വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കേസ്

വ്യാജദൃശ്യം ട്വിറ്ററിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. രാഷ്ട്രീയസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് കേസ്. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിനുശേഷം സിപിഎമ്മുകാര്‍ ആഹ്ലാദ പ്രകടനം നടത്തിയെന്ന പേരില്‍, കഴിഞ്ഞ ദിവസമാണ് കുമ്മനം രാജശേഖരന്‍ ട്വിറ്ററില്‍ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്.
കുമ്മനത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്െഎ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് റിയാസ് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. പയ്യന്നൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കുമ്മനം, ട്വിറ്ററിലൂടെ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് ആക്ഷേപം. ഇത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും പരാതിയില്‍ പരാമര്‍ശമുണ്ടായിരുന്നു. തുടര്‍ന്ന് കുമ്മനം പോസ്റ്റ് ചെയ്ത ദൃശ്യങ്ങളുടെ നിജസ്ഥിതി പരിശോധിക്കാന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ കണ്ണൂര്‍ എസ്പി ശിവ വിക്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം, ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ യഥാര്‍ഥമാണെന്നായിരുന്നു കുമ്മനം രാജശേഖരന്റെ പ്രതികരണം. അതിന്റെ പേരില്‍ കേസെടുക്കുന്നതില്‍ ഭയമില്ലെന്നും ജയിലില്‍ പോകാന്‍ തയാറാണെന്നും കുമ്മനം കൊച്ചിയില്‍ വ്യക്തമാക്കിയിരുന്നു.
കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ കൊലപാതകം ആഘോഷമാക്കുന്ന സിപിഎം പ്രവര്‍ത്തകരുടേതെന്നു വിശദീകരിച്ചാണ് കുമ്മനം രാജശേഖരന്‍ ട്വിറ്ററില്‍ വിഡിയോ പോസ്റ്റ് ചെയ്തത്. സന്ധ്യയ്ക്ക് ഒരു സംഘം പ്രവര്‍ത്തകര്‍ റോഡിലൂടെ ചെണ്ട കൊട്ടി നൃത്തം ചെയ്തു നടന്നുനീങ്ങുന്നതാണ് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യം. ആര്‍എസ്എസുകാരനായ ബിജുവിന്റെ തല കൊയ്ത ശേഷം കണ്ണൂര്‍ കമ്യൂണിസ്റ്റുകള്‍ ആഘോഷിക്കുന്നു എന്നായിരുന്നു ദൃശ്യത്തിനൊപ്പം നല്‍കിയ കുറിപ്പ്.
https://www.facebook.com/Malayalivartha


























