ദിലീപ് റിമാന്‍ഡില്‍; കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും നാളെ പരിഗണിക്കും, തെറ്റു ചെയ്യാത്തതിനാല്‍ ഭയമില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് ദിലീപ്

കൊച്ചിയില്‍ യുവനടി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നടിക്കെതിരായ അതിക്രമത്തിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ആറരയോടെയായിരുന്നു അറസ്റ്റ്. റിമാന്‍ഡ് ചെയ്ത ദിലീപിനെ ആലുവ സബ് ജയിലിലേക്കു മാറ്റി. കസ്റ്റഡിയില്‍ വിടണമെന്ന പൊലീസിന്റെ ആവശ്യം മജിസ്‌ട്രേറ്റ് തള്ളി. ദിലീപിനെതിരെ ഗൂഢാലോചനാ കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.
അങ്കമാലിക്കു സമീപമുള്ള വേങ്ങൂരിലെ മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് ദിലീപിനെ ഹാജരാക്കിയത്. പുലര്‍ച്ചെ ആറുമണിയോടെയാണ് ആലുവ പൊലീസ് ക്ലബില്‍നിന്ന് ദിലീപിനെ മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്ക് എത്തിച്ചത്. അതേസമയം, പൊലീസിന്റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും.
അതേസമയം, തെറ്റു ചെയ്യാത്തതിനാല്‍ ഭയമില്ലെന്ന് മജിസ്‌ട്രേറ്റിന്റെ വസതിയില്‍നിന്ന് ജയിലിലേക്കു കൊണ്ടുപോകവെ മാധ്യമപ്രവര്‍ത്തകരോട് ദിലീപ് പറഞ്ഞു. മജിസ്‌ട്രേറ്റിന്റെ വസതിയില്‍നിന്നു പുറത്തുകൊണ്ടുവന്ന ദിലീപിനെ കൂവലോടുകൂടിയാണ് ജനം സ്വീകരിച്ചത്. അതേസമയം, ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകനായ രാംകുമാര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇതു നാളെ പരിഗണിക്കുമെന്നാണ് അഭിഭാഷക വൃത്തങ്ങളില്‍നിന്നുള്ള സൂചന.
ദിലീപിനെക്കൂടാതെ, സംവിധായകനും നടനുമായ നാദിര്‍ഷ, ദിലീപിന്റെ സഹോദരന്‍ അനൂപ്, മാനേജര്‍ അപ്പുണ്ണി എന്നിവരെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. തിങ്കളാഴ്ച രാവിലെ മുതല്‍ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ചിരുന്നു. അതേസമയം, കേസുമായി ബന്ധപ്പെട്ട് ദിലീപ് അല്ലാതെ മറ്റാരും കസ്റ്റഡിയില്‍ ഇല്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കൃത്യമായ തെളിവുകളോടെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ അന്വേഷണം തുടരുകയാണെന്നും മറ്റുകാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ഡിജിപി പറഞ്ഞു.
ദേശീയതലത്തില്‍ത്തന്നെ കോളിളക്കമുണ്ടാക്കിയ സംഭവത്തില്‍, നാലര മാസം പിന്നിടുമ്പോഴാണ് ദിലീപിന്റെ അറസ്റ്റ്. സംഭവം പുറത്തറിഞ്ഞതു മുതല്‍ സംശയത്തിന്റെ നിഴലിലായിരുന്ന ദിലീപ്, സംഭവത്തില്‍ തനിക്കു പങ്കില്ലെന്ന നിലപാടിലായിരുന്നു. ചോദ്യം ചെയ്യലിന്റെ ഭാഗമായി രാവിലെ കസ്റ്റഡിയില്‍ എടുത്ത ദിലീപിന്റെ അറസ്റ്റ് വൈകീട്ട് 6.30നാണ് രേഖപ്പെടുത്തിയത്. ദിലീപിനെ അറസ്റ്റ് ചെയ്‌തെന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതിയാക്കിയിരിക്കുന്നത്. വ്യക്തിപരമായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. കുടുംബപരമായ വിഷയത്തില്‍ ഇടപെട്ടതും നടിയോടുള്ള വൈരാഗ്യത്തിന് കാരണമായെന്നാണ് വിവരം.
നടന്‍ ദിലീപ് സാധാരണ തടവുകാരനായി തന്നെയായിരിക്കും ആലപ്പുഴ സബ് ജയിലില്‍ സെല്ലില്‍ കഴിയുകയെന്ന് പൊലീസ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ കോടതി പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നും ജയില്‍ അധികൃതര്‍ക്ക് എന്തെങ്കിലും നിര്‍ദേശം ലഭിച്ചിട്ടുണ്ടോ എന്ന് അറിയില്ലെന്നും പൊലീസ് പറഞ്ഞു. മറ്റു തടവുകാരുടെ കൂടെ പാര്‍പ്പിക്കാതെ പ്രത്യേക സെല്ലില്‍ പാര്‍പ്പിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കോടതി പ്രത്യേക നിര്‍ദേശമൊന്നും നല്‍കിയിട്ടില്ലെന്നാണ് സൂചന.

ദിലീപ് ജനിച്ചു വളര്‍ന്ന സ്വന്തം വീട്ടില്‍നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള ജയിലിലായിരിക്കും ദിലീപ് റിമാന്‍ഡില്‍ കഴിയുക എന്ന പ്രത്യേകതയുമുണ്ട്. സഹപ്രവര്‍ത്തകയെ നിഷ്ഠൂരമായി ആക്രമിക്കുന്നതിന് ഗൂഢാലോചന നടത്തിയ കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത ദിലീപിനെ ജയിലിലേയ്ക്ക് കൊണ്ടു പോകുമ്പോള്‍ കൂകി വിളിച്ചാണ് നാട്ടുകാര്‍ വരവേറ്റത്.
കേസിന് ആസ്പദമായ സംഭവം ഇങ്ങനെ
കഴിഞ്ഞ ഫെബ്രുവരി 17നാണ് നടിയെ അങ്കമാലി അത്താണിക്കു സമീപം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. നടിയുടെ മുന്‍ െ്രെഡവര്‍ കൂടിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. ഓടുന്ന വാഹനത്തിനുള്ളില്‍ നടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച അക്രമികള്‍, അതിന്റെ ദൃശ്യങ്ങളും പകര്‍ത്തിയശേഷം കൊച്ചി കാക്കനാട് ഭാഗത്ത് ഇറക്കിവിട്ടു.
തുടര്‍ന്ന്, നിര്‍മാതാവും നടനും സംവിധായകനുമായ ലാലിന്റെ വീട്ടില്‍ നടി അഭയം തേടുകയായിരുന്നു. ലാല്‍ നല്‍കിയ വിവരമനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തി മൊഴിയെടുത്തതും അതിന്റെ അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തതും. കേസുമായി ബന്ധപ്പെട്ട് മാസങ്ങള്‍ നീണ്ടുനിന്ന കോലാഹലങ്ങള്‍ക്കൊടുവിലാണ് അറസ്റ്റ്. െഎജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിന് എഡിജിപി ബി.സന്ധ്യയാണ് മേല്‍നോട്ടം വഹിച്ചത്.

ഇടക്കാലത്ത് അന്വേഷണം മന്ദഗതിയിലായെങ്കിലും, വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ രൂപം കൊടുത്ത 'വിമന്‍ ഇന്‍ സിനിമാ കലക്ടീവി'ന്റെ പ്രവര്‍ത്തനം അന്വേഷണ പുരോഗതിയില്‍ നിര്‍ണായകമായി. അതേസമയം, സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ക്കുശേഷം സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപിച്ചത് വ്യാപക വിമര്‍ശനം വരുത്തിവച്ചിരുന്നു.
https://www.facebook.com/Malayalivartha
























