എസ്.എ.ടി. പഴയ ബ്ലോക്ക് നവീകരിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: എസ്.എ.ടി. ആശുപത്രിയിലെ പുതിയ ബ്ലോക്ക് നവീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതിനായി പദ്ധതികള്‍ ആവിഷ്‌കരിച്ച് വരുന്നതായും മന്ത്രി പറഞ്ഞു. എസ്.എ.ടി. ആശുപത്രി ഗോള്‍ഡന്‍ ജൂബിലി ബ്ലോക്കിലെ പുതിയ പീഡിയാട്രിക് ന്യൂറോളജി, നെഫ്രോളജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി വാര്‍ഡുകളുടേയും പുതുതായി വാങ്ങിയ ക്ലീനിംഗ് മെഷീനുകളുടേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മെഡിക്കല്‍ കോളേജിന്റെ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി എസ്.എ.ടി.ക്കും പുതിയ കെട്ടിടമൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സമഗ്ര വികസനത്തിനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്. അതിന്റെ മുന്നോടിയാണ് എസ്.എ.ടി. ആശുപത്രിയിലെ മാതൃശിശു മന്ദിരത്തില്‍ രോഗീ സൗഹൃദ ഒ.പി. നവീകരണം കൊണ്ടു വന്നത്. കൂടുതല്‍ സംവിധാനങ്ങള്‍ ഇനിയുമവിടെ കൊണ്ടുവരും. മെഡിക്കല്‍ കോളേജിലെ ഒ.പി. നവീകരണവും പുരോഗമിച്ചു വരുന്നു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ചെയ്യുന്ന സേവനത്തെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ജീവനക്കാരുടെ കുറവുകള്‍ പരിഹരിക്കാനുള്ള നടപടികളെടുക്കുമെന്നും മന്ത്രി പറഞ്ഞു.
എസ്.എ.ടി. ആശുപത്രിയിലെ എല്ലാ വാര്‍ഡുകളിലും സ്ഥാപിച്ച വാട്ടര്‍ പ്യൂരിഫെയറുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. എസ്.എ.ടി. ആശുപത്രി ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റി വാങ്ങി നല്‍കിയതാണ് ഈ ഫ്യൂരിഫെയറുകള്‍. ഇതോടൊപ്പം എസ്.എ.ടി. ആശുപത്രിയിലെ പനി വാര്‍ഡും മന്ത്രി സന്ദര്‍ശിച്ചു.
ന്യൂറോളജി, നെഫ്രോളജി വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിചരണം ലഭിക്കാനാണ് എസ്.എ.ടി.യില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വാര്‍ഡുകള്‍ തുടങ്ങിയത്.
ശുചീകരണ ജോലികള്‍ വളരെ വേഗത്തില്‍ കൂടുതല്‍ വൃത്തിയോടെ ചെയ്യാന്‍ കഴിയുന്നതാണ് ക്ലീനിംഗ് മെഷീന്‍. ഒന്നര ലക്ഷം രൂപ വീതം വിലയുള്ള രണ്ട് മെഷീനുകളാണ് എസ്.എ.ടി. ആശുപത്രിയില്‍ വാങ്ങിച്ചിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപയോഗിക്കുന്ന ആദ്യത്തെ ക്ലീനിംഗ് മെഷീന്‍ കൂടിയാണിത്.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. വി.ആര്‍. നന്ദിനി, ഡി.പി.എം. ഡോ. ജെ. സ്വപ്ന കുമാരി, ശിശുരോഗ വിഭാഗം മേധാവി ഡോ. സന്തോഷ് കുമാര്‍, പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. പി.എ. മുഹമ്മദ് കുഞ്ഞ്, പീഡിയാട്രിക് നെഫ്രോളജി വിഭാഗം മേധാവി ഡോ. സൂസന്‍ ഉതുപ്പ്, ആശുപത്രി വികസന സമിതിയംഗം ഡി.ആര്‍. അനില്‍ എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha

























