തൃശൂര്‍പൂരം ഇന്ന് ; കണ്ണിനും കാതിനും ദൃശ്യവിരുന്ന് നല്‍കുന്ന പൂരക്കാഴ്ചകള്‍ക്ക് തുടക്കം; വര്‍ണ്ണ വിസ്മയമൊരുക്കി വൈകിട്ട് കുടമാറ്റം

ഇന്നു തൃശൂര്‍ പൂരം. വെടിക്കെട്ടിന് അനുമതി ലഭിച്ചതോടെയാണ് ചടങ്ങു മാത്രമായി അവസാനിക്കുമെന്നു കരുതിയിരുന്ന പൂരത്തിനു പൂര്‍ണ സൗന്ദര്യത്തില്‍ അരങ്ങൊരുങ്ങിയത്. ലോകത്തെ മനോഹര ദൃശ്യങ്ങളിലൊന്നായി യുനെസ്‌കോ പട്ടികയില്‍ ഇടംകണ്ട തൃശൂര്‍ പൂരത്തിന്റെ സൗന്ദര്യം കാണാനും ക്യാമറയില്‍ പകര്‍ത്താനുമായി വിദേശികളടക്കം ആവേശത്തിലാണ്. നൂറിലധികം ഗജവീരന്മാര്‍ എത്തിയതോടെ നഗരത്തിന് ആനപ്പെരുമയുമായി. കണ്ണിനും കാതിനും ദൃശ്യവിരുന്ന് നല്‍കുന്ന മുപ്പത്താറ് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പൂരകാഴ്ച്ചയ്ക്ക് അല്‍പ്പ സമയത്തിനകം തുടക്കമാകും....
ഇന്നലെ രാവിലെ വടക്കുന്നാഥന്റെ തെക്കേ ഗോപുരവാതില്‍ തള്ളിത്തുറന്ന് നെയ്തലക്കാവ് ഭഗവതി പൂരവിളംബരം നടത്തി. ഇന്നു രാവിലെ പതിനൊന്നരയ്ക്ക് തിമിലയില്‍ കോങ്ങാട് മധുവിന്റെ ആദ്യ പെരുക്കത്തോടെ തിരുവമ്പാടിയുടെ മഠത്തില്‍വരവു തുടങ്ങും. സുഖമില്ലാത്തതിനാല്‍ അന്നമനട പരമേശ്വരമാരാര്‍ ഇക്കുറി പൂരത്തിനില്ല. അപ്പുറത്ത് തുടര്‍ച്ചയായി 19 ാം വര്‍ഷവും പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളത്തിനു പ്രമാണിയായി പെരുവനം കുട്ടന്‍ മാരാരുണ്ടാകും. ഉച്ചയ്ക്കു രണ്ടിനു വടക്കുംനാഥക്ഷേത്രത്തിലാണ് ഇലഞ്ഞിത്തറമേളം. ഇന്നു രാവിലെ ഏഴരയ്ക്ക് കണിമംഗലം ശാസ്താവ് ക്ഷേത്രനഗരിയില്‍ എഴുന്നെള്ളിയെത്തുന്നതോടെ ചടങ്ങുകള്‍ തുടങ്ങും.
ലാലൂര്‍, അയ്യന്തോള്‍, നെയ്തലക്കാവ്, കാരമുക്ക്, ചെമ്പുക്കാവ്, ചൂരക്കോട്ടുകാവ് ഭഗവതിമാരും പനമുക്കംപിള്ളി ശാസ്താവും എഴുന്നെള്ളും. ഉച്ചയ്ക്കു പന്ത്രണ്ടിന് പാറമേക്കാവിലമ്മയുടെ കൂട്ടിനിരപ്പ്. വൈകിട്ട് അഞ്ചിന് ആദ്യം പാറമേക്കാവിലമ്മ തെക്കോട്ടിറങ്ങും. തുടര്‍ന്ന് പാണ്ടിമേളം കലാശിച്ച് തിരുവമ്പാടിയുമെത്തും. ഇരുകൂട്ടരും മുഖാമുഖം നിരന്നാല്‍ കുടമാറ്റമായി. പുത്തന്‍ ജാലവിദ്യകളാണ് കുടകളില്‍ വിരിയുക. വെളിച്ചവിസ്മയങ്ങളും കുടകളില്‍ വേണ്ടുവോളം ഒരുക്കിയിട്ടുണ്ട്.
രാത്രിപ്പൂരങ്ങളില്‍ രാവിലെ നടന്ന ചടങ്ങുകളുടെ ആവര്‍ത്തനം. പുലര്‍ച്ചെ മൂന്നിന് വെടിമരുന്നു കത്തിക്കും. ശബ്ദം കുറച്ച് വര്‍ണം കൂട്ടിയാണ് മാനത്തെ പൂരം ഒരുക്കുന്നത്. നാളെ രാവിലെ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ പതിനഞ്ചാനകളുമായി വടക്കുന്നാഥന്റെ ശ്രീമൂലസ്ഥാനത്തേക്കു പാണ്ടിമേളവുമായി കൊട്ടിക്കയറും. ഉച്ചയ്ക്ക് 12ന് ഉപചാരം പറഞ്ഞു പിരിയല്‍. അതിനു ശേഷവും മിനി വെടിക്കെട്ട്. ഇന്നു രാവിലെ മുതല്‍ നാളെ ഉച്ചവരെ മദ്യശാലകള്‍ അടച്ചിടും
https://www.facebook.com/Malayalivartha























