പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ തീരുമാനം; പദ്ധതി ഉപേക്ഷിക്കില്ലെന്ന് സര്‍ക്കാര്‍

പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. എറണാകുളം ജില്ലയിലെ ജനപ്രതിനിധികളും സമരസമിതി നേതാക്കളുമാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തത്.
പദ്ധതിയെക്കുറിച്ച് പ്രദേശവാസികള്‍ ഉന്നയിച്ച ആശങ്കകള്‍ കണക്കിലെടുത്താണ് നിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്ക്കുന്നത്. പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ചാണ് ഐഒസി ടെര്‍മിനല്‍ നിര്‍മാണം നടത്തുന്നതെന്ന സമരക്കാരുടെ ആരോപണവും ആശങ്കകളും പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. സമിതിയിലെ അംഗങ്ങള്‍ ആരായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. ഈ സമിതിയുടെ റിപ്പോര്‍ട്ട് വന്ന ശേഷമേ ഇനി നിര്‍മാണം സംബന്ധിച്ച തീരുമാനമെടുക്കൂ എന്നാണ് യോഗത്തിലെ ധാരണ.
പദ്ധതി ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് സമരസമിതി നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും ഉറപ്പ് നല്‍കി. വൈപ്പിന്‍ എംഎല്‍എ എസ്.ശര്‍മ, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ് തുടങ്ങിയ നിരവധി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തിലെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങളോട് സമരസമിതി എതിര്‍പ്പ് ഉന്നയിച്ചില്ലെന്ന് നേതാക്കള്‍ പിന്നീട് പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























