വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം

വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ഛത്തിസ്ഗഢ് സ്വദേശി രാംനാരായണ്‍ വയ്യാറിന്റെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്ത്. മരിച്ച രാംനാരായണിന്റെ രണ്ട് മക്കള്‍ക്കുമായി 25 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. ഇല്ലെങ്കില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഏറ്റെടുക്കില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.
രാംനാരായണനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചതാണെന്നും അതിനാല്‍ സംഭവത്തില്‍ ആള്‍ക്കൂട്ട കൊലപാതകത്തിനുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നും സഹോദരന്‍ ആവശ്യപ്പെട്ടു. തെഹ്‌സിന്‍ പൂനാവാല കേസിലെ സുപ്രീംകോടതി വിധി പ്രകാരം കേസ് അന്വേഷിക്കുന്നതിനായി ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. സംഭവത്തില്‍ കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ തങ്ങള്‍ക്ക് യാതൊരുവിധ സഹായവും ലഭിച്ചിട്ടില്ലെന്നും ആവശ്യങ്ങള്‍ അംഗീകരിക്കും വരെ മൃതദേഹം ഏറ്റെടുക്കില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ബുധനാഴ്ച മൂന്നുമണിയോടെയായിരുന്നു സംഭവം. കഞ്ചിക്കോട് കിന്‍ഫ്രയില്‍ ജോലി തേടിയാണ് രാംനാരായണന്‍ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലമായതിനാല്‍ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി. ഭാഷയും വശമുണ്ടായിരുന്നില്ല. മാത്രമല്ല മൂന്നുവര്‍ഷം മുന്‍പ് ഭാര്യ ഉപേക്ഷിച്ചുപോയതോടെ ചില മാനസിക പ്രശ്‌നങ്ങള്‍ രാംനാരായണന് ഉണ്ടായിരുന്നു എന്നാണ് അറിയുന്നത്. അട്ടപ്പള്ളത്തെ തൊഴിലുറപ്പ് തൊഴിലാളികളാണ് രാം നാരായണനെ ആദ്യം പ്രദേശത്ത് കാണുന്നത്. തുടര്‍ന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു. പിന്നീട് പ്രദേശവസികള്‍ സംഘം ചേര്‍ന്ന് രാംനാരായണനെ തടഞ്ഞുവച്ചു.
ചോദ്യം ചെയ്‌തെങ്കിലും ഭാഷ അറിയാത്തതിനാല്‍ മറുപടി നല്‍കാനായില്ല. ഇതോടെയാണ് മര്‍ദനം തുടങ്ങിയത്. ചോരതുപ്പി നിലത്തുവീണിട്ടും മര്‍ദനം തുടരുകയായിരുന്നു. മര്‍ദ്ദനമേറ്റ് കുഴഞ്ഞുവീണ ഇയാളെ നാലുമണിക്കൂറിന് ശേഷമാണ് പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പോകുംവഴി പുതുശേരിയിലെത്തിയതോടെ അവശനായി. ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ വാളയാര്‍ അട്ടപ്പള്ളം മാതാളിക്കാട് സ്വദേശികളായ അഞ്ചുപേരെ വാളയാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























