ശംഖുമുഖത്തെ ചക്രക്കുളവും കല്‍മണ്ഡപവും നവീകരിക്കുന്നു

ശംഖുമുഖം ബീച്ചിന്റെ ഭാഗമായ ചക്രക്കുളവും കല്‍മണ്ഡപങ്ങളും നവീകരിക്കാന്‍ പോകുന്നു. വര്‍ഷങ്ങളായി, ശംഖുമുഖത്തെ ചക്രക്കുളം കാടുപിടിച്ചു നശിച്ചു കിടക്കുക്കുന്നു. ബീച്ചിലെ കല്‍മണ്ഡപങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയിരുന്നു. ജനങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തി മാധ്യമങ്ങള്‍, ഇവ നശിക്കുന്ന അവസ്ഥയിലാണെന്നു വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അധികൃതര്‍ ഇവ അറ്റകുറ്റപ്പണി നടത്തി നവീകരിക്കാന്‍ തയാറായത്. 1.21 കോടി രൂപ മുടക്കിയാണു ചക്രക്കുളവും കല്‍മണ്ഡപങ്ങളും നവീകരിക്കുന്നത്. ഡിടിപിസിയുടെ മേല്‍നോട്ടത്തിലാണു നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
രാജഭരണകാലത്തെ മാതൃകയിലാണു ചക്രക്കുളം വൃത്തിയാക്കി പുനര്‍നിര്‍മിക്കുന്നത്. വൃത്തിയാക്കുന്നതിനൊപ്പം ചുറ്റുമതിലും കെട്ടി ബലപ്പെടുത്തും. ഇവിടെയുള്ള രണ്ടു കല്‍മണ്ഡപങ്ങളാണ് അറ്റകുറ്റപ്പണി നടത്തി നവീകരിക്കുന്നത്. ഇവയുടെ നവീകരണത്തിനെ കൂടാതെ, ഇവിടെയുള്ള തട്ടുകടകളുടെ സ്ഥാനത്തു പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിലുള്ള 18 തട്ടുകടകളും നിര്‍മിച്ചു നല്‍കും. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം 17നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. പണ്ടുകാലത്ത് പരശുരാമ ശിഷ്യന്‍മാര്‍ ശംഖുമുഖം ദേവീ ക്ഷേത്രത്തിന്റെ സംരക്ഷണത്തിനായി ഇവിടെ തങ്ങിയിരുന്നതായാണു സങ്കല്‍പം.
അന്ന് അവര്‍ തങ്ങിയിരുന്നതായി കരുതുന്ന തപോഗൃഹമാണു നടുകൊട്ടാരത്തിന് അടുത്തുള്ള പുരാതന കല്‍മണ്ഡപങ്ങള്‍. നടുകൊട്ടാരത്തിന് അടുത്തായി കിണര്‍ നിര്‍മിച്ചു. കിണറില്‍ അപ്രതീക്ഷിതമായി വെള്ളം പൊങ്ങി കുളമായി മാറി. ഈ പ്രത്യേകത നിലനിര്‍ത്തിയാണു വൃത്താകൃതിയില്‍ അതിര്‍വരമ്പോടു കൂടിയ ചക്രക്കുളം ഉണ്ടായത്. പുരാതനമായ ഈ ചക്രക്കുളം പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞു ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലായി മാറി. ചപ്പുചവറുകള്‍ നിറഞ്ഞ ഇതിനു മുകളിലായി കാടും കയറി. വര്‍ഷങ്ങളായി ഈ അവസ്ഥയിലാണു ചക്രക്കുളം. കല്‍മണ്ഡപങ്ങളാകട്ടെ പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് ഇളകിയ അവസ്ഥയിലും. വര്‍ഷങ്ങളോളം നാശോന്‍മുഖമായി കിടന്ന ചക്രക്കുളത്തിനും കല്‍മണ്ഡപങ്ങള്‍ക്കും ഇപ്പോള്‍ പുനര്‍ജ്ജന്മം ലഭിക്കുകയാണ്.
https://www.facebook.com/Malayalivartha























