യാത്രയ്ക്കിടെ നാലുവയസ്സുകാരിയെ രക്ഷിച്ചു; കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും മന്ത്രിയുടെ ആദ്യശമ്പളത്തില്‍ നിന്ന് പാരിതോഷികം

യാത്രയ്ക്കിടെ അര്‍ധരാത്രിയില്‍ അപസ്മാരം ബാധിച്ച കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും മന്ത്രിയുടെ ആദ്യ ശമ്പളത്തില്‍നിന്ന് 25,000 രൂപ വീതം പാരിതോഷികം. ചങ്ങനാശ്ശേരി ഡിപ്പോയിലെ കണ്ടക്ടര്‍ ചങ്ങനാശ്ശേരി സ്വദേശിയുമായ ബിനു അപ്പുക്കുട്ടന്‍, ഡ്രൈവറും പെരുന്ന സ്വദേശിയുമായ കെ.വി. വിനോദ്കുമാര്‍ എന്നിവര്‍ക്കാണ് മന്ത്രിയുടെ വക പ്രത്യേക സമ്മാനം.
ശനിയാഴ്ച രാത്രി 12 ഓടെയാണ് സംഭവം. അങ്കമാലിയില്‍നിന്ന് ചങ്ങനാശ്ശേരിയിലേക്ക് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസില്‍ കോട്ടയത്തേക്ക് പോകാനായി രാത്രി പത്തോടെ മൂവാറ്റുപുഴയില്‍നിന്ന് കയറിയതാണ് ദമ്പതികളും നാലുവയസ്സുള്ള കുഞ്ഞും. ബസ് കൂത്താട്ടുകുളം കഴിഞ്ഞതോടെയാണ് കുട്ടി അപസ്മാര ലക്ഷണം കാട്ടിത്തുടങ്ങിയത്. ഇതോടെ രക്ഷിതാക്കള്‍ പരിഭ്രാന്തരായി. ജീവനക്കാര്‍ ഇരുവരെയും സമാധാനിപ്പിക്കുയും മോനിപ്പള്ളിക്ക് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
ഡോക്ടറോട് സംസാരിച്ചപ്പോള്‍ എത്രയും വേഗം കോട്ടയം മെഡിക്കല്‍ കോളജിലെത്തിക്കാനായുന്നു നിര്‍ദേശം. ആംബുലന്‍സ് സൗകര്യമുണ്ടെങ്കിലും ദമ്പതികളുടെ കൈവശം പണമുണ്ടായിരുന്നില്ല. ഇഞ്ചക്ഷനും പ്രഥമശുശ്രൂഷയും നല്‍കുന്നതിനടക്കം വേണ്ടിവന്ന അരമണിക്കൂറും ബസ് കാത്തു കിടന്നു.
യാത്രക്കാരും ഒപ്പം ചേര്‍ന്നു. 45 മിനിറ്റിനകം മെഡിക്കല്‍ കോളജിലെത്തിക്കണമെന്നതായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നത്. തുടര്‍ന്ന് ബസില്‍ തന്നെ കുട്ടിയെ കോട്ടയത്തെത്തിക്കുകയായിരുന്നു. സ്വന്തം പോക്കറ്റില്‍നിന്ന് ആശുപത്രിച്ചെലവിനും വണ്ടി വാടകക്കുമുള്ള തുക നല്‍കിയാണ് ബസ് ജീവനക്കാര്‍ മടങ്ങിയത്.
സംഭവം എം.എല്‍.എമാര്‍ വഴി അറിഞ്ഞതിനെ തുടര്‍ന്നാണ് മന്ത്രി പാരിതോഷികം പ്രഖ്യാപിച്ചത്. 54,000 രൂപയാണ് മന്ത്രിക്ക് ശമ്പളമായി ലഭിക്കുന്നത്. ഇതില്‍നിന്നാണ് 50,000 രൂപ ജീവനക്കാരുടെ മനുഷ്യസ്‌നേഹത്തിന് പാരിതോഷികമായി മന്ത്രി പ്രഖ്യാപിച്ചത്. ഇരുവരെയും മന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. രണ്ടു പേരെയും തിരുവനന്തപുരത്തേക്ക് ക്ഷണിച്ച് അഭിനന്ദിക്കാനും ആലോചനയുണ്ട്.
https://www.facebook.com/Malayalivartha


























