പച്ചക്കറി കിട്ടുന്നില്ല; ആവശ്യസാധനങ്ങളുടെ വില കുതിക്കുന്നു

സംസ്ഥാനത്ത് പച്ചക്കറി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. ഒരിടവേളയ്ക്ക് ശേഷം അരിയുടെ വിലയിലും വന്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ജയ അരിക്ക് 35 മുതല്‍ 38 വരെയും സുരേഖ അരിക്ക് 3537 രൂപയുമാണ് ഹോള്‍സെയില്‍ വില. എന്നാല്‍ ഇത് സാധാരണ റീട്ടെയ്ല്‍ ഷോപ്പുകളിലെത്തുമ്പോള്‍ ഒരു കിലോയ്ക്ക് 50 രൂപ വരെയാകും. അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അരിയുടെയും നെല്ലിന്റെയും വരവ് കുറഞ്ഞതാണ് വില വര്‍ദ്ധിക്കാന്‍ കാരണമായിരിക്കുന്നത്. പച്ചക്കറികള്‍ക്കും തീപിടിച്ച വിലയാണ്. മാര്‍ക്കറ്റില്‍ ക്ഷാമം അനുഭവപ്പെടുന്ന ചെറിയ ഉള്ളിക്ക് കിലോയ്ക്ക് 135 രൂപയാണ് വില.
സവാളയുടെ വിലയിലും 5രൂപ മുതല്‍ 10രൂപ വരെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. തേങ്ങയുടെ വില ഉയര്‍ന്നതോടെ വെളിച്ചെണ്ണയ്ക്കും വില കൂടി. കാലാവസ്ഥ വ്യതിയാനവും ഉത്പാദനം കുറഞ്ഞതുമാണ് പച്ചക്കറി വില കൂടാന്‍ കാരണമായത്. റംസാന്‍ നോമ്പിന്റെയും, പുതിയ കശാപ്പ് നിയന്ത്രണത്തിന്റെയും പശ്ചാത്തലത്തില്‍ ഇറച്ചിയ്ക്കും മീനിനും വില കുതിച്ചുയര്‍ന്നിരിക്കുകയാണ്.ബീഫിന് രണ്ടാഴ്ച കൊണ്ട് 30 രൂപ വരെയാണ് വര്‍ദ്ധിച്ചത്. കോഴിയിറച്ചിയുടെ വില ദിനംപ്രതിയെന്നോണം കൂടുന്നുണ്ട്.
ആട്ടിറച്ചിയ്ക്കാണ് റെക്കോഡ് വിലക്കയറ്റം, കിലോയ്ക്ക് 100 രൂപയാണ് ആട്ടിറച്ചിയ്ക്ക് കൂടിയത്. നോമ്പുകാലമായതാണ് വില വര്‍ദ്ധനവിന് പിന്നിലെ പ്രധാനകാരണം. ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ മീനിനും ഇനി വില കുതിച്ചുയരും. എന്നാല്‍ വ്യാപാരികള്‍ മനപ്പൂര്‍വ്വം വിലക്കയറ്റം സൃഷ്ടിക്കുകയാണെന്നാണ് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പ്രതികരിച്ചത്. സര്‍ക്കാര്‍ ചന്തകളിലൂടെ അരിയും മറ്റു പച്ചക്കറികളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൃത്രിമ വിലക്കയറ്റം നിയന്ത്രിക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പ് കര്‍ശന പരിശോധന നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha























