കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്യുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി, ചോദ്യം ചെയ്യല്‍ നീണ്ടത് അഞ്ച് മണിക്കൂര്‍; നിലവില്‍ ഒരു സാക്ഷി എന്ന നിലയിലാണ് വിജയ്യുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്

കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷനും നടനുമായ വിജയ്യുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച മൊഴിയെടുപ്പ് നടപടികള്‍ വൈകുന്നേരം അഞ്ച് മണിയോടെയാണ് പൂര്‍ത്തിയായത്. മൂന്നംഗ സിബിഐ സംഘമാണ് വിജയ്‌യെ ചോദ്യം ചെയ്തത്.
നിലവില്‍ ഒരു സാക്ഷി എന്ന നിലയിലാണ് വിജയ്യുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. 35ലധികം ചോദ്യങ്ങളാണ് അന്വേഷണസംഘം താരത്തോട് ചോദിച്ചതെന്നാണ് വിവരം. സുപ്രീം കോടതിയിലെ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ വിജയ്‌ക്കൊപ്പം സിബിഐ ആസ്ഥാനത്ത് ഉണ്ടായിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം അത് പരിശോധിക്കാനായി വിജയ്ക്ക് നല്‍കുകയും ചെയ്തു.
കരൂരിലെ പരിപാടിയുടെ സംഘാടകര്‍ ആരായിരുന്നു, പരിപാടിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ആര്‍ക്കായിരുന്നു, വിജയ് പരിപാടിക്ക് വൈകിയെത്തിയത് എന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങളാണ് സിബിഐ പ്രധാനമായും ചോദിച്ചറിഞ്ഞത്. ആളുകള്‍ അപകടത്തില്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും പ്രസംഗം തുടര്‍ന്നത് എന്തുകൊണ്ടാണെന്നും, വൈകിയെത്തിയത് സ്വന്തം ശക്തി പ്രകടിപ്പിക്കാനാണോ എന്നുമുള്ള കടുത്ത ചോദ്യങ്ങളും സിബിഐ ഉയര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
ടിവികെ പാര്‍ട്ടി നേതാക്കളായ എന്‍ ആനന്ദ്, ആദവ് അര്‍ജുന, നിര്‍മല്‍ കുമാര്‍ എന്നിവരെ നേരത്തെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. അതേസമയം വിജയ് ആദ്യമായിട്ടാണ് അന്വേഷണസംഘത്തിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായത്.
സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ (എസ്‌ഐടി) വിശ്വാസമില്ലെന്നും കേസ് സിബിഐയ്ക്ക് വിടണമെന്നും ടിവികെ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് സുപ്രീം കോടതി വിഷയത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇന്ന് രാവിലെ 10:30ഓടെയാണ് ചോദ്യം ചെയ്യലിനായി വിജയ് ഡല്‍ഹിയില്‍ എത്തിയത്.
https://www.facebook.com/Malayalivartha



























