ബ്യൂട്ടിപാര്‍ലര്‍ ജയിലിൽ തന്നെ! കട്ടിപ്പണിയൊന്നും ചെയ്യാന്‍ വയ്യ...സൗന്ദര്യം പോകും; കൃഷിപ്പണി ഏല്‍പ്പിച്ചാല്‍ കാലില്‍ പൊടിയാകും: കൊലക്കേസ് പ്രതി ഷെറിനെ വെയില്‍ കൊള്ളിക്കരുതെന്ന് വിയ്യൂരിലെ ജയില്‍ ഡോക്ടറുടെ കുറിപ്പടി- ജയിൽ ജീവിതം അടിച്ചുപൊളിച്ച് കാരണവര്‍ വധക്കേസ് പ്രതി

ഏറെ കോളിളക്കം സൃഷ്ടിച്ച കാരണവര്‍ വധക്കേസിലെ പ്രതി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിൻ രണ്ടു വർഷം മുമ്പുവരെ തിരുവനന്തപുരം വനിതാ ജയിലിലായിരുന്നു. വിശിഷ്ട വ്യക്തികൾ എത്തുമ്പോൾ താലമേന്തി സ്വീകരിക്കുന്നതു ഷെറിനായിരുന്നു. മൊബൈൽ ഫോൺ വിളി പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിലാണ്.
വനിതാ ജയിലിലെ ചില വനിതാ വാർഡർമാരാണു ഫോൺ വിളിക്ക് ഷെറിന് ഒത്താശ ചെയ്തിരുന്നത്. സിം കാർഡ് ഊരിയ ശേഷം സ്വന്തം മൊബൈൽ ചാർജ് ചെയ്യാൻ ഉദ്യോഗസ്ഥർ ജയിൽ അടുക്കളയിൽ പ്ലഗിൽ കുത്തിവയ്ക്കും. ഷെറിൻ കൈവശമുള്ള സ്വന്തം സിം കാർഡ് അതിലിട്ട് രഹസ്യമായി വേണ്ടപ്പെട്ടവരെയെല്ലാം വിളിക്കും.
ഇത് സ്ഥിരം പരിപാടിയായതോടെ ജയിലിലെ സഹതടവുകാരിയായ ബ്ലൂ ബ്ളാക്മെയിലിങ് കേസിലെ പ്രതി ബിന്ധ്യാസും ഒരു ദിവസം ഫോൺ ചോദിച്ചു. എന്നാൽ ജീവനക്കാർ നൽകിയില്ല. അതോടെ ഷെറിന്റെ ഫോൺവിളി ഉന്നതരുടെ ചെവിയിലെത്തി. മറ്റൊരു തടവുകാരി രേഖാമൂലം പരാതിയും നൽകി. അന്വേഷണം നടത്തി. നെട്ടുകാൽത്തേരി തുറന്ന ജയിലിലെ ഒരു തടവുകാരനെയും മറ്റു ചിലരെയും സ്ഥിരമായി ഷെറിൻ വിളിക്കുന്നതായി കണ്ടെത്തി.
അതൊടൊപ്പം ഫോൺ വിളിക്ക് ഒത്താശ ചെയ്ത മൂന്നു വനിതാ ഉദ്യോഗസ്ഥരുടെ പേരുകൾ സഹിതം നടപടി റിപ്പോർട്ട് മുകളിലോട്ടു പോയി. ശിക്ഷാ നടപടിയുടെ ഭാഗമായി ഷെറിനെ വിയ്യൂർ വനിതാ ജയിലിലേക്കു മാറ്റി. എന്നാൽ ഫോൺ വിളിയുടെ പേരിലായിരുന്നില്ലെന്നു മാത്രം.
ഒപ്പം ഒത്താശ ചെയ്തവർക്കു കിട്ടിയതാണ് ശിക്ഷ. ആ മൂന്നു പേരെ മാറ്റിയത് മൂന്നു കിലോമീറ്റർ മാത്രം അകലെയുള്ള പൂജപ്പുര വനിതാ ഓപ്പൺ ജയിലിലേക്കാണ്. വിയ്യൂരിൽ ഷെറിനു കഠിനജോലിയൊന്നും പറ്റില്ല. വെയിൽ കൊള്ളാൻ വയ്യ. സെല്ലിൽ നിന്നു ജയിൽ ഓഫിസിലേക്കു നടക്കുമ്പോൾ വെയിലു കൊള്ളാതിരിക്കാൻ ഷെറിന് ഇപ്പോൾ ഒരു കുട അനുവദിച്ചിട്ടുണ്ട്.
ജയിൽ ഡോക്ടറുടെ കുറിപ്പടി പ്രകാരമാണിത്. ജയിൽ അടുക്കളയിൽ ജോലിയും നൽകി. എന്നാൽ, ഇപ്പോൾ വനിതാ ഓപ്പൺ ജയിലിൽ ഇവരെ എത്തിക്കണമെന്നാണു ചില ഉന്നത ജയിൽ ഉദ്യോഗസ്ഥരുടെ വാശി. അതിനാൽ വിയ്യൂരിൽ ഇവർ പ്രശ്നക്കാരി എന്നു വരുത്തി മാറ്റാനാണു ശ്രമം. ചുരുങ്ങിയ കാലത്തിനുള്ളിൽ ജയിലിൽ ഏറ്റവും അധികം പരോളും അടിയന്തര പരോളും ലഭിച്ച തടവുകാരി ഷെറിനാണ്.
പരോൾ കാലാവധി തീർന്നിട്ടും മടങ്ങി വരാതിരുന്നാലും ഉദ്യോഗസ്ഥർ നടപടിയെടുക്കില്ല. ഒരു ദിവസം വൈകിപ്പോയ വിയ്യൂരിലെ നിർധനയായ തടവുകാരിക്ക് ഇപ്പോൾ ഒരു വർഷത്തേക്കു പരോൾ നിഷേധിച്ചിരിക്കുകയാണെന്നുമറിയുക. വിഐപി തടവുകാർക്ക് പ്രത്യേക അടുക്കള, ഭക്ഷണം ജയിലിലെ അടുക്കളയിൽ ജോലി ചെയ്യുന്ന ചില തടവുകാർ ജീവനക്കാരുടെ മൗനാനുവാദത്തോടെ പ്രമുഖരുടെ സെല്ലുകളിൽ ഭക്ഷണമെത്തിക്കും.
ഇത്തരം പ്രമുഖർക്കു മറ്റു തടവുകാർക്കൊപ്പം പോയി ഭക്ഷണത്തിനു ക്യൂ നിൽക്കേണ്ട. ലഭിക്കുന്ന ഭക്ഷണം കൂടുതൽ മെച്ചപ്പെട്ടതുമാകും. ശിക്ഷാത്തടവുകാരുടെ സെല്ലുകൾക്കുള്ളിൽ ഒരുവശത്തു ക്ലോസറ്റ് ഉണ്ടാകും. രാത്രിയിൽ അത്യാവശ്യം ഉണ്ടായാൽ ഉപയോഗിക്കാൻ വേണ്ടിയാണത്. പക്ഷേ, സെലിബ്രിറ്റി തടവുകാരുടെ സെല്ലുകളിൽ ഈ ക്ലോസറ്റ് ഉപയോഗിക്കുന്നത് അടുക്കളയായിട്ടാണ്. ക്ലോസറ്റ് നിർമിക്കാൻ ഉയർത്തിക്കെട്ടിയ ഭിത്തിയുടെ ഒരുഭാഗം വൃത്തിയാക്കിയെടുത്ത് അവിടം അടുക്കളയാക്കി മാറ്റുകയാണ്.
അട്ടക്കുളങ്ങര വനിതാ ജയിലിലെ ഫ്രീ ഫാഷനിസ്റ്റായുടെ പ്രധാന ഡിസൈനറാണ് ഷെറിൻ. എന്നും ജയിൽ ഉദ്യോഗസ്ഥർക്ക് ഷെറിനോട് പ്രത്യേക താൽപ്പര്യമുണ്ട്. ഡോക്ടറുടെ നിർദ്ദേശ പ്രകാരം കഠിന ജോലിയൊന്നും കൊടുക്കാതെ പ്രത്യേകം ഈ പ്രതിയെ ശ്രദ്ധിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ ജയിൽ അടുക്കളയിലോ കൃഷിത്തോട്ടത്തിലോ ഷെറിന് ജോലി ചെയ്യേണ്ടിവരുന്നില്ല. ശരീരം അനങ്ങാതെ, പൊടിയും അഴുക്കും ഏൽക്കാതെ , വെയിലു കൊള്ളാതെ അട്ടക്കുളങ്ങരയിൽ സുഖ ജീവിതം.
ഓരോ പരോളിലും സോപ്പും ഷാമ്പും എണ്ണയും അടക്കും ഷെറിൻ പുറത്ത് നിന്ന് എത്തിക്കും. കൂടാതെ ആവിശ്യമുള്ള സാധനങ്ങൾ ഷെറിന് എത്തിയാക്കാനായി സന്ദർശകർ എത്താറുണ്ടന്നെും ചില വനിത വാർഡന്മാർ രഹസ്യമായി സമ്മതിക്കുന്നു. കുളി കഴിഞ്ഞാൽ ഫെയർ ആൻഡ് ലൗവ്ലിയും യാർഡ്സി പൗഡറും പൂശി നടക്കും.
2009 നവംബർ ഏട്ടിന് രാവിലെയാണ് ചെങ്ങന്നൂർ കാരണവേഴ്സ് വില്ലയിൽ ഭാസ്കര കാരണവർ എന്ന 65കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ന്യൂയോർക്കിൽ സ്റ്റോർ കീപ്പറായിരുന്ന കാരണവർ നാട്ടിൽ ഭാര്യയുടെ മരണത്തെ തുടർന്ന് തിരികെയെത്തി വിശ്രമ ജീവിതം നയിക്കുന്നതിനിടെയായിരുന്നു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. മരണം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പൊലീസ് കാരണവരുടെ മകൻ ബിനു പീറ്ററുടെ ഭാര്യ ഷെറിനെ (27) അറസ്റ്റു ചെയ്തു. ഇവർക്കൊപ്പം കൃത്യത്തിൽ പങ്കെടുത്ത മൂന്നുപേർ കൂടിയുണ്ടായിരുന്നു.കുറിച്ചി സചിവോത്തമപുരം കാലായിൽ ബിബീഷ് ബാബു എന്ന ബാസിത് അലി (25), കളമശ്ശേരി ബിനാനിപുരം കുറ്റിനാട്ടുകര നിധിൻ നിലയത്തിൽ നിധിൻ (ഉണ്ണി- 28), കൊച്ചി ഏലൂർ പാതാളം പാലത്തിങ്കൽ ഷാനു റഷീദ് (24) എന്നിവരായിരുന്നു മറ്റു പ്രതികൾ.
നിർദ്ധന കുടുംബത്തിലെ അംഗമായ ഷെറിനെ ഭാസ്കര കാരണവർ മരുമകളാക്കിയത് ബുദ്ധിമാന്ദ്യമുള്ള മകനെ ശുശ്രൂഷിക്കുമെന്നോർത്താണ്. 2001ൽ വിവാഹത്തെ തുടർന്ന് ഷെറിനെയും ബിനുവിനെയും കാരണവർ ന്യൂയോർക്കിലേക്ക് കൊണ്ടുപോയെങ്കിലും മരുമകളുടെ സ്വഭാവദൂഷ്യം കാരണം കൊലപാതകം നടക്കുന്നതിനു മൂന്നു വർഷം മുമ്പ് നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ഭർത്താവിന്റെ പണത്തിൽ ധൂർത്തടിച്ച് നടക്കാനും ഇഷ്ടമുള്ളവർക്കൊപ്പം കഴിയാനുമായിരുന്നു ഷെറിനു താത്പര്യം. മകന്റെ കാര്യത്തിൽ തന്റെ കണക്കു കൂട്ടലുകൾ തെറ്റിയെന്ന് മനസിലാക്കിയ കാരണവർ പ്രവാസി ജീവിതം മതിയാക്കി നാട്ടിലെത്തുകയായിരുന്നു.
ഇതോടെ സ്വൈര്യവിഹാരം നഷ്ടപ്പെട്ട ഷെറിൻ അസ്വസ്ഥയായി. തന്റെ ആവശ്യങ്ങൾക്ക് പണ നിയന്ത്രണം വച്ചപ്പോൾ പക കടുത്തു. സ്വത്ത് വിഹിതം വച്ച ആധാരത്തിൽ നിന്ന് തന്റെ പേര് ഒഴിവാക്കിയെന്ന് അറിഞ്ഞതോടെയാണ് കൊലപാതകം എന്ന രീതിയിൽ കാര്യങ്ങൾ നടത്തിയത്. സുഹൃത്തും കാമുകനുമായ ബാസിത് അലിയെയും ഒപ്പം കൂട്ടി. മോഷണത്തിനിടെ മരണം നടന്നുവെന്ന് കാണിക്കാനുള്ള ഒരുക്കങ്ങൾ നടത്തിയെങ്കിലും അതെല്ലാം പാളിപ്പോയി. കൊലപാതകത്തിനിടെ വീട്ടുകാരെ ചോദ്യം ചെയ്യവേ ഷെറിൻ നൽകിയ മൊഴിയിലെ വൈരുദ്ധ്യമാണ് പ്രതികളെ വേഗം പിടികൂടാൻ സഹായകമായത്.
നാല് പ്രതികൾക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. വിവിധ കുറ്റങ്ങൾക്കായി മൂന്ന് ജീവപര്യന്തമാണ് ഷെറിന് ലഭിച്ചത്. കേസിൽ ശിക്ഷിക്കപ്പെട്ടിട്ടും ഉന്നത ബന്ധങ്ങളുപയോഗിച്ച് തനിക്കാവശ്യമായ സൗകര്യങ്ങളെല്ലാം ജയിലിൽ ഒരുക്കിയെടുക്കുകയായിരുന്നു ഷെറിൻ. ഷെറിൻ പിടിയിലാകുമ്പോൾ മകൾക്ക് നാലു വയസായിരുന്നു.
https://www.facebook.com/Malayalivartha


























