നടിയെ ആക്രമിച്ച കേസ്: ഗൂഢാലോചന വെളിപ്പെടുത്താനൊരുങ്ങി പ്രതികള്‍!!

പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ കേസ് പുതിയ വഴിത്തിരിവിലേക്കു നീങ്ങുന്നതായി സൂചന. നേരത്തേ സംഭവത്തില്‍ ഗൂഡാലോചനയില്ലെന്നു വ്യക്തമാക്കിയ പ്രതികള്‍ ഇപ്പോള്‍ എല്ലാം വെളിപ്പെടുത്താനുള്ള ഒരുക്കത്തിലാണെന്നു റിപ്പോര്‍ട്ടുകള്‍. കോടതിയില്‍ വച്ച് പ്രതികള്‍ എല്ലാം തുറന്നുപറയുമെന്നാണ് സൂചനകള്‍.
കേസിലെ മുഖ്യപ്രതികളായ പള്‍സര്‍ സുനില്‍, ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിന്‍, തിരുവല്ല സ്വദേശി പ്രദീപ് എന്നിവരാണു കോടതിയില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്താന്‍ ഒരുങ്ങുന്നത്. മാര്‍ട്ടിന്‍, പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷ കോടതി ഇന്നലെ പരിഗണിക്കാനിരുന്നതാണ്. ഹര്‍ജിയിലെ വാദത്തിനിടയില്‍ ഇവര്‍ കേസിന്റെ ഇതുവരെ പുറത്തുവരാത്ത ഗൂഢാലോചന സംബന്ധിച്ച വിശദാംശങ്ങള്‍ കോടതിയില്‍ വെളിപ്പെടുത്തുമെന്നായിരുന്നു സൂചന. എന്നാല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നലെ കേസില്‍ വാദം കേട്ടില്ല. ജാമ്യ ഹര്‍ജിയിലെ വാദം 17 ലേക്കു മാറ്റി.
സംഭവത്തില്‍ ഗുഢാലോചന നടത്തിയവര്‍ ഇപ്പോഴും പുറത്താണെന്നതും പ്രതിപ്പട്ടികയില്‍ അവരുടെ പേര് ഉള്‍പ്പട്ടിട്ടില്ലെന്നുമാണ് പ്രതികള്‍ കോടതിയില്‍ ഉന്നയിക്കാന്‍ പോവുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗൂഢാലോചനയെന്ന നിലപാടില്‍ പ്രതികള്‍ എത്തിയപ്പോള്‍ പോലീസ് ഇവയെല്ലാം തള്ളുകയാണ്. ഇപ്പോള്‍ അറസ്റ്റിലായ പ്രതികളെയല്ലാതെ മറ്റാരെയും പിടികൂടാനുള്ള തെളിവുകള്‍ പോലീസിനു ലഭിക്കാത്തതാണ് കാരണം. അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി അവ കാണിച്ചു നടിയെ ബ്ലാക്മെയില്‍ ചെയ്യുക മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നാണ് പ്രതികള്‍ നേരത്തേ പറഞ്ഞത്. എന്നാല്‍ സത്യം ഇതല്ലെന്നും ഇതിനു പിന്നില്‍ ചിലരുണ്ടെന്നും വെളിപ്പെടുത്താനൊരുങ്ങുകയാണ് പ്രതികള്‍.
ഫെബ്രുവരി 17നു രാത്രിയിലാണ് തൃശൂരില്‍ നിന്നു എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ കൊച്ചിയില്‍ വച്ച് പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പള്‍സര്‍ സുനിയും സംഘവും പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ പ്രതികളെ പോലീസ് പിന്നിട് പിടികൂടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രമുഖനായ ഒരു നടനെ പോലീസ് ചോദ്യം ചെയ്യാനിടയുണ്ടെന്ന് രാഷ്ട്രദീപിക കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
കേസിലെ ക്വട്ടേഷന്‍ സാധ്യത സംബന്ധിച്ച് അതിക്രമത്തിന് ഇരയായ നടിയും അവരുടെ അടുത്ത സുഹൃത്തുക്കളും ആദ്യം മുതല്‍ സ്വീകരിച്ച നിലപാടു ശരിവയ്ക്കുന്ന നീക്കമാണു പ്രതികളുടെ ഭാഗത്തു നിന്ന് ഇപ്പോഴുണ്ടാകുന്നത്. എന്നാല്‍, പുതിയ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ പൊലീസ് തയാറായില്ല. 17നു പ്രതികളുടെ ജാമ്യാപേക്ഷയില്‍ നടക്കുന്ന വാദം കേസില്‍ നിര്‍ണായകമാവുമെന്നാണു സൂചന. പ്രതികളുടെ വിലപേശല്‍ തന്ത്രമായും ഇപ്പോഴത്തെ നീക്കത്തെ പൊലീസ് വിലയിരുത്തുന്നുണ്ട്.
https://www.facebook.com/Malayalivartha























