നിര്‍ഭയയ്ക്കു നീതി : അവര്‍ നാലു പേര്‍... കുറ്റവാളികള്‍ ജീവനൊടുക്കാതിരിക്കാന്‍ കനത്തകാവല്‍ ഏര്‍പ്പെടുത്തി

രാജ്യത്താകെ ഞെട്ടിച്ച സംഭവമാണ് നിര്‍ഭയകേസ്. അഞ്ച് പുരുഷന്‍മാരും ഒരു കുട്ടിയും ചേര്‍ന്നു നടത്തിയ ഓടിക്കൊണ്ടിരുന്ന ബസില്‍ നടത്തിയ കൂട്ടമാനഭംഗം രാജ്യത്തെയാകെ ഞെട്ടിച്ചു. തെക്കന്‍ ഡല്‍ഹിയിലെ ആര്‍.കെ. പുരത്തെ ചേരിക്കാരാണു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലുപേരും.
അക്ഷയ് ഠാക്കൂര്‍ (32) ബിഹാറിലെ ഔറംഗാബാദ് ജില്ലക്കാരനാണ്. സ്‌കൂള്‍ വിദ്യാഭ്യാസം പകുതി വഴിക്കു നിര്‍ത്തിയ ഇയാള്‍ക്കു മേല്‍ ബലാത്സംഗക്കുറ്റമാണ് ആരോപിച്ചത്. ഇയാള്‍ക്ക് ഭാര്യയും ഒരു മകനുമുണ്ട്.
പീഡനം നടന്ന 2012 ഡിസംബര്‍ 16 ന് ഠാക്കൂര്‍ വീട്ടില്‍ തന്നെയുണ്ടായിരുന്നെന്ന കുടുംബാംഗങ്ങളുടെ വാദം കോടതി നേരത്തെ തന്നെ തള്ളിയിരുന്നു.
മുകേഷ് സിങ് (31) ബസിന്റെ ക്ലീനറായിരുന്ന ഇയാള്‍ പെണ്‍കുട്ടിയെയും ആണ്‍ സുഹൃത്തിനെയും ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു വീഴ്ത്തി. പീഡനത്തിനു തുടക്കമിട്ടത് ഇയാളാണ്. 2015 ല്‍ തിഹാര്‍ ജയിലില്‍ വച്ച് ബി.ബി.സിക്ക് ഇയാള്‍ നല്‍കിയ അഭിമുഖം വിവാദമായിരുന്നു. രാത്രി സഞ്ചരിക്കുന്ന സ്ത്രീകള്‍ പുരുഷന്‍മാര്‍ക്കു പ്രലോഭനം ഉണ്ടാക്കുന്നതായി മുകേഷ് സിങ് പ്രസ്താവിച്ചിരുന്നു.
പവന്‍ ഗുപ്ത (23) നാലു കുറ്റവാളികളില്‍ ഏറ്റവും പ്രായം കുറഞ്ഞ ഗുപ്ത പഴക്കച്ചവടക്കാരനായിരുന്നു. പെണ്‍കുട്ടിയെയും ആണ്‍ സുഹൃത്തിനെയും അടിച്ചു വീഴ്ത്താന്‍ ഇയാളുമുണ്ടായിരുന്നു. തിഹാര്‍ ജയിലില്‍ കിടന്ന് ബിരുദം നേടാന്‍ ഗുപ്തയ്ക്കായി.
വിനയ് ശര്‍മ (25) പെണ്‍കുട്ടിയും ആണ്‍ സുഹൃത്തും ബസില്‍ കയറുമ്പോള്‍ ഓടിച്ചിരുന്നത് വിനയ് ശര്‍മയാണ്. തിഹാര്‍ ജയിലില്‍ സഹ തടവുകാരന്‍ തന്നെ മര്‍ദിച്ചയതായി വിനയ് ശര്‍മ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ചിലര്‍ തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും വിനയ് ശര്‍മ പറഞ്ഞു.
നിര്‍ഭയക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളി ദക്ഷിണേന്ത്യയില്‍ എവിടെയോ ഹോട്ടലില്‍ പാചകത്തൊഴിലാളിയായി ജീവിക്കുന്നതായി സൂചന. ഡല്‍ഹി കൂട്ടമാനഭംഗം നടക്കുമ്പോള്‍ പതിനെട്ടു തികഞ്ഞിട്ടില്ലാത്ത ഇയാളെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം മൂന്നു വര്‍ഷത്തേക്കാണു ശിക്ഷിച്ചത്. 2015 ഡിസംബര്‍ 20 ന് ശിക്ഷ പൂര്‍ത്തിയാക്കിയ ഇയാളെ ഒരു സന്നദ്ധ സംഘടന ഏറ്റെടുത്തു. കുറച്ചു നാള്‍ അവരുടെ സംരക്ഷണയിലായിരുന്നു. പിന്നീടാണു ദക്ഷിണേന്ത്യയിലേക്കു കൊണ്ടുപോയത്. സുരക്ഷാ കാരണങ്ങളാല്‍ ഇയാള്‍ എവിടെയാണെന്നോ മറ്റു വിവരങ്ങളോ കൈമാറാന്‍ സംഘടന വിസമ്മതിച്ചു. പാചകത്തിലുള്ള താല്‍പര്യവും നൈപുണ്യവും കണക്കിലെടുത്താണ് പാചകക്കാരന്റെ ജോലി നേടിക്കൊടുത്തത്. തൊഴിലുടമയ്ക്കു പോലും ഇയാളുടെ പൂര്‍വകാലം അറിയില്ലെന്നു മാത്രം അവര്‍ വ്യക്തമാക്കി.
പതിനൊന്നാം വയസില്‍ വീടുവിട്ട ചരിത്രമാണ് ആ കുട്ടിക്കുറ്റവാളിക്കുള്ളത്. ഡല്‍ഹിയില്‍നിന്ന് 240 കിലോ മീറ്റര്‍ അകലെയാണു വീട്. ഇയാളുടെ മൂത്ത സഹോദരിയാണ് ആറ് പേരുടെ കുടംബം നടത്തിയിരുന്നത്. ജീവിക്കാന്‍ വേണ്ടി ഡല്‍ഹിയിലെത്തിയതോടെയാണു സ്വഭാവം മാറിയത്. ഇന്ന് 23 വയസുള്ള ഇയാളെക്കുറിച്ചു മാധ്യമങ്ങള്‍ക്കു പിടിയില്ലെങ്കിലും ഇന്റലിജന്‍സ് ബ്യൂറോ അടക്കമുള്ള ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്.
നിര്‍ഭയക്കേസില്‍ വിധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലു കുറ്റവാളികളും ജീവനൊടുക്കാതിരിക്കാന്‍ തിഹാര്‍ ജയിലില്‍ കനത്തകാവലേര്‍പ്പെടുത്തി. ബസ് ഡ്രൈവറായിരുന്ന ഒന്നാംപ്രതി രാംസിങ് 2013 മാര്‍ച്ചില്‍ ജീവനൊടുക്കിയ സാഹചര്യത്തിലാണിത്. അറസ്റ്റിലായി മൂന്നുമാസത്തിനകമായിരുന്നു ഇത്. ഇവരുടെ ഓരോ ചലനവും സുക്ഷ്മമായി നിരീക്ഷിക്കാന്‍ വാര്‍ഡര്‍ന്മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചതിനാല്‍ താന്‍ ഇനി സുഖമായി ഉറങ്ങുമെന്നു കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ്. കോടതി വിധി പ്രസ്താവിച്ചതിനു പിന്നാലെയാണ് ബദ്രിനാഥിന്റെ പ്രസ്താവന. തന്റെ മകളുടെ ആത്മാവിന് ഇനി ശാന്തി ലഭിക്കുമെന്നും ബദ്രി പറഞ്ഞു. ഭാര്യ ആഷാ ദേവിയും കോടതി വിധി കേള്‍ക്കാനെത്തിയിരുന്നു. ജീവിച്ചിരുന്നെങ്കില്‍ മകള്‍ക്ക് 28 വയസ്സ് തികയുമായിരുന്നെന്നും മകള്‍ക്ക് നീതി ലഭിച്ചെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























