അന്തരിച്ച മുതിര്‍ന്ന സി.പി.ഐ നേതാവും മുന്‍ സംസ്ഥാന ഭക്ഷ്യമന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍ നായരുടെ സംസ്‌കാരം ഇന്ന്

അന്തരിച്ച മുതിര്‍ന്ന സി.പി.ഐ നേതാവും മുന്‍ സംസ്ഥാന ഭക്ഷ്യമന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍ നായരുടെ സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് നടക്കും. ബുധനാഴ്ച ഉച്ചക്ക് 12.15ന് ശ്രീചിത്ര മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം. ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള ഭൗതികശരീരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പാര്‍ട്ടി നേതാക്കള്‍ ഏറ്റുവാങ്ങും. 9.30 മുതല്‍ സി.പി.ഐ സംസ്ഥാന ആസ്ഥാനമായ എം.എന്‍ സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. ഉച്ചക്ക് 12ന് ഭൗതികശരീരം കവടിയാര്‍ പണ്ഡിറ്റ് കോളനിയിലെ വീട്ടിലെത്തിക്കും.
തുടര്‍ന്ന് മൂന്നോടെ വിലാപയാത്രയായി കൊണ്ടുപോകുന്ന ഭൗതികശരീരം തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സി. ദിവാകരന്‍ എം.എല്‍.എ, പന്ന്യന്‍ രവീന്ദ്രന്‍, ഹനീഫാ റാവുത്തര്‍, ബിജു പ്രഭാകര്‍ തുടങ്ങിയവര്‍ കവടിയാറിലെ വസതിയിലെത്തി ചന്ദ്രശേഖരന്‍ നായരുടെ ഭാര്യ മനോരമ നായര്‍, മകള്‍ ഗീത, മരുമകന്‍ രഘു എന്നിവരെ കണ്ട് തങ്ങളുടെ അനുശോചനം അറിയിച്ചു.
https://www.facebook.com/Malayalivartha

























