ജാമ്യ സാധ്യത തെളിയുമോ: ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിന്റെ പങ്കാളിത്തമുറപ്പിക്കാന്‍ പൊലീസ് നിരത്തുന്ന വാദങ്ങളെയെല്ലാം ഖണ്ഡിച്ചാണു പുതിയ ജാമ്യാപേക്ഷ. ദിലീപിനെ ഇല്ലാതാക്കാന്‍ ചലച്ചിത്രമേഖയില്‍ ഗൂഢാലോചന നടന്നെന്നും പള്‍സര്‍ സുനിയുടെ സഹായത്തോടെ അവര്‍ ആ ലക്ഷ്യം കണ്ടെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
ദിലീപിനെതിരെ പൊലീസ് നിരത്തുന്ന വാദങ്ങളെല്ലാം ആദ്യകുറ്റപത്രത്തിനു വിരുദ്ധമാണ്. ഗൂഢാലോചന നടത്തിയത് ഒന്നുമുതല്‍ ആറുവരെ പ്രതികളെന്നാണ് ആദ്യ കുറ്റപത്രത്തില്‍ പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്. നടിയെ ബ്ലാക്ക്‌മെയില്‍ ചെയ്തു പണം സമ്പാദിക്കുകയായിരുന്നു പ്രതികളുടെ ഉദ്ദേശ്യം. ഇതിനായാണു തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ആദ്യ കുറ്റപത്രം പറയുന്നു. ഇതു പാടേ നിഷേധിച്ചാണു ദിലീപിനുവേണ്ടിയാണ് ദൃശ്യങ്ങളെടുത്തതെന്ന് ഇപ്പോള്‍ പറയുന്നതെന്നു ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
ദിലീപ് ഗൂഢാലോചന നടത്തിയാണ് ഇക്കാര്യം ചെയ്യിച്ചതെങ്കില്‍ ദൃശ്യങ്ങളടങ്ങിയ ഫോണ്‍ സ്വാഭാവികമായും ദിലീപിനു കൈമാറുമായിരുന്നു. എന്നാല്‍ ഇക്കാര്യം കണ്ടെത്താനായിട്ടില്ല. പള്‍സര്‍ സുനി പറഞ്ഞപ്രകാരം ഫോണ്‍ കണ്ടെത്താന്‍ ഇപ്പോഴും അന്വേഷണസംഘം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നാലുവര്‍ഷത്തിനിടെ നാലുവട്ടമാണു ദിലീപും പള്‍സര്‍സുനിയും തമ്മില്‍ കണ്ടതെന്നു പൊലീസ് പറയുന്നു. ഇതിനിടെ ഫോണില്‍ ബന്ധപ്പെട്ടതിനും തെളിവില്ല. ദിലീപിന്റെ ഫോണ്‍ നമ്പര്‍ പോലും പള്‍സര്‍ സുനിയുടെ കൈവശമുണ്ടായിരുന്നില്ല. ഇതിനുവേണ്ടിയാണ് വിഷ്ണു മുഖേന നാദിര്‍ഷയെയും അപ്പുണ്ണിയെയും ബന്ധപ്പെട്ടത്. പൊലീസ് റിപ്പോര്‍ട്ടില്‍നിന്നു തന്നെ ഇക്കാര്യം വ്യക്തമാണ്. ക്വട്ടേഷന്‍ നല്‍കിയയാളുടെ ഫോണ്‍ നമ്പര്‍ ക്വട്ടേഷന്‍ ഏറ്റെടുത്തയാളുടെ പക്കലില്ലെന്നെ പൊലീസ് വാദം മണ്ടത്തരമാണെന്നും ജാമ്യാപേക്ഷയില്‍ പറഞ്ഞുവയ്ക്കുന്നു.
https://www.facebook.com/Malayalivartha

























