ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ഇന്നും നിലയ്ക്കാത്ത മഴ; ഉരുള്‍പൊട്ടലിനും ഭീമന്‍ തിരമാലയ്‌ക്കും സാധ്യത

ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്‌ഥാനത്ത് പെയ്യുന്ന മഴ നിലയ്‌ക്കാതിരുന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം ഉരുള്‍ പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യത. തീരങ്ങളില്‍ ഭീമന്‍ തിരമാല അടിക്കാനിടയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഇടുക്കി, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കാസര്‍ഗോഡ് തുടങ്ങിയ ജില്ലകളില്‍ ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവന്തപുരം ജില്ലയിലെ അമ്പൂരിയില്‍ കഴിഞ്ഞ ദിവസം ചെറിയ തോതില്‍ ഉരുള്‍ പൊട്ടലുണ്ടായിരുന്നു.
കേരളതീരത്തിനു 10 കിലോമീറ്റര്‍ അകലെവരെ കടലില്‍ ഭീമന്‍ തിരമാലയ്‌ക്കു സാധ്യതയുണ്ടെന്നു കാലാവസ്‌ഥാകേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും അറിയിച്ചു. നാലുമീറ്റര്‍ മുതല്‍ ആറ് മീറ്റര്‍ വരെ തിര ഉയര്‍ന്നേക്കാം. തിരുവനന്തപുരം, കൊല്ലം, കൊച്ചി, ആലപ്പുഴ, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ പുലര്‍ച്ചെ 5.30നും, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ രാവിലെ 11.30നും വലിയ തിരമാലയടിക്കുമെന്നാണ് മുന്നറിയിപ്പ്.
24 മണിക്കൂര്‍ കൂടി ശക്‌തമായ കാറ്റും മഴയും തുടരുമെന്നാണ് കാലാവസ്‌ഥ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കേരളം, ലക്ഷദ്വീപ് തീരമേഖലയില്‍ അടുത്ത 24 മണിക്കൂര്‍ കടല്‍ പ്രക്ഷുബ്‌ധമായിരിക്കും. അതിനുശേഷമുള്ള 24 മണിക്കൂര്‍ കര്‍ണാടക തീരമേഖലയിലും കടല്‍ക്ഷോഭമുണ്ടാവും. വേഗം മണിക്കൂറില്‍ 12 കിലോമീറ്ററായി കുറഞ്ഞ ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപിലെത്തി.
മിനിക്കോയിക്ക് 100 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറും അമിനി ദ്വീപിന് 210 കിലോ മീറ്റര്‍ തെക്കുമാണ് ഓഖിയുടെ സ്‌ഥാനമെന്നു കേന്ദ്ര കാലാവസ്‌ഥനിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റിനു വേഗം വര്‍ധിച്ച് ലക്ഷദ്വീപിനോടു കൂടുതല്‍ അടുക്കാനും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha

























