സ്വാശ്രയ മെഡിക്കല്‍ പി.ജി ഫീസ് 14 ലക്ഷം പോരെന്ന് മാനേജ്‌മെന്റുകള്‍

ഫീസ് 14 ലക്ഷം രൂപയായി സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തിയിട്ടും മതിയാവാതെ സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ പുലര്‍ത്തുന്ന നിസഹകരണവും സമ്മര്‍ദ്ദവും സ്വാശ്രയ മെഡിക്കല്‍ പി.ജി പ്രവേശനം അവതാളത്തിലാക്കി. സീറ്റ് അലോട്ട്‌മെന്റിന് അന്തിമ ഓപ്ഷന്‍ നല്‍കേണ്ട അവസാന ദിവസം ഇന്നാണ്. എന്നാല്‍, തങ്ങളുടെ കോളേജുകളിലെ പി.ജി കോഴ്‌സുകളുടെയും സീറ്റുകളുടെയും വിവരങ്ങള്‍ സ്വാശ്രയ കോളേജുകള്‍ സര്‍ക്കാരിന് കൈമാറുന്നില്ല. പ്രവേശനം നീറ്റ് പരീക്ഷയുടെ റാങ്കടിസ്ഥാനത്തില്‍ മാത്രമാക്കിയതോടെ രണ്ടരക്കോടി വരെ തലവരി വാങ്ങിയിരുന്നത് നിലച്ചതാണ് പ്രശ്‌നം. ഇക്കൊല്ലം എന്‍.ആര്‍.ഐ സീറ്റുകളിലടക്കം എന്‍ട്രന്‍സ് കമ്മിഷണറാണ് അലോട്ട്‌മെന്റ് നടത്തുന്നത്.
ആറ് ഗവ. മെഡിക്കല്‍ കോളേജുകളിലെയും ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നാല് കോളേജുകളിലെയും സീറ്റുകളിലേക്ക് മാത്രമായി വെള്ളിയാഴ്ച ആദ്യഘട്ട അലോട്ട്‌മെന്റ് നടത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ അഞ്ച് സ്വാശ്രയ കോളേജുകള്‍ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഇന്നലെ രാത്രിയോടെ കോഴ്‌സ് വിവരങ്ങള്‍ എത്തിച്ചു. വിവരങ്ങള്‍ ക്രോഡീകരിച്ച് എന്‍ട്രന്‍സ് കമ്മിഷണര്‍ക്ക് കൈമാറാന്‍ സമയമെടുക്കുമെന്നതിനാല്‍ ആദ്യ അലോട്ട്‌മെന്റില്‍ ഈ സീറ്റുകള്‍ ഉള്‍പ്പെടുത്തിയേക്കില്ല. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഈമാസം 31ന് പി.ജി പ്രവേശനം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. മാനേജ്‌മെന്റുകള്‍ക്ക് നേരിട്ട് പ്രവേശനം നടത്താനുമാവില്ല.
കോളേജുകള്‍ കടുംപിടിത്തം തുടര്‍ന്നാല്‍ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സീറ്റുകള്‍ റദ്ദായിപ്പോവും. പി.ജി സീറ്റുകള്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓരോ വര്‍ഷവും പുതുതായി അനുവദിക്കുന്നതായതിനാല്‍ സര്‍ക്കാരിന് ഇതുസംബന്ധിച്ച വിവരങ്ങളില്ല. അതേസമയം, ആദ്യ അലോട്ട്‌മെന്റിനായി ആറ് സര്‍ക്കാര്‍ കോളേജുകളിലെ 623 പി.ജി ബിരുദ, 112 ഡിപ്ലോമ സീറ്റുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഡി.എം.ഇ റംലാബീവി പറഞ്ഞു. അമൃത സര്‍വകലാശാലയിലെയും സ്വാശ്രയ കോളേജുകളിലെയും സീറ്റുകളുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ്.
കോളേജുകളുടെ നടത്തിപ്പ് ചെലവും പി.ജി വിദ്യാര്‍ത്ഥികളുടെ ചെലവും വര്‍ദ്ധിച്ചെന്ന കാരണത്താലാണ് ഫീസ് 30 ലക്ഷമാക്കണമെന്ന് മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം സ്‌റ്റൈപ്പെന്‍ഡ് 32,000ത്തില്‍ നിന്ന് 44,000 ആയി ഉയര്‍ത്തുമ്പോള്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഒരുവര്‍ഷം 5.28 ലക്ഷം രൂപ ചെലവുണ്ടാവും. ഈതുക ഫീസില്‍ നിന്നാണ് നല്‍കേണ്ടതെന്നാണ് സ്വാശ്രയക്കാരുടെ വാദം. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി പലവട്ടം ആവശ്യപ്പെട്ടിട്ടും കോളേജുകള്‍ പ്രോസ്‌പെക്ടസ് സമര്‍പ്പിച്ചിട്ടില്ല. 30 ലക്ഷം രൂപയാണ് പ്രോസ്‌പെക്ടസിലുള്ളതെന്നാണ് സര്‍ക്കാരിന് ലഭിച്ച വിവരം.
https://www.facebook.com/Malayalivartha
























