തപാല്‍ വകുപ്പും ഡിജിറ്റലാകുന്നു: പോസ്റ്റ് ഓഫീസ് സേവനത്തിന് ഇനി പുതിയ ആപ്പ്

തപാല്‍ ഉരുപ്പടികള്‍ ഇനി കടലാസില്‍ ഒപ്പിട്ടു കൈപ്പറ്റേണ്ടതില്ല. പോസ്റ്റ്മാന്‍ നീട്ടുന്ന സ്മാര്‍ട്ട് ഫോണില്‍ തെളിയുന്ന സ്‌ക്രീനില്‍ ഒപ്പിട്ടാല്‍ മതി. കാലത്തിനൊപ്പം തപാല്‍ വകുപ്പും ഡിജിറ്റലായിരിക്കുന്നു. എസ്.ബി.ഐയുടെ പുതിയ ചെക്ക്ബുക്കു കൈപ്പറ്റാന്‍ ഒപ്പിടുമ്പോള്‍ പോസ്റ്റ് ഓഫീസിലും ചെക്ക് അയച്ച ബാങ്കിലും ഡെലിവറി മെസേജ് ഒപ്പു സഹിതം എത്തും.
തപാല്‍ ഉരുപ്പടികളുടെ നീക്കവും പോസ്റ്റ് ഓഫീസ് സേവനത്തിന്റെ എല്ലാ വിവരങ്ങളും ഞൊടിയിടയില്‍ അറിയാവുന്ന ആപ്പ് പോസ്റ്റല്‍ വകുപ്പ് തയ്യാറാക്കി. ഈ ആപ്പുള്ള സ്മാര്‍ട്ട് ഫോണ്‍ പ്രധാനപ്പെട്ട പോസ്റ്റ് ഓഫീസുകളിലെ പോസ്റ്റ്മാന്‍മാര്‍ക്ക് ലഭ്യമായി. ഇവരുടെ പരിശീലനം നടക്കുകയാണ്. പോസ്റ്റ് ഇന്‍ഫോ എന്നപേരിലാണ് ആപ്പുള്ളത്.
ഇന്റര്‍നെറ്റ് വഴി ആവശ്യമുള്ളവര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഇന്ത്യയിലെ മെട്രോപ്പോളിറ്റന്‍ സിറ്റികളില്‍ മൂന്നുമാസം മുമ്പ് പദ്ധതി നടപ്പാക്കി. തുടര്‍ന്നാണു പദ്ധതി വ്യാപിപ്പിച്ചത്.
തൃശൂര്‍ ജില്ലയില്‍ തൃശൂര്‍ , കുന്നംകുളം, ചാവക്കാട് തപാല്‍ ഓഫീസുകളില്‍ പദ്ധതി നടപ്പാക്കി. ഓഫീസുകളിലെ കമ്പ്യൂട്ടറുകള്‍ നവീകരിക്കുകയാണ്. വകുപ്പ് ഡിജിറ്റലാകുന്നതോടെ പോസ്റ്റ്മാന്‍മാരുടെ രൂപവും ഭാവവും മാറും. തോളില്‍ സഞ്ചി തൂക്കി, മുഷിഞ്ഞു തുടങ്ങിയ യൂണിഫോം ധരിച്ച്, സൈക്കിള്‍ ചവിട്ടി വിയര്‍ത്തൊലിക്കുന്ന കാഴ്ച പഴങ്കഥയാകും. വീടുകളിലും ഓഫീസുകളിലും പോസ്റ്റ്മാന്‍ ബൈക്കിലെത്തും.
https://www.facebook.com/Malayalivartha























