സെന്‍കുമാര്‍ കേസ്; വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

ടി.പി.സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കണമെന്ന വിധിയില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. യു.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാന പൊലീസ് മേധാവിയായല്ല, പൊലീസ് വകുപ്പിന്റെ തലവനായാണ് (ഹെഡ് ഒഫ് പൊലീസ് ഫോഴ്‌സ്) നിയമിച്ചത്. അങ്ങനെ ഒരു പോസ്റ്റ് സേനയിലില്ല. അതിനാല്‍ പൊലീസ് ആക്ട് പ്രകാരം പൊലീസ് മേധാവിയായാണോ പുനര്‍നിയമനം നല്‍കേണ്ടതെന്നതില്‍ വ്യക്തത വരുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സെന്‍കുമാറിനെ പൊലീസ് വകുപ്പിന്റെ മേധാവിയായാണ് യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ചതെങ്കിലും കഴിഞ്ഞ ജൂണില്‍ അദ്ദേഹത്തെ നീക്കംചെയ്തുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഉത്തരവില്‍ സംസ്ഥാന പൊലീസ് മേധാവിയെന്നാണ് പറഞ്ഞിട്ടുള്ളത്.
സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റി ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനില്‍ നിയമിച്ച് കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് ഉത്തരവിറക്കിയത്. അതേ ഉത്തരവില്‍ ആ സ്ഥാനത്തുണ്ടായിരുന്ന ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറാക്കുകയും അവിടെനിന്ന് ശങ്കര്‍റെഡ്ഡിയെ മാറ്റുകയും ചെയ്തു. സെന്‍കുമാറിനെ നീക്കംചെയ്ത ഉത്തരവ് റദ്ദാക്കുന്നുവെന്നാണ് സുപ്രീംകോടതി ഉത്തരവ്. അങ്ങനെയെങ്കില്‍ ജൂണ്‍ ഒന്നിലെ ഉത്തരവിലൂടെ നടത്തിയ മറ്റു നിയമനങ്ങളും റദ്ദാക്കപ്പെടുമോയെന്ന് വ്യക്തമാക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കണമെന്ന ഉത്തരവ് നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തുന്നതിന് ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും.
https://www.facebook.com/Malayalivartha



























