രക്ഷപെടുത്തിയവര്‍ 48 മണിക്കൂറോളം കടലില്‍ കഴിഞ്ഞതുകൊണ്ട് തണുത്തു മരവിച്ച അവസ്ഥയിലായിരുന്നു

തിരുവനന്തപുരത്ത് ഓഖി ചുഴലിക്കാറ്റില്‍ അപകടത്തില്‍ പെട്ട 185 പേരില്‍ 150 പേരെ രക്ഷപ്പെടുത്തിയെന്ന് ജില്ലാ കളക്ടര്‍ വാസുകി അറിയിച്ചു. 60 പേരെ ജപ്പാന്‍ കപ്പല്‍ രക്ഷപ്പെടുത്തി. ഇന്ന് വൈകീട്ട് രക്ഷപ്പെടുത്തിയവരുമായി കപ്പല്‍ വിഴിഞ്ഞം തുറമുഖത്തെത്തും. ഇരുപത് മുതല്‍ നാല്‍പ്പത് പേരെയാണ് ഇനി കടലില്‍ കുടുങ്ങിക്കിടക്കുന്നതെന്നും കളക്ടര്‍ വ്യക്തമാക്കി.
കരയിലെത്തിയവരുടെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും. 48 മണിക്കൂറോളം കടലില്‍ കഴിഞ്ഞതുകൊണ്ട് പലരും തണുത്തു മരവിച്ച അവസ്ഥയിലായിരുന്നു. ഇവരെ മെഡിക്കല്‍ കോളജിലും ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. പലര്‍ക്കും സംസാരിക്കാനോ നടക്കാനോ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു. കടല്‍ പ്രക്ഷുബ്ദമാണെന്നും എന്നാല്‍ രക്ഷാപ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു. ഹെലിക്കോപ്റ്ററിലടക്കമാണ് ആളുകളെ രക്ഷപ്പെടുത്തിയത്.
അതേസമയം, തങ്ങളുടെ വള്ളങ്ങള്‍ നഷ്ടപ്പെടുന്നെന്ന കാരണത്താല്‍ പലരും രക്ഷാപ്രവര്‍ത്തകരോടൊപ്പം പോരാന്‍ തയ്യാറാകാത്ത സ്ഥിതിവിശേഷവുമുണ്ട്. തൊഴിലാളികളെയെല്ലാം രക്ഷിച്ച ശേഷം വള്ളങ്ങള്‍ വീണ്ടെടുക്കുമെന്നും അതിനാല്‍ രക്ഷാപ്രവര്‍ത്തകരുമായി ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. 
കനത്തമഴയിലും കാറ്റിലും അരുവിക്കര മണ്ഡലത്തിലെ വിതുരയിലെ ആദിവാസി മേഖലകള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.മരങ്ങളും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീണു ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ച അവസ്ഥയിലായിരുന്നു. വിതുരയിലെ ആദിവാസി മേഖലകളിലും ജേഴ്‌സി ഫാം ബോണക്കാട് റോഡിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കെ. എസ്. ശബരീനാഥന്‍ എം.എല്‍.എ നേതൃത്വം നല്‍കുന്നു. റവന്യൂ, വനം,ഫയര്‍ഫോഴ്‌സ്, പോലീസ് എന്നിവര്‍ സംയുകമായാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
https://www.facebook.com/Malayalivartha

























