യുവാവിന്റെ കൊലപാതകം ആസൂത്രിതം: കൊലപ്പെടുത്തിയത് മൂന്നു പവന്റെ മാല തട്ടിയെടുക്കാന്‍, പ്രതി ഒപ്പം മദ്യപിച്ച സുഹൃത്ത്

വാഴക്കുളത്തുനിന്നു കാണാതായ പെയിന്റിങ് തൊഴിലാളിയെ വനത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകം. പണം സ്വര്‍ണമാലയും തട്ടിയെടുക്കാനാണു കൊലനടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് മൂന്നു ദിവസം മുമ്പ് കസ്റ്റഡിയില്‍ എടുത്ത ഇടുക്കി മന്നാങ്കണ്ടം പഴമ്പിള്ളിച്ചാല്‍ പള്ളിത്താഴത്ത് സുജിത്തിന്റെ (31) അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വാഴക്കുളത്തെ വികാസ് ഹോട്ടലില്‍ ജീവനക്കാരനാണ് സുജിത്ത്. ഒരുമിച്ചിരുന്നു മദ്യപിച്ചവഴിയാണ് സന്തോഷുമായി സൗഹൃദം. സന്തോഷിന്റെ മൂന്നുപവന്റെ മാല കവരുക എന്ന ലക്ഷ്യമാണ് പ്രതിയെ കുറ്റകൃത്യത്തിനു പ്രേരിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. ചിട്ടിവിളിച്ച് കിട്ടിയ പണവും സന്തോഷിന്റെ പക്കലുണ്ടായിരുന്നുവെന്ന കാര്യവും പ്രതിക്ക് അറിയാമായിരുന്നു. ഇതും കവര്‍ന്നെടുക്കാനും പ്രതി പദ്ധതിയിട്ടിരുന്നു.
കഴിഞ്ഞ 28 നാണ് വാഴക്കുളം ചാവറകോളനി ഭാഗത്ത് പേരാലിന്‍ചുവട്ടില്‍ നാരായണന്റെ മകന്‍ സന്തോഷ്‌കുമാറിനെ (49) കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ച നേര്യമംഗലത്തിനു സമീപം ആറാംമൈലില്‍ നിന്ന് മാമലക്കണ്ടത്തേക്കു പോകുന്ന വനപാതയ്ക്കുസമീപം വട്ടവള കൊക്കയിലാണ് സന്തോഷിന്റെ മൃതദേഹം കണ്ടെത്തിയത്. കാണാതായ അന്നുതന്നെ സന്തോഷിന്റെ സഹോദരന്‍ പോലീല്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വാഴക്കുളത്തെ ഹോട്ടല്‍ ജീവനക്കാരനായ സുജിത്തിന്റെ മാരുതി 800 കാറില്‍ സന്തോഷ് കയറിപ്പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. ഉടനടി സുജിത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‌തെങ്കിലും സന്തോഷിനെ പെയിന്റിങ് ആവശ്യത്തിനു വിളിച്ചുകൊണ്ടുപോയതാണെന്നും അതിനുശേഷം തിരികെ എത്തിച്ചുവെന്നുമായിരുന്നു മൊഴി. പ്രതി ഇതില്‍ ഉറച്ചുനിന്നതോടെ പോലീസ് കുഴഞ്ഞു. ഇതിനിടെ അജ്ഞാതമൃതദേഹം വനത്തിനുള്ളിലെ കൊക്കയില്‍ കണ്ടെത്തിയ വിവരം പുറത്തുവന്നതോടെയാണ് കൊലപാതകത്തിന്റെ ചുരുള്‍ നിവര്‍ന്നത്.
കാറില്‍ സന്തോഷിനെ കയറ്റിയശേഷം ഇരുവരും ആദ്യം പോയത് പോത്താനിക്കാടുള്ള ബിവറേജസ് മദ്യവില്‍പന ശാലയിലേക്കാണ്. അവിടുന്നു മദ്യംകിട്ടാതെ വന്നതോടെ അടിമാലിക്കു സമീപമുള്ള ഇരുമ്പുപാലത്തെ ബിവറേജസ് മദ്യവില്‍പനശാലയില്‍ എത്തി മദ്യം വാങ്ങി കഴിച്ചു. പിന്നീട് തിരികെ പത്തുമണിയോടെ വാഴക്കുളത്തേക്കു പോകാന്‍ തീരുമാനിച്ചു. വഴിമധ്യേ കാറില്‍വച്ച് ഇരുവരും തമ്മില്‍ വാക്കേറ്റവും ഉണ്ടായി. തുടര്‍ന്ന് മദ്യലഹരിയില്‍ സന്തോഷ് അബോധാവസ്ഥയിലായി. പിന്നീട് വിജനമായ ആവോലിച്ചാല്‍ റോഡരികില്‍ സുജിത്ത് കാര്‍ നിര്‍ത്തി സന്തോഷിനെ വലിച്ചിറക്കി കരിങ്കല്ലിനിടിച്ചു കൊന്നശേഷം മൃതദേഹം കാറില്‍ കയറ്റി ആറാംമൈലിനു സമീപം വട്ടവളവിലെ കൊക്കയിലേക്കു തള്ളി. സന്തോഷിന്റെ മൊബൈല്‍ പ്രതി കാട്ടില്‍ വലിച്ചെറിഞ്ഞശേഷം പ്രതി ഒന്നും സംഭവിക്കാത്തതുപോലെ വാഴക്കുളത്തേക്കു മടങ്ങി.
പ്രതിയുടെ വാഴക്കുളത്തുള്ള ഭാര്യാ വീട്ടില്‍നിന്ന് സന്തോഷിന്റെ മൂന്നുപവന്റെ മാല പോലീസ് ഇന്നലെ കണ്ടെടുത്തു. മാല കവരുന്നതിനുവേണ്ടിയാണ് കൃത്യം നിര്‍വഹിച്ചതെന്നാണ് പ്രതിയുടെ കുറ്റസമ്മതം. വാഴക്കുളത്ത് പ്രതി ജോലി ചെയ്യുന്ന ഹോട്ടലില്‍ സ്ഥിരസന്ദര്‍ശകനായിരുന്നു സന്തോഷ്. ഇരുവരും ഒന്നിച്ചു മദ്യപിക്കുമായിരുന്നു. ഈ സൗഹൃദം മുതലെടുത്താണ് കൊലപാതകം നടത്തിയത്. പ്രതിയുടെ സ്വദേശമായ പഴമ്പിള്ളിച്ചാലിലേക്കുള്ള വനപാതയാണ് കൃത്യം നിര്‍വഹിക്കാന്‍ തെരഞ്ഞെടുത്തത്. വാഴക്കുളത്തു നിന്നും സന്തോഷിനെ സുജിത്ത് കാറില്‍ കയറ്റുന്നതും ഇരുമ്പുപാലത്തുള്ള ബിവറേജസില്‍ നിന്ന് മദ്യംവാങ്ങുന്നതുമെല്ലാം ക്യാമറയില്‍ പതിഞ്ഞിരുന്നത് അന്വേഷണം എളുപ്പമാക്കി.
https://www.facebook.com/Malayalivartha























