കണ്ണൂരില്‍ സി.പി.എം ആര്‍.എസ്.എസ് സംഘര്‍ഷം

സി.പി.എം ആര്‍.എസ്.എസ് സംഘര്‍ഷത്തില്‍ എട്ടു വീടുകള്‍ തകര്‍ത്തു. കാറും ബൈക്കുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങളും അടിച്ചു തകര്‍ത്തു. നിരവധി പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. ഇന്നലെ രാത്രി 7.30ഓടെ ആരംഭിച്ച അക്രമ പരമ്പര അര്‍ദ്ധരാത്രിയോളം നീണ്ടു. കോടിയേരി, നങ്ങാറത്തുപീടിക, വയലളം പ്രദേശങ്ങളിലാണ് അക്രമമുണ്ടായത്. യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു ഇന്നലെ രാത്രിയിലുണ്ടായത്. ഇന്നലെ ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ വാര്‍ഡ് മഹോത്സവങ്ങളുടെ ഭാഗമായി വിളംബര ജാഥ നടത്തിയിരുന്നു. ജാഥയുടെ പിന്നലത്തെ വാഹനത്തിലുള്ളവര്‍ ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിച്ചതാണ് സംഭവങ്ങള്‍ക്ക് കാരണമായതെന്ന് ബി.ജെ.പിക്കാരും വിളംബര ജാഥയിലെ സ്ത്രീകള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയതാണ് കുഴപ്പങ്ങള്‍ക്ക് കാരണമെന്ന് സി.പി.എം പ്രവര്‍ത്തകരും ആരോപിച്ചു.
സി.പി.എം കോടിയേരി സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗവും കൊമ്മല്‍ ബ്രാഞ്ച് സെക്രട്ടറിയുമായ പി. രാജീവ് കുമാറിന്റെ വീടിന്റെ മുഴുവന്‍ ജനലുകളും തകര്‍ക്കുകയും മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും മഴു ഉപയോഗിച്ച് തകര്‍ത്തു. കാറിന്റെ മുകളില്‍ ചെങ്കല്ലുകളിട്ടും കേടുപാടുണ്ടാക്കി. ബൈക്കിന്റെ ടാങ്കര്‍ കുത്തിപ്പൊട്ടിച്ചു. മോട്ടോര്‍ പമ്പ് സെറ്റ്, ചിമ്മിണി തുടങ്ങിയവയെല്ലാം തകര്‍ത്തു. രാത്രി 10.40ഓടെയായിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ 25 അംഗസംഘം ആക്രമിച്ചതായാണ് പരാതി. പുന്നോല്‍ സര്‍വീസ് ബാങ്ക് ഭരണസമിതി അംഗവും സി.പി.എം നേതാവുമായ നങ്ങാറത്തുപീടികയിലെ കെ. രവീന്ദ്രന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. ജനല്‍ചില്ലുകള്‍ പാടെ തകര്‍ത്തു. പൈപ്പ് ലൈനുകളും നശിപ്പിച്ചു.

രണ്ട് ബൈക്കുകളും നശിപ്പിച്ചു. രവീന്ദ്രന്റെ മകള്‍ നിത (18) യ്ക്ക് ചില്ലുകള്‍ തറച്ച് പരിക്കേറ്റു. ഇവരെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പി പ്രവര്‍ത്തകനായ രോഷ്‌നി നിവാസില്‍ രവീന്ദ്രന്റെ വീടിന് നേരെ അക്രമമുണ്ടായി. ജനല്‍ ഗ്‌ളാസുകള്‍ തകര്‍ത്തു. കര്‍ഷക മോര്‍ച്ച നേതാവും ബി.ജെ.പി ജില്ലാ മുന്‍ വൈസ് പ്രസിഡന്റ് എം.പി രഘുനാഥിന്റെ സഹോദരന്‍ ശ്രീവത്സത്തില്‍ വത്സരാജിന്റെ വീട് അടിച്ചു തകര്‍ത്തു. മുന്‍വശത്തെ വാതിലുകളും മുഴുവന്‍ ജനല്‍ ഗ്‌ളാസുകളും ഫര്‍ണീച്ചറുകളും നശിപ്പിച്ചു. ബി.ജെ.പി പ്രവര്‍ത്തകനായ ശശാങ്കത്തില്‍ സായിഷിന്റെ വീടിന് നേരെ അക്രമമുണ്ടായി. ജനല്‍ചില്ലുകള്‍, വാതിലുകള്‍, പൈപ്പ് ലൈനുകള്‍, വാട്ടര്‍ ടാങ്ക് എന്നിവ നശിപ്പിച്ചു. വൈദ്യുതി ബന്ധംവിച്ഛേദിച്ചായിരുന്നു 20 അംഗ സംഘം അക്രമം നടത്തിയത്. സി.പി.എം പ്രവര്‍ത്തകനായ പൈക്കാട്ടുകുനിയില്‍ സര്‍വാത്മികം ഹൗസില്‍ സദാനന്ദന്റെ വീടിന് നേരെയുണ്ടായ അക്രമത്തില്‍ ബൈക്കും തകര്‍ത്തു.
ജനല്‍ ഗ്‌ളാസുകള്‍ ഒരെണ്ണംപോലും ബാക്കിവച്ചില്ല. സദാനന്ദനെ അടുത്തിടെ ആക്രമിച്ചിരുന്നു. തൊട്ടടുത്ത സി.പി.എം പ്രവര്‍ത്തകനായ ജയരാജിന്റെ വീടിന്റെ മുഴുവന്‍ ജനല്‍ ഗ്‌ളാസുകളും അക്രമികള്‍ നശിപ്പിച്ചു. രണ്ട് ബൈക്കുകള്‍ ഇവിടെ തകര്‍ക്കപ്പെട്ടു. മഴു ഉപയോഗിച്ചാണ് നശിപ്പിച്ചത്. ചില്ലുകള്‍ തറിച്ച് കാര്‍ത്തിക് (13), ഋത്വിക് (ഏഴ്)എന്നീ കുട്ടികളെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയലളം ഗുരുവരാലയത്തിനടുത്ത ഷിംല നിവാസില്‍ കൃഷ്ണന്റെ വീട് തകര്‍ക്കുകയും രണ്ട് ബൈക്കുകള്‍ നശിപ്പിക്കുകയും ചെയ്തു.

ജനല്‍ ഗ്‌ളാസുകള്‍ മുഴുവന്‍ തകര്‍ത്തിട്ടുണ്ട്. കൃഷ്ണന്റെ ഭാര്യ കാര്‍ത്ത്യായനി (62), മകള്‍ ലേഖ (35) എന്നിവരെ പരിക്കുകളോടെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊമ്മല്‍ വയലില്‍ കളിക്കുകയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകരായ തെക്കയില്‍ വിഷ്ണു, സനല്‍ എന്നിവരെ ഇന്നലെ വൈകിട്ട് മര്‍ദ്ദിച്ചതായും പരാതിയുണ്ട്. ഇവരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം.എല്‍.എ എ.എന്‍ ഷംസീര്‍, നഗരസഭ ചെയര്‍മാന്‍ സി.കെ രമേശന്‍, ബി.ജെ.പി ജില്ലാ സെക്രട്ടറി എന്‍. ഹരിദാസ് തുടങ്ങിയവര്‍ അക്രമം നടന്ന വീടുകള്‍ സന്ദര്‍ശിച്ചു. ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

https://www.facebook.com/Malayalivartha























