ക്കും കഴിഞ്ഞ് പോകുന്നവര്‍ക്കും എംപാനല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സൂപ്പര്‍ ക്ലാസ് സര്‍വീസിലടക്കം യാത്ര അനുവദിക്കും. ഇന്ന് ജോലിക്ക് കയറിയാല്‍ എംപാനല്‍ ഉള്‍പ്പെടെ ഒരു ജീവനക്കാര്‍ക്കെതിരെയും അച്ചടക്ക നടപടി ഉണ്ടാവില്ലെന്നും ചര്‍ച്ചയില്‍ ധാരണയായി.
ഗതാഗതമന്ത്രിയും തൊഴിലാളി യൂണിയന്‍ നേതാക്കളും ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ സമരം പിന്‍വലിച്ചെങ്കിലും ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിക്കാത്ത ഒരു വിഭാഗമായിരുന്നു പണിമുടക്കുമായി മുന്നോട്ട് പോയത്. സമരം തുടര്‍ന്ന പശ്ചാത്തലത്തില്‍ അത്തരക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാനും മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് വീണ്ടും ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയത്.
https://www.facebook.com/Malayalivartha



























