രുദ്രയുടെ മരണം: ഉത്തരവാദികളെ നിയമത്തിനുമുന്നില്‍ കൊണ്ടു വരാനായി മാതാവിന്റെ ശവപ്പെട്ടി സമരം

ലാളിച്ചു കൊതി തീരുന്നതിനു മുന്‍പേ കാലയവനികക്കുള്ളിലേക്ക് മറഞ്ഞ കുരുന്നിന്റെ മരണത്തിന് ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാനായി മാതാവിന്റെ വേറിട്ട സമരം. വെള്ള പുതച്ച് ശവപ്പെട്ടിക്കുള്ളില്‍ കിടന്നാണ് ഊരൂട്ടമ്പലം കോട്ടമുഗള്‍ വിലങ്ങത്തറയില്‍ രമ്യ ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിനു മുന്നില്‍ വേറിട്ട സമരമുഖം തുറന്നത്.
എസ്.എ.ടി ആശുപത്രിയില്‍ ചികിത്സക്കിടയില്‍ മരിച്ച രുദ്രയുടെ മരണം ചികിത്സാ പിഴവുമൂലമാണെന്നും പൊന്നോമനയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് രമ്യയും ഭര്‍ത്താവ് സുരേഷ് ബാബുവും മൂത്ത മകളും സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്നത്. ശരീരത്തില്‍ ചുവന്ന പാടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് ചികിത്സക്കായി രുദ്രയെ എസ്.എ.ടിയില്‍ എത്തിക്കുന്നത്. ചികിത്സക്കിടയില്‍ ശരീരത്തില്‍ പൊള്ളലേറ്റതുപോലെ വന്നതായി സുരേഷ് ബാബു പറയുന്നു.
ചികിത്സ തുടരവേ കഴിഞ്ഞ ജൂലൈ പത്തിന് രുദ്രയെ മരണം കവരുകയായിരുന്നു. ഇതേത്തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായി. കുടുംബാംഗങ്ങളുടെ ദു:ഖം ഉള്‍ക്കൊണ്ട് സാമൂഹിക മാധ്യമങ്ങളിലും മറ്റും വന്‍ പ്രതിഷേധം ഉയര്‍ന്നു.
കുഞ്ഞിന്റെ ശരീരത്തില്‍ പരീക്ഷണ ചികിത്സ നടത്തിയതുമൂലമാണ് മരണം സംഭവിച്ചതെന്ന പരാതിയെ ത്തുടര്‍ന്ന് വീട്ടുവളപ്പില്‍ മറവുചെയ്ത മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. രാസപരിശോധനക്കായി അയച്ച സാമ്പിളുകളുടെ പരിശോധനാഫലം ഇതേവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നുമാണ് സുരേഷ്‌കുമാര്‍ പറയുന്നത്. അന്വേഷണം പാതിവഴിയില്‍ നിലച്ചതിനെ തുടര്‍ന്ന് മന്ത്രിമാരടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയ സുരേഷ് ബാബുവും കുടുംബവും സെക്രട്ടേറിയറ്റ് നടയില്‍ സമരവും ആരംഭിക്കുകയായിരുന്നു.
സമരമുഖത്തേക്ക് അധികൃതരാരും തിരിഞ്ഞു നോക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യാഭീഷണി മുഴക്കിയ സൂരേഷ് ബാബുവിനെതിരെ പോലീസ് കേസുമെടുത്തു. ഇതിനിടയില്‍ അധികൃതര്‍ നല്‍കിയ ഉറപ്പിന്‍മേലും തങ്ങള്‍ക്ക് നീതി ലഭിക്കുമെന്നുമുള്ള വിശ്വാസത്താലും സമരം അവസാനിപ്പിച്ചെങ്കിലും നടപടികള്‍ ഒന്നും ആകാത്തതുമൂലമാണ് വേറിട്ട സമരവുമായി വീണ്ടും കുടുംബം സമരമുഖത്തേക്ക് വന്നിരിക്കുന്നത്.
ഇനി നീതി ലഭിച്ച ശേഷമേ സമരം അവസാനിപ്പിക്കൂവെന്ന നിലപാടിലാണ് സുരേഷ്ബാബുവും കുടുംബാംഗങ്ങളും
https://www.facebook.com/Malayalivartha























