രണ്ട് ഡസന്‍ പേരെ കസ്റ്റഡിയിലെടുക്കാനും അറസ്റ്റിനും അനുമതി നല്‍കി കൊണ്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

എം.എല്‍.എമാരായ മുകേഷിനെയും അന്‍വര്‍ സാദത്തിനെയും ഉള്‍പ്പെടെ ദിലീപിനെ സഹായിച്ച രണ്ടു ഡസനാളുകളെ ചോദ്യംചെയ്യാനും ആവശ്യമെങ്കില്‍ കസ്റ്റഡിയിലെടുക്കാനും അറസ്റ്റ് രേഖപ്പെടുത്താനും ഐ.ജി ദിനേന്ദ്ര കശ്യപിന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അനുമതി നല്‍കി.
ദിലീപിന്റെ ഭാര്യ കാവ്യാമാധവന്‍, അമ്മ ശ്യാമള, പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോ അടക്കമുള്ളവരാണ് പട്ടികയിലുള്ളത്. ദിലീപുമായുള്ള തെളിവെടുപ്പ് അവസാനിച്ചാലുടന്‍ കൂട്ട ചോദ്യംചെയ്യല്‍ തുടങ്ങും. പള്‍സര്‍ സുനിയുടെ ദൂതനുമായി നേരിട്ട് ഇടപാടുകള്‍ നടത്തിയ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി പ്രതിയാവുമെന്ന് ഉറപ്പായിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ രണ്ട് എം.എല്‍.എമാരെ ദിലീപ് പലവട്ടം വിളിച്ചതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സ്വകാര്യ ആവശ്യത്തിനായി ദിലീപ് ഉപയോഗിക്കുന്ന രഹസ്യ നമ്പരില്‍ നിന്നായിരുന്നു വിളികളെത്തിയത്. അന്വേഷണത്തിന്റെ ഒരുഘട്ടം കഴിഞ്ഞപ്പോള്‍ കിട്ടിയ ഈ രഹസ്യ നമ്പരില്‍ നിന്നുള്ള വിളികള്‍ പൊലീസ് ചോര്‍ത്തിയപ്പോഴാണ് ദിലീപിനെ രക്ഷിച്ചെടുക്കാനുള്ള ഉന്നത ഇടപെടലുകള്‍ വ്യക്തമായത്.
ആക്രമണത്തിനു പിന്നാലെ ദിലീപ് ദീര്‍ഘനേരം വിളിച്ചതെന്തിനാണെന്ന് എം.എല്‍.എമാര്‍ വിശദീകരിക്കേണ്ടിവരും. ഉത്തരം തൃപ്തികരമല്ലെങ്കില്‍ പ്രതിചേര്‍ക്കപ്പെടുന്ന സാഹചര്യമുണ്ടാവും. എറണാകുളത്തെ എം.എല്‍.എയുമായി ദിലീപിന്റെ സാമ്പത്തിക ബന്ധങ്ങളും പരിശോധിക്കുന്നുണ്ട്. കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതിയും ദിലീപിന്റെ മൊഴിപ്രകാരമുള്ള തുടരന്വേഷണവും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഇന്ന് നേരിട്ട് വിലയിരുത്തും.
പൊലീസ് ആസ്ഥാനത്ത് ഇന്ന് ചേരുന്ന ക്രൈം റിവ്യൂ യോഗത്തിനു ശേഷമാവും അന്വേഷണ ഉദ്യോഗസ്ഥരുമായി ഡി.ജി.പിയും മുതിര്‍ന്ന പൊലീസുദ്യോഗസ്ഥരും കൂടിക്കാഴ്ച നടത്തുക. ശിക്ഷയില്‍ നിന്നൊഴിവാക്കപ്പെടുമെന്നതിനാല്‍ പ്രതികളിലൊരാള്‍ മാപ്പുസാക്ഷിയാവാന്‍ സന്നദ്ധനായിട്ടുണ്ട്.
പ്രതിയെ മാപ്പുസാക്ഷിയാക്കുന്നതിനെ ഐ.ജി ദിനേശ് കശ്യപ് തുടക്കത്തില്‍ അനുകൂലിച്ചിരുന്നില്ല. പക്ഷേ, തീവ്രവാദകേസുകളില്‍ പോലും മാപ്പുസാക്ഷികളുണ്ടാകാറുണ്ടെന്ന്, കോഴിക്കോട് ഇരട്ടസ്‌ഫോടനക്കേസില്‍ എട്ടാം പ്രതി ഷമ്മി ഫിറോസിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) മാപ്പുസാക്ഷിയാക്കിയത് ചൂണ്ടിക്കാട്ടി ബെഹ്‌റ വിശദീകരിച്ചു.
കേസില്‍ സ്ത്രീകള്‍ അടക്കമുള്ളവരെ ഒരുകാരണവശാലും ഒഴിവാക്കില്ലെന്ന് പോലീസ്. തെളിവുകളെല്ലാം പലവട്ടം പരിശോധിച്ചുറപ്പിച്ചശേഷമേ കൂടുതല്‍ അറസ്റ്റുകളുണ്ടാവൂ. ദിലീപിന്റെ അറസ്റ്റിനു ശേഷം തെളിവുകള്‍ തമ്മിലുണ്ടായിരുന്ന വിടവുകള്‍ പൂര്‍ണമായി നികത്താനായെന്നും പൊലീസ് നേതൃത്വം വിശദീകരിച്ചു.
https://www.facebook.com/Malayalivartha
























