ചാണ്ടി ഇനി കുട്ടനാട്ടിലേക്ക്... പണത്തിന്റെ ഹുങ്ക് എല്‍.ഡി.എഫില്‍ ചെലവാകില്ല, അലക്കുന്നത് വരെ വിഴുപ്പ് ചുമന്നു

അവസാനം എന്‍.സി.പി വഴങ്ങി. തങ്ങളുടെ ഏക മന്ത്രി തോമസ് ചാണ്ടി രാജിവയ്‌ക്കേണ്ടത് അനിവാര്യമാണെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്റര്‍ കൊച്ചിയില്‍ അറിയിച്ചു. എന്‍.സി.പി നേതൃയോഗം തുടങ്ങുന്നതിന് മുമ്പ് രാജിക്കാര്യം ചര്‍ച്ചചെയ്യില്ലെന്ന് പ്രസിഡന്റ് അറിയിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനം ഉണ്ടായ സാഹചര്യത്തില്‍ രാജിയല്ലാതെ പോവംവഴിയില്ലെന്ന് നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. അങ്ങനെ ദേശീയ നേതൃത്വവുമായി ആലോിച്ച് രാജി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു. എല്‍.ഡി.എഫും മുഖ്യമന്ത്രിയുമാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിക്കെതിരെ കോടതിയില്‍ നിന്ന് അനുകൂല നിലപാടല്ല വരുന്നത്. മാത്രമല്ല സര്‍ക്കാരിനെതിരെയും വിമര്‍ശനങ്ങളുയരുന്നു. ഈ സാഹചര്യത്തില്‍ മന്ത്രിയെ ഇനിയും സംരക്ഷിക്കാനാവില്ലെന്ന് നേതാക്കള്‍ യോഗത്തില്‍ ഉന്നയിച്ചു. ഇക്കാര്യം സംസ്ഥാന പ്രസിഡന്റ് അംഗീകരിച്ചു. ദേശീയ നേതൃത്വവുമായി ആലോചിക്കാന്‍ സമയം അനുവദിക്കണമെന്നും അദ്ദേഹം നേതാക്കളോട് ആവശ്യപ്പെട്ടു.
സര്‍ക്കാരും മുഖ്യമന്ത്രിയും മുന്നണിയും തള്ളിപ്പറഞ്ഞിട്ടും എന്‍.സി.പി തോമസ് ചാണ്ടിക്കൊപ്പം ഉറച്ചുനിന്നു. രാജിവയ്‌ക്കേണ്ട സാഹചര്യം നിലവിലില്ലെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ എ.ജി നിയമോപദേശം നല്‍കിയിട്ടില്ല, കോട്ടയം വിജിലന്‍സ് കോടതി ഉത്തരവില്‍ ത്വരിതാന്വേഷണം നടക്കുകയാണ്, കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കോടതിയെ സമീപിച്ചിരിക്കുകയാണ് എന്നീ ന്യായങ്ങളാണ് എന്‍.സി.പി നിരത്തിയിരുന്നത്. എന്നാല്‍ അതിനെയെല്ലാം ഇന്നത്തെ ഹൈക്കോടതി വിമര്‍ശനം നിഷ്പ്രഭമാക്കി. മണിക്കൂറിന് ലക്ഷങ്ങള്‍ വാങ്ങുന്ന കോണ്‍ഗ്രസ് വക്കീലിനെ കൊണ്ടുവന്നിട്ടും ചാണ്ടിക്ക് ഒന്നും ചെയ്യാനായില്ല. ചാണ്ടിയുടെ പണാധിപത്യത്തിന് മുന്നില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും മുട്ടുമടക്കി നില്‍ക്കുകയായിരുന്നു.
രണ്ട് എം.എല്‍.എമാരാണ് എന്‍.സി.പിക്കുള്ളത്. എ.കെ ശശീന്ദ്രന്‍ ഫോണ്‍ കെണി വിവാദത്തില്‍ രാജിവെച്ച ഒഴിവാലാണ് തോമസ് ചാണ്ടി മന്ത്രിയായത്. തെരഞ്ഞെടുപ്പിന് മുമ്പേ താന്‍ മന്ത്രിയാകുമെന്നും ജലവിഭവവകുപ്പ് കൈകാര്യം ചെയ്യുമെന്നും ചാണ്ടി വീരവാദം മുഴക്കിയിരുന്നു. പക്ഷെ, സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്‍ എ.കെ ശശീന്ദ്രനൊപ്പം ആയിരുന്നു. ശശീന്ദ്രന്റെ രാജിയോടെ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഉഷവൂരിനെ പലവിധത്തില്‍ ഭീഷണിപ്പെടുത്തി. അങ്ങനെ മാനസികസമ്മര്‍ദ്ദം ഉണ്ടായാണ് ഉഴവൂര്‍ മരിച്ചതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആരോപിച്ചിരുന്നു. ഉഴവൂരിന്റെ കുടുംബത്തിന് തോമസ് ചാണ്ടി നല്‍കിയ പണവും അവര്‍ മടക്കി നല്‍കിയിരുന്നു. ചാണ്ടിയുടെ രാജി ഉറപ്പിച്ചെങ്കിലും എ.കെ ശശീന്ദ്രന്റെ മടങ്ങിവരവ് ഉണ്ടാവുമോ എന്നറിയില്ല.
https://www.facebook.com/Malayalivartha

























