പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടിയന്തര പരിശോധന; ടി.പി കേസ് പ്രതി അടക്കമുള്ളവരില്‍നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഞായറാഴ്ച അര്‍ധരാത്രി നടത്തിയ അടിയന്തര പരിശോധനയില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ അടക്കമുള്ളവരില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. തടവുശിക്ഷ അനുഭവിക്കുന്ന കേസിലെ ആറാം പ്രതി അണ്ണന്‍ സിജിത്ത് എന്ന എസ് സിജിത്തില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തത്. ഇയാള്‍ക്ക് പുറമേ കൊലക്കേസ് പ്രതി ബാസിത് അലിയില്‍ നിന്നും ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്.
ഒമ്പത് ബ്ലോക്കുകളിലായി നടന്ന പരിശോധനയില്‍ രണ്ട് മൊബൈല്‍ ഫോണുകളും രണ്ട് സിം കാര്‍ഡുകളുമാണ് പിടിച്ചെടുത്തത്. ഇതിന് പുറമേ ആശുപത്രി ബ്ലോക്കില്‍ നടത്തിയ പരിശോധനയില്‍ മള്‍ട്ടി ചാര്‍ജര്‍, ഹെഡ് ഫോണ്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ മേധാവി അടിയന്തിര പരിശോധന നടത്തിയത്. സംഭവത്തില്‍ പൂജപ്പുര പോലീസ് കേസെടുക്കും. ഫോണ്‍ പിടിച്ചെടുത്തത് സംബന്ധിച്ച റിപ്പോര്‍ട്ട് ജയില്‍ സൂപ്രണ്ട് എസ് സന്തോഷ് ജയില്‍ മേധാവിക്ക് കൈമാറും. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.
https://www.facebook.com/Malayalivartha


























