സര്‍ക്കാര്‍ കലിപ്പില്‍ തന്നെ; ദിലീപിന് ജാമ്യം ലഭിക്കാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് മുഖ്യമന്ത്രി

ഹൈക്കോടതിയില്‍ നിന്നും ദിലീപിന് ജാമ്യം ലഭിക്കാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് മുഖ്യമന്ത്രി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന് നേരിട്ട് നിര്‍ദ്ദേശം നല്‍കി.
തിങ്കളാഴ്ച കേസ് ഹൈക്കോടതിയിലെത്തിയപ്പോഴാണ് സര്‍ക്കാര്‍ നിലപാട് കര്‍ശനമായി നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ഡി.ജി.പിയെ മുഖ്യമന്ത്രി നേരിട്ട് വിളിച്ചു എന്നാണ് വിവരം. ദിലീപിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ യശസ് ഉയര്‍ത്തി എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ദിലീപിന് ജാമ്യം കിട്ടിയാല്‍ അത് സര്‍ക്കാരിനു വലിയ തിരിച്ചടിയാവും.
നിയമമന്ത്രിയും മുഖ്യമന്ത്രിയും തമ്മില്‍ ഇക്കാര്യത്തെ കുറിച്ച് ചര്‍ച്ച നടത്തിയെന്നാണ് വിവരം. ദിലീപ് ജാമ്യം നേടിയാല്‍ അത് പോലീസുമായുള്ള ഒത്തുകളിയാണെന്നു വരുമെന്ന് സര്‍ക്കാര്‍ കരുതുന്നു. ഡി ജി പി മുഖ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.
ദിലീപിനു വേണ്ടി പ്രചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അദ്ദേഹത്തെ വെള്ളപൂശാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ജാഗരൂകരാണ് സര്‍ക്കാര്‍. കേസിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് സര്‍ക്കാരിനു വലിയ നാണക്കേടായി തീരും. ഹൈക്കോടതിയില്‍ നിന്നും ദിലീപിന് ജാമ്യം ലഭിക്കാനുള്ള എല്ലാ പഴുതുകളും മുതിര്‍ന്ന അഭിഭാഷകനായ കെ.രാംകുമാര്‍ ഒരുക്കിയിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ ദിലീപിന് ജാമ്യം കിട്ടും എന്നാണ് രാംകുമാറിന്റെ വിശ്വാസം. അതിനാലാണ് പെട്ടെന്ന് കേസ് വാദം കേള്‍ക്കണമെന്ന് രാംകുമാര്‍ ആവശ്യപ്പെട്ടത്. ഇതിനു പിന്നിലെ ചതി സര്‍ക്കാര്‍ മനസ്സിലാക്കി എന്നിടത്താണ് ബുദ്ധി.
ഇടതുപക്ഷ എംഎല്‍എമാരും എം പി യും ദിലീപിന് അനുകൂലമായി രംഗത്തെത്തത്തിയതാണ് സര്‍ക്കാരിന് വെല്ലുവിളിയായത്. സര്‍ക്കാര്‍ ഒന്നടങ്കം ദിലീപിനു വേണ്ടി നിലകൊള്ളുകയാണെന്ന സാഹചര്യം സൃഷ്ടിക്കാന്‍ ഇത്തരം നീക്കങ്ങള്‍ കാരണമായി. ദിലീപുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് വരുത്തി തീര്‍ക്കേണ്ടത് സര്‍ക്കാരിന്റെയും ബാധ്യതയായി.
ദിലീപിനെതിരെ അതിശക്തമായി നീങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. മുഖ്യന്റെ വാക്കുകള്‍ കോടതിയില്‍ പറഞ്ഞതോടെ മുഖ്യനും വാശിയായി. വ്യാഴാഴ്ച കേസ് കോടതിയിലെത്തുമ്പോള്‍ സര്‍ക്കാര്‍ അതിശക്തമായി എതിര്‍ക്കും. കെ രാംകുമാറാണ് ദിലീപിനു വേണ്ടി ഹാജരാകുന്നത്. അതിനാലാണ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ മഞ്ചേരി ശ്രീധരന്‍ നായരെ സര്‍ക്കാര്‍ നേരിട്ട് കളത്തിലിറക്കിയത്. സര്‍ക്കാരിന് മുഖം രക്ഷിക്കണം. അതാണ് പ്രധാന കാര്യം.
https://www.facebook.com/Malayalivartha
























