കരുത്തോടെ തിരിച്ചെത്തിയ സെന്‍കുമാര്‍ കൂടുതല്‍ അപകടകാരിയാകും

സുപ്രീംകോടതിയുടെ ഉത്തരവിന്റെ കരുത്തില്‍ പൊലീസ് മേധാവിയായി വരുന്ന സെന്‍കുമാര്‍ കൂടുതല്‍ കരുത്തിലാണ്. സെന്‍കുമാര്‍ അധികാരത്തിലേക്ക് എത്തുമെന്ന് മനസ്സിലാക്കി 100 ഡിവൈ എസ് പി മാരെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു.
പൊലീസ് ഉപദേശകനായി രമണ്‍ ശ്രീവാസ്തവയെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയോഗിച്ചതും സെന്‍കുമാറിനെ മെരുക്കാനാണ്. ഇതിനൊപ്പം പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി ടോമിന്‍ തച്ചങ്കരിയും എത്തുന്നു. പിണറായിയുടേയും സിപിഎമ്മിന്റേയും വിശ്വസ്തനായ തച്ചങ്കരിയിലൂടെ സര്‍ക്കാര്‍ പൊലീസ് ആസ്ഥാനത്ത് പിടിമുറുക്കും. ഡി വൈ എസ് പിമാരെ മാറ്റിയതും സെന്‍കുമാറിന്റെ പൊലീസിലുള്ള പിടിവള്ളികളില്ലാതെയാക്കാനാണ്.
ഇതിന് മറുപടിയായി സിഐമാരേയും എസ് ഐമാരേയും സെന്‍കുമാറും സ്ഥലം മാറ്റിയേക്കും. ഇത് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുമുണ്ട്. നളിനി നെറ്റോയെ കേസെടുത്ത് കുടുക്കാനുള്ള സെന്‍കുമാറിന്റെ നീക്കം സര്‍ക്കാര്‍ തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കടുത്ത നടപടികള്‍ പ്രതീക്ഷിക്കുന്നത്.
ഡിവൈഎസ്പിമാര്‍ മുതലുള്ള പൊലീസുകാരുടെ സ്ഥലം മാറ്റം ആഭ്യന്തര വകുപ്പിന്റെ അധികാര പരിധിയിലാണ്. എന്നാല്‍ എസ് ഐമാരേയും സി ഐമാരേയും സ്ഥലം മാറ്റുന്നത് ഡിജിപിയും. കീഴ് വഴക്കമനുസരിച്ച് സര്‍ക്കാരിന്റെ അഭിപ്രായം തന്നെയാകും ഇത്തരം സ്ഥലം മാറ്റത്തില്‍ ഡിജിപിയും നടപ്പാക്കുക. അതുകൊണ്ട് തന്നെ ഭരണത്തിലിരിക്കുന്നവര്‍ക്ക് താല്‍പ്പര്യമുള്ള എസ് ഐമാരും സിഐമാരും പ്രധാന സ്ഥാനങ്ങളിലെത്തും. ഇങ്ങനെ ലോക്‌നാഥ് ബെഹ്‌റയുടെ കാലത്ത് നിര്‍ണ്ണായക പദവികളില്‍ എല്ലാം ഇടത് ആഭിമുഖ്യമുള്ള പൊലീസുകാരെ നിയോഗിച്ചിരുന്നു. ഇവരെയെല്ലാം സെന്‍കുമാര്‍ സ്ഥലം മാറ്റുമെന്നാണ് സൂചന. ഇത്തരം നീക്കങ്ങളില്‍ കരുതലോടെ പ്രതികരിക്കാനും ഇടപെടല്‍ നടത്താനും തച്ചങ്കരിയോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. എന്നാല്‍ തന്റെ അധികാര പരിധിയില്‍ കൈകടത്താന്‍ ആരേയും അനുവദിക്കില്ലെന്നാണ് സെന്‍കുമാറിന്റെ ഉറച്ച നിലപാട്. പൊലീസ് ആസ്ഥാനത്തെ വിഷയത്തില്‍ ഏറ്റുമുട്ടല്‍ ഇല്ലാതൊരു പരിഹാരമാണ് ആഗ്രഹിക്കുന്നത്.
എന്നാല്‍ നളിനി നെറ്റോയ്ക്ക് എതിരെ കേസെടുക്കുമെന്നാണ് സെന്‍കുമാറിന്റെ നിലപാട്. തന്റെ സ്ഥാനചലനവുമായി ബന്ധപ്പെട്ട് നളിനി നെറ്റോ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കെ തയാറാക്കിയ റിപ്പോര്‍ട്ടുകളിലെ വൈരുധ്യവും രണ്ടാം റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിയെ കാണിക്കാതെ നേരിട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചതിന്റെ കാരണവുമാകും അന്വേഷിക്കുക. . നളിനി നെറ്റോ ഫയലില്‍ കൃത്രിമം കാട്ടിയെന്ന് സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതില്‍ സുപ്രീംകോടതിയുടെ പ്രതികരണങ്ങള്‍ സെന്‍കുമാറിന് അനുകൂലമായിരുന്നു. ചൊവ്വാഴ്ച സുപ്രീംകോടതിയുടെ നിലപാടുകള്‍ കൂടി പരിശോധിച്ചാകും അന്തിമ തീരുമാനം എടുക്കുക. നളിനി നെറ്റോയെ അറസ്റ്റ് ചെയ്യുന്നതിന്റെ സാധ്യതയും സെന്‍കുമാര്‍ തേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























