കൂറ്റന്‍ തെങ്ങില്‍ കയറി ആത്മഹത്യാ ഭീഷണിമുഴക്കിയ ആള്‍ മരിച്ചത് റോഡരികിലെ പോസ്റ്റില്‍

പഴയരിക്കണ്ടത്ത് ഞായറാഴ്ച തെങ്ങില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് തേക്കിന്‍കാനത്ത് വൈദ്യുതി പോസ്റ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ചിത്തണ്ണി പൊട്ടന്‍കാട് പണ്ടാരക്കുന്നേല്‍ അഗസ്റ്റിന്‍ (കുട്ടായി–37) ആണ് ഇന്നലെ രാവിലെ വൈദ്യുതിക്കാലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പഴയരിക്കണ്ടത്തെ ബന്ധുവീട്ടില്‍ എത്തിയ ശേഷം 18 നു രാവിലെ പത്തോടെ എഫ്‌സി കോണ്‍വെന്റ് വക സ്ഥലത്തെ കൂറ്റന്‍ തെങ്ങില്‍ കയറിയിരുന്ന് ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു.
പഴയരിക്കണ്ടത്ത് സുഹൃത്തിന്റെ വീട് തേടിയെത്തിയ അഗസ്റ്റിന്‍ വഴി തെറ്റി മറ്റൊരു വീട്ടിലാണ് എത്തിയത്. ഇവിടെ സംശയാസ്പദമായി ചുറ്റിത്തിരിഞ്ഞപ്പോള്‍ നാട്ടുകാര്‍ ഓടിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ തെങ്ങില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇയാളെ അനുനയിപ്പിച്ചു താഴെയിറക്കുവാന്‍ നാട്ടുകാരും കഞ്ഞിക്കുഴി പൊലീസും നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഉച്ചയോടെ ഇടുക്കി ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി.
എന്നാല്‍ ഇവര്‍ക്ക് ആളെ താഴെയിറക്കുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ആ ശ്രമവും പരാജയപ്പെട്ടു. തുടര്‍ന്നു നാട്ടുകാരനായ കുറ്റിപ്പാലയ്ക്കല്‍ ജോണി തെങ്ങില്‍ കയറി കയര്‍ ഉപയോഗിച്ച് അഗസ്റ്റിനെ ബന്ധിച്ചശേഷം താഴെ ഇറക്കുകയായിരുന്നു. ഇതിനുശേഷം ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ചു.
പിറ്റേദിവസം അടിമാലിയില്‍ എത്തിയ ഇയാള്‍ കൂമ്പന്‍പാറയില്‍ ഒരു വലിയമരത്തില്‍ കയറി ആത്മഹത്യയ്ക്കു ശ്രമിച്ചതായും പൊലീസ് എത്തി താഴെയിറക്കിവിട്ടതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇന്നലെ രാവിലെ അഞ്ചരയോടെ തേക്കിന്‍കാനം ടൗണില്‍ ഇറങ്ങിയവരാണു റോഡരികിലെ പോസ്റ്റില്‍ കൈലിമുണ്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ താഴെയിറക്കി അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
അവിടെ നടത്തിയ പരിശോധനയില്‍ മരിച്ചതായി സ്ഥിരീകരിച്ചു. രാജാക്കാട് എസ്‌ഐ: അനൂപ്‌മോന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. വാഴത്തോപ്പ് സ്വദേശിയായ ഇയാള്‍ ഏതാനും നാളുകളായി തേക്കിന്‍കാനത്ത് വാടകവീട്ടില്‍ ആണു കുടുംബസമേതം താമസിക്കുന്നത്. വീട്ടുകാരുമായി സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ല. അയല്‍ക്കാരുമായും അടുപ്പത്തിലായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. ഭാര്യ: ബെറ്റി (തേക്കിന്‍കാനം ചെമ്പേരില്‍ കുടുംബാംഗം). മൂന്നു കുട്ടികളുണ്ട്.
https://www.facebook.com/Malayalivartha
























