മോഷ്ടാവിനെ കുടുക്കിയത് ബസ് യാത്രക്കിടയില്‍

ബസ് യാത്രക്കിടയില്‍ മയങ്ങിപ്പോയ അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയിലായി. തേനി സ്വദേശിയും ഇപ്പോള്‍ കോയമ്പത്തൂരില്‍ സ്ഥിരതാമസമാക്കിയ ജയപാണ്ടി (47)യാണ് ചവറയില്‍ പിടിയിലായത്. എറണാകുളത്ത് തോപ്പുംപടിയില്‍ തിങ്കളാഴ്ച രാത്രി വീട് കുത്തി തുറന്ന് എട്ട് പവന്റെ സ്വര്‍ണ്ണവും മൊബൈലും മോഷ്ടിച്ച് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയില്‍ ഉറങ്ങുകയായിരുന്ന ജയപാണ്ടിയുടെ ഭാഗികമായി തുറന്ന് കിടന്ന ബാഗില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടതോടെ കണ്ടക്ടര്‍ ബസ് ചവറ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ജയപാണ്ടി ചില്ലറക്കാരനല്ലെന്ന് മനസിലായത്.
1991 മുതല്‍ മോഷണ രംഗത്തുള്ള ജയപാണ്ടി നേരത്തെ കൊല്ലം വെസ്റ്റ് പൊലീസ് പരിധിയില്‍ ഒരു മോഷണ കേസില്‍ ഒരു വര്‍ഷം ശിക്ഷ അനുവഭവിച്ചിരുന്നു.കോയമ്പത്തൂരില്‍ ഒന്നര വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം അടുത്തിടെയാണ് പുറത്തിറങ്ങിയത്.കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ എസ്.അജീത ബീഗവും സിറ്റി ഷാഡോ ടീമും രംഗത്തെത്തി വിശദമായി ചോദ്യം ചെയ്തതോടെ കോഴിക്കോട് കസബ ,തിരുവനന്തപുരം ഫോര്‍ട്ട്,തൃശൂര്‍,തോപ്പുംപടി,പള്ളുരുത്തി എന്നീ പൊലീസ് സ്‌റ്റേഷനുകളില്‍ കേസ് ഉള്ളതായി കണ്ടെത്തി.പ്രതിയുടെ വിരലടയാളവും ഇതിന് സഹായകമായി. ബാഗില്‍ നിന്നും കണ്ടെടുത്ത ഫോണിലേക്ക് പൊലീസ് വിളിച്ചപ്പോഴാണ് തോപ്പുംപടിയില്‍ മോഷണം നടന്ന വീട് മനസിലാക്കിയത്.
ബസില്‍ പ്രത്യേകിച്ച് ലക്ഷ്യമില്ലാതെ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന ജയപാണ്ടി അടഞ്ഞു കിടക്കുന്നതായി സംശയമുള്ള വീടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവിടെ ഇറങ്ങി പകല്‍ മുഴുവനും നിരീക്ഷണം നടത്തിയശേഷം രാത്രി ഓപ്പറേഷന്‍ നടത്തും. എത്ര സുരക്ഷയുള്ള വാതിലും കുത്തി തുറക്കാന്‍ പര്യാപ്തമായ ആയുധങ്ങളും ജയപാണ്ടിയുടെ ബാഗില്‍ നിന്നും കണ്ടെടുത്തു.ഈ ആയുധങ്ങള്‍, ആവശ്യമുള്ളപ്പോള്‍ മാത്രം യോജിപ്പിക്കാന്‍ കഴിയുന്ന നിലയില്‍ ചെറിയ ഹാന്റി ബാഗിലാണ് കരുതുന്നത്. ഇന്നലെ പിടിയിലാകുമ്പോള്‍ ബാഗില്‍ കുറെ മുക്കു പണ്ടങ്ങളും ഉണ്ടായിരുന്നു.ഇത് മോഷണം നടത്തിയ വീട്ടില്‍ നിന്നും അബദ്ധത്തില്‍ എടുത്താതാണെന്ന് ജയപാണ്ടി പറഞ്ഞു.
https://www.facebook.com/Malayalivartha
























